10,000ത്തിലധികം തൊഴിലവസരം! ടെക്‌നോപാര്‍ക്കിലെ ആദ്യ ട്വിന്‍ ടവര്‍ വരുന്നു, ₹850 കോടിയുടെ പദ്ധതിയുമായി യു.എ.ഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്

3.5 ഏക്കര്‍ സ്ഥലത്താണ് മെറിഡിയന്‍ ടെക് പാര്‍ക്ക് എന്ന പേരിലുള്ള ലോകോത്തര ഐടി/ഐടി അധിഷ്ഠിത പദ്ധതി ഉയരുന്നത്
Technopark Thiruvananthapuram and the upcoming Meridian Techpark, showcasing modern and eco-friendly architecture
facebook / P Rajeev, Technopark
Published on

ടെക്‌നോപാര്‍ക്ക് ഫേസ്-3-ല്‍ 850 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ ആസ്ഥാനമായ അല്‍ മര്‍സൂക്കി ഗ്രൂപ്പ്. 3.5 ഏക്കര്‍ സ്ഥലത്താണ് മെറിഡിയന്‍ ടെക് പാര്‍ക്ക് എന്ന പേരിലുള്ള ലോകോത്തര ഐടി/ഐടി അധിഷ്ഠിത പദ്ധതി ഉയരുന്നത്. ടെക്‌നോപാര്‍ക്കിലെ ആദ്യ ട്വിന്‍ ടവറാണിത് .

പദ്ധതിയുടെ ലെറ്റര്‍ ഓഫ് ഇന്റന്റ് (എല്‍ഒഐ) വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ അല്‍ മര്‍സൂക്കി ടെക് പാര്‍ക്ക് സി.ഇ.ഒ അജീഷ് ബാലദേവനും ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായരും (റിട്ട.) തമ്മില്‍ കൈമാറി. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഐടി സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു എന്നിവര്‍ സംബന്ധിച്ചു.

നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതിയായ മെറിഡിയന്‍ ടെക് പാര്‍ക്ക് ട്വിന്‍ ടവര്‍ 10,000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പദ്ധതി ഇന്ത്യയുടെ ഐടി-ഐടി അധിഷ്ഠിത തൊഴില്‍ മേഖലയില്‍ സുസ്ഥിരവും ഭാവിക്ക് അനുയോജ്യവുമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പുതിയ മാനദണ്ഡം സ്ഥാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ രണ്ട് ടവറുകളിലും 4,000-5,000 സീറ്റുകള്‍ വീതം ശേഷിയുണ്ടായിരിക്കും.

വലിയ മാറ്റം പ്രകടമെന്ന് മന്ത്രി

കേരളത്തിലെ വ്യാവസായിക, നിക്ഷേപ മേഖലകളില്‍ വലിയ മാറ്റം പ്രകടമാണെന്ന് മന്ത്രി പറഞ്ഞു. വിജ്ഞാന സമ്പദ് വ്യവസ്ഥയെന്ന നിലയിലുള്ള കേരളത്തിന്റെ വളര്‍ച്ചയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് മെറിഡിയന്‍ ടെക് പാര്‍ക്ക് ട്വിന്‍ ടവര്‍ പദ്ധതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വളര്‍ന്നുവരുന്ന വിജ്ഞാന സമ്പദ്വ്യവസ്ഥയില്‍ നിക്ഷേപിക്കാന്‍ പ്രധാന വിദേശ നിക്ഷേപകര്‍ താല്‍പ്പര്യപ്പെടുന്നു എന്ന വസ്തുതയിലേക്ക് അല്‍ മര്‍സൂക്കിയുടെ പദ്ധതി വിരല്‍ ചൂണ്ടുന്നു. ഈ മാതൃകയിലുള്ള നിരവധി നിക്ഷേപ പദ്ധതികള്‍ ആഗോള നിക്ഷേപ ഉച്ചകോടിക്കു ശേഷം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വരുന്നുണ്ട്. ഏതെങ്കിലും ചില നഗരങ്ങളെയോ പ്രദേശങ്ങളെയോ മാത്രം കേന്ദ്രീകരിച്ചല്ല സംസ്ഥാനത്ത് വ്യവസായ നിക്ഷേപ പദ്ധതികള്‍ വരുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര, ഗ്രാമീണ സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നതിന് സഹായമാണ് ഇത്തരം പദ്ധതികള്‍. അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര വ്യവസായ നയം, നൈപുണ്യശേഷിയുള്ള തൊഴില്‍സമൂഹം, ഇന്നൊവേഷന്‍ എന്നിവയാണ് സംസ്ഥാനത്തെ മുന്നോട്ടുനയിക്കുന്ന നിര്‍ണായക ഘടകങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അല്‍ മര്‍സൂക്കി ഗ്രൂപ്പ്

മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ മര്‍സൂക്കിയുടെ നേതൃത്വത്തില്‍ യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് കൂട്ടായ്മയാണ് അല്‍ മര്‍സൂക്കി ഗ്രൂപ്പ്. ജി.സി.സിയിലും അന്താരാഷ്ട്ര വിപണികളിലും ശക്തമായ സാന്നിധ്യമുള്ള അല്‍ മര്‍സൂക്കി ഗ്രൂപ്പ് കേരളത്തിനും യു.എ.ഇക്കും ഇടയിലുള്ള വ്യാപാര, നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, വ്യോമയാനം, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക്‌സ് ഐടി-ഐടി അധിഷ്ഠിത സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അല്‍ മര്‍സൂക്കിയുടെ ഇന്ത്യയുമായുള്ള ബന്ധം 1971 മുതല്‍ ആരംഭിച്ചതാണ്. സമുദ്ര വ്യാപാരത്തിലൂടെ പതിറ്റാണ്ടുകളായി ഇത് തുടരുന്നു.

എ.ഐ ലാബുകള്‍ വരും

ഗൗഡേ സൊല്യൂഷന്‍സിന്റെ സംയോജിത എഐ ലബോറട്ടറി ടെക് പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. ഉയര്‍ന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗ് റിസോഴ്‌സസ്, മെഷീന്‍ ലേണിംഗിനുള്ള ജിപിയു ക്ലസ്റ്ററുകള്‍, സ്‌കെയിലബിള്‍ കമ്പ്യൂട്ടേഷണല്‍ കപ്പാസിറ്റി, മുന്‍കൂട്ടി കോണ്‍ഫിഗര്‍ ചെയ്ത വികസന പരിതസ്ഥിതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഗൗഡേയുടെ എഐ ലാബ് മോഡല്‍ ചെറിയ കമ്പനികള്‍ക്ക് പോലും എഐ കഴിവുകള്‍ പ്രയോജനപ്പെടുത്താനും, മെഷീന്‍ ലേണിംഗ് ആപ്ലിക്കേഷനുകളില്‍ പരീക്ഷണം നടത്താനും സാധിക്കും. വലിയ പണച്ചെലവില്ലാതെയുള്ള നവീകരണവും ഇത് പ്രാപ്തമാക്കും. പരമ്പരാഗത ഡാറ്റാ സെന്റര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള പ്ലാങ്ക് ബ്രസീലിന്റെ മോഡുലാര്‍ ഡാറ്റാ സെന്റര്‍ സൊല്യൂഷനുകളും ട്വിന്‍ ടവറില്‍ ഉണ്ടായിരിക്കും.

മെറിഡിയന്‍ ടെക് പാര്‍ക്ക് ഒരു ഓഫീസ് എന്നതിലുപരി ആഗോള സാങ്കേതിക വിപണിയിലെ കേരളത്തിന്റെ നവീകരണം, സാങ്കേതികവിദ്യ, ബിസിനസ്സ് എന്നിവ ഒത്തുചേരുന്ന ആവാസവ്യവസ്ഥയായിട്ടാണ് വിഭാവനം ചെയ്യുന്നത്. പ്രത്യേക അടിസ്ഥാന സൗകര്യങ്ങളും വ്യവസായ-നിര്‍ദ്ദിഷ്ട പ്ലഗ്-ആന്‍ഡ്-പ്ലേ സൗകര്യങ്ങളും, സുസ്ഥിരതയും ഉള്‍ച്ചേര്‍ത്ത സാങ്കേതിക പ്രവര്‍ത്തനങ്ങളെ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. യുഎഇയിലേക്കും മറ്റ് ആഗോള വിപണികളിലേക്കും മെറിഡിയന്‍ ടെക് പാര്‍ക്ക് നേരിട്ട് പ്രവേശനം നല്‍കും.

UAE’s Al Marzooqi Group is set to power Kerala’s tech future with a ₹850-crore infrastructure project at Technopark Phase-3.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com