നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍ ഫെബ്രുവരി 19

1. അമിതാഭ് ബച്ചനും ശ്രീശ്രീയും കൊച്ചിയിലേക്ക്...ആഗോള പരസ്യസംഗമം വരുന്നു

പരസ്യരംഗത്തെ രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ അഡൈ്വര്‍ടൈസിംഗ് അസോസിയേഷന്റെ (ഐ.എ.എ) ലോക ഉച്ചകോടി 20 മുതല്‍ 22 വരെ ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംഗമത്തില്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള 40ഓളം പ്രഭാഷകര്‍ സംസാരിക്കും. അമിതാഭ് ബച്ചന്‍, ശ്രീശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

2. റിസര്‍വ് ബാങ്ക് സര്‍ക്കാരിന് 28,000 കോടി രൂപ നല്‍കും

റിസര്‍വ് ബാങ്ക് ഇടക്കാല ലാഭവിഹിതമായി 28,000 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കും. സര്‍ക്കാരിന് കമ്മി കുറയ്ക്കാന്‍ ഇത് സഹായകമാകും. ഡിസംബര്‍ 31 വരെയുള്ള ആറ് മാസത്തെ വിഹിതമാണിതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പങ്കെടുത്ത ബോര്‍ഡ് യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് പറഞ്ഞു. സെക്ഷന്‍ 47 പ്രകാരമാണ് ബാങ്കിന്റെ ആവശ്യങ്ങള്‍ക്ക് ശേഷമുള്ള ലാഭത്തുക റിസര്‍വ് ബാങ്ക് സര്‍ക്കാരിന് കൈമാറുന്നത്.

3. ബാങ്കുകള്‍ പലിശ കുറയ്ക്കണം:ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു

റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പലിശയിളവ് ജനങ്ങള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ തയാറാകാത്ത സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു. റിസര്‍വ് ബാങ്ക് 0.25 ശതമാനം പലിശനിരക്ക് കുറച്ചിരുന്നെങ്കിലും വളരെ ചുരുക്കം ബാങ്കുകള്‍ മാത്രമേ ചെറിയ ഇളവെങ്കിലും വരുത്തിയിട്ടുള്ളു.

4. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങള്‍ ലേലത്തിന്

രാജ്യത്തെ ആറ് നോണ്‍ മെട്രോ വിമാനത്താവളങ്ങളെ ലേലം ചെയ്യാനുള്ള എയര്‍പോര്‍ട്ട് അതോറിറ്റ് ഓഫ് ഇന്ത്യയുടെ നടപടിയില്‍ പങ്കെടുക്കാന്‍ 10 പ്രമുഖ കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചു. അദാനി എന്റര്‍പ്രൈസ്, ജിഎംആര്‍ എയര്‍പോര്‍ട്ട്‌സ് തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.

5. 5ജി ട്രയലിന് സാമ്പത്തിക സഹായം നല്‍കണമെന്ന് ടെലികോം കമ്പനികള്‍

രാജ്യത്ത് 5ജി ട്രയല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായവും അതിന് ആവശ്യമായ സംവിധാനങ്ങളും ഒരുക്കിത്തരണം എന്ന് ആവശ്യപ്പെട്ട് സെല്ലുലാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍, ജിയോ എന്നീ ടെലികോം കമ്പനികളും ഉപകരണ നിര്‍മ്മാതാക്കളായ എറിക്‌സണ്‍, സിസ്‌കോ, ഹുവാവേ തുടങ്ങിയ കമ്പനികളുമാണ് ഈ സംഘടനയിലെ അംഗങ്ങള്‍.

Related Articles
Next Story
Videos
Share it