₹2,500 കോടിയുടെ നിക്ഷേപവുമായി കേരള കമ്പനി ആന്ധ്രയിലേക്ക്, 500 ഏക്കറില്‍ എ.ഐ അക്വാപാര്‍ക്ക്, ഒരുങ്ങുക 10,000ത്തിലധികം തൊഴിലവസരങ്ങള്‍

മൂന്നാം വര്‍ഷം മുതല്‍ പ്രതിവര്‍ഷം 2,000 കോടി രൂപയുടെ നേരിട്ടുള്ള കയറ്റുമതിയും 20,000 കോടി രൂപയുടെ പരോക്ഷ കയറ്റുമതിയും ഈ പാര്‍ക്കില്‍ നിന്ന് പ്രതീക്ഷിക്കുന്നു
₹2,500 കോടിയുടെ നിക്ഷേപവുമായി കേരള കമ്പനി ആന്ധ്രയിലേക്ക്, 500 ഏക്കറില്‍ എ.ഐ അക്വാപാര്‍ക്ക്, ഒരുങ്ങുക 10,000ത്തിലധികം തൊഴിലവസരങ്ങള്‍
Published on

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മത്സ്യക്കൃഷി, സമുദ്രോത്പന്ന കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (Kings Infra Ventures) ലിമിറ്റഡ് ആന്ധ്രാപ്രദേശ് സര്‍ക്കാരുമായി സുപ്രധാനമായ കരാര്‍ (MoU) ഒപ്പുവെച്ചു. 2,500 കോടി രൂപ നിക്ഷേപത്തില്‍, 500 ഏക്കറില്‍ കിംഗ്‌സ് മാരിടൈം അക്വാകള്‍ച്ചര്‍ ടെക്നോളജി പാര്‍ക്ക് (Kings Maritime Aquaculture Technology Park) സ്ഥാപിക്കുന്നതിനാണ് കരാര്‍.

വിശാഖപട്ടണത്തിന് അടുത്തുള്ള ശ്രീകാകുളത്താണ് രാജ്യത്തെ ആദ്യത്തെ പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) നിയന്ത്രിത അക്വാകള്‍ച്ചര്‍ കേന്ദ്രം ഒരുങ്ങുന്നത്. ഈ പദ്ധതിയിലൂടെ 1,500 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

സാങ്കേതികവിദ്യയുടെ കരുത്തില്‍ മത്സ്യകൃഷി

ഇന്ത്യന്‍ ബ്ലൂ ഇക്കണോമിക്ക് (Blue Economy) പുതിയ ഊര്‍ജ്ജം പകരുന്നതാണ് കിംഗ്‌സ് ഇന്‍ഫ്രായുടെ ഈ സംരംഭം. മൊത്തം നിക്ഷേപമായ 2,500 കോടി രൂപയില്‍ 500 കോടി രൂപ കിംഗ്‌സ് ഇന്‍ഫ്രായും നിക്ഷേപകരും ചേര്‍ന്നാണ് കോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗവേഷണ സൗകര്യങ്ങള്‍ എന്നിവയ്ക്കായി നേരിട്ട് ചെലവഴിക്കുക. അനുബന്ധ വ്യവസായങ്ങളിലൂടെ 2,000 കോടി രൂപയുടെ കൂടി നിക്ഷേപം എത്തുമെന്നാണ് കണക്കാക്കുന്നത്.

കിംഗ്‌സ് ഇന്‍ഫ്രായുടെ തന്നെ എ.ഐ.ഓപ്പറേറ്റിംഗ് സിസ്റ്റമായ ബ്ലൂടെക്ഒഎസ് (BlueTechOS)ഉപയോഗിച്ചാണ് മുഴുവന്‍ സംവിധാനങ്ങളും നിയന്ത്രിക്കുക. വെള്ളത്തിന്റെ ഗുണനിലവാരം തത്സമയം വിശകലനം ചെയ്യാനും രോഗബാധ മുന്നറിയിപ്പുകള്‍ നല്‍കാനും, ഓട്ടോമേറ്റഡ് ആയി തീറ്റ നല്‍കാനും ഈ സാങ്കേതികവിദ്യ സഹായിക്കും.

2,000 കോടി രൂപയുടെ നേരിട്ടുള്ള കയറ്റുമതി

വര്‍ഷം മുഴുവനും ഉത്പാദനം ഉറപ്പാക്കാന്‍ സാധിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. വൈവിധ്യമാര്‍ന്ന കയറ്റുമതി സാധ്യമാക്കാനായി വനാമി, ബ്ലാക്ക് ടൈഗര്‍ ഇനങ്ങളിലുള്ള ചെമ്മീനുകള്‍ക്ക് പുറമെ , സീബാസ്, ഗ്രൂപ്പര്‍, തിലാപ്പിയ, ചെളി ഞണ്ട് (mud crab) , തിരഞ്ഞെടുത്ത ശുദ്ധജല, സമുദ്ര മത്സ്യയിനങ്ങള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യും.

മൂന്നാം വര്‍ഷം മുതല്‍ പ്രതിവര്‍ഷം 2,000 കോടി രൂപയുടെ നേരിട്ടുള്ള കയറ്റുമതിയും 20,000 കോടി രൂപയുടെ പരോക്ഷ കയറ്റുമതിയും ഈ പാര്‍ക്കില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

മാത്രമല്ല, ഇവിടെ ഒരു പ്രത്യേക മറൈന്‍ ന്യൂട്രസ്യൂട്ടിക്കല്‍ & ബയോ-ആക്ടിവ്‌സ് യൂണിറ്റ് പ്രവര്‍ത്തിക്കും. മാലിന്യമായി വരുന്ന ജൈവവസ്തുക്കളെ (biomass) ആസ്താക്‌സാന്തിന്‍, ഒമേഗ-3 ഓയിലുകള്‍, മറൈന്‍ കൊളാജന്‍ , കടല്‍പ്പായല്‍ അധിഷ്ഠിത ബയോ-ആക്റ്റീവുകള്‍ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള ചേരുവകളാക്കി മാറ്റും.

സ്മാര്‍ട്ടും സുസ്ഥിരവുമായ അക്വാകള്‍ച്ചറിന്റെ ആഗോള മാതൃകയായിട്ടാണ് ഇത് വിഭാവനം ചെയ്യുന്നതെന്ന് കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാജി ബേബി ജോണ്‍ പറഞ്ഞു. എ.ഐ., ബയോടെക്‌നോളജി, ഓട്ടോമേഷന്‍ എന്നിവ സംയോജിപ്പിച്ച് ലോകത്തിലെ ഏറ്റവും നൂതനമായ അക്വാകള്‍ച്ചര്‍ പ്ലാറ്റ്ഫോം ഇന്ത്യയില്‍ കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്വാകള്‍ച്ചര്‍ രംഗത്ത് 5,000 പ്രൊഫഷണലുകള്‍ക്ക് പരിശീലനം നല്‍കാനായി സ്‌കില്‍ ആന്‍ഡ് ഇന്നൊവേഷന്‍ സെന്ററും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഏക ജാലക ക്ലിയറന്‍സ് ഉറപ്പാക്കുമെന്നും ആന്ധ്രാപ്രദേശ് എം.എസ്.എം.ഇ. മന്ത്രി കൊണ്ടപ്പള്ളി ശ്രീനിവാസ ഉറപ്പുനല്‍കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com