കേരളത്തില്‍ നിന്ന് ഒരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്; ലിസ്റ്റിംഗ് എസ്.എം.ഇ വിഭാഗത്തില്‍

പുതു ഓഹരികളുടെ വില്‍പ്പന വഴി 10.66 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യം
കേരളത്തില്‍ നിന്ന് ഒരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്; ലിസ്റ്റിംഗ് എസ്.എം.ഇ വിഭാഗത്തില്‍
Published on

കേരളത്തില്‍ നിന്ന് പ്രാരംഭ ഓഹരി വില്‍പ്പന (Initial Public Offer/IPO) വഴി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്ന കമ്പനികളുടെ എണ്ണം കൂടുകയാണ്. പാലക്കാട് നെമ്മാറ ആസ്ഥാനമായ മാക്‌സ് സുപ്രീം ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ് ആണ് ഈ രംഗത്തേക്ക് പുതുതായി കാല്‍വയ്ക്കുന്നത്. ബി.എസ്.ഇ എസ്.എം.ഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ച് എക്‌സ്‌ചേഞ്ചിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി.

മൊത്തം 17.20 ലക്ഷം പുതു ഓഹരികള്‍ (Fresh Issue) വഴി 10.66 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ബി.എസ്.ഇയില്‍ സമര്‍പ്പിച്ച ഡി.ആര്‍.എച്ച്.പി വ്യക്തമാക്കുന്നു. 10 രൂപ മുഖ വിലയുള്ള ഓഹരി ഒന്നിന് 62 രൂപ പ്രകാരമായിരിക്കും വില്‍പ്പന. അതായത് മുഖവിലയേക്കാള്‍ 52 രൂപ അധികം.

മൊത്തം ഓഹരികളില്‍ 54.56 ലക്ഷം രൂപ മൂല്യ വരുന്ന 88,000 ഓഹരികള്‍ സ്ഥാപന നിക്ഷേപകര്‍ക്കായി നീക്കി വച്ചിട്ടുണ്ട്. ബാക്കി 10.1 കോടി രൂപ മൂല്യം വരുന്ന 16.32 ലക്ഷം ഓഹരികളാണ് പൊതു നിക്ഷേപകര്‍ക്കായി ലഭ്യമാകുക. കമ്പനിയുടെ മൊത്തം ഓഹരികളുടെ 30.07 ശതമാനമാണ് ഐ.പി.ഒ വഴി വിറ്റഴിക്കുന്നത്.

SAJU MOHAN, MAX SUPREME TEXTILES
സാജു മോഹന്‍

മാക്‌സ് സുപ്രീം ടെക്‌സ്റ്റൈല്‍സിനെ കുറിച്ച്

പാലക്കാട് നെന്മാറ സ്വദേശിയായ സാജു മോഹനാണ് മാക്‌സ് സുപ്രീം ടെക്‌സ്റ്റൈല്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍. 1997ല്‍ ബംഗളൂരു ആസ്ഥാനമായി വാടക വീട്ടിലെ ഒറ്റ മുറിയിലാണ് സാജു മോഹന്റെ സംരംഭക യാത്രക്ക് തുടക്കമാകുന്നത്. 2013ല്‍ കേരളത്തില്‍ ആദ്യ സംരംഭം ആരംഭിച്ചു. ബാഗ് നിര്‍മാണത്തിനാവശ്യമായ സ്ട്രാപ്പ്, ഇലാസ്റ്റിക് തുടങ്ങി വ്യത്യസ്തമായ ഉത്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കിയിരുന്ന കമ്പനിക്ക് രണ്ട് യൂണിറ്റുകളുണ്ട്.

പിന്നീട് 2021 ജനുവരിയിലാണ് മാക്‌സ് സുപ്രീം ടെക്‌സ്റ്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തുടങ്ങുന്നത്. വിദേശത്തുനിന്ന് ഓര്‍ഡറുകള്‍ ലഭിച്ചതോടെ വിദേശ നിര്‍മിത യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്ത് യൂണിറ്റ് വിപുലീകരിച്ചു. ഇന്ന് അമേരിക്ക, യൂറോപ്പ്, ചൈന, വിയറ്റ്നാം, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കു പുറമെ ഇന്ത്യ ഒട്ടാകെ മാക്സ് സുപ്രീം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നു. 2024 കമ്പനിയുടെ പേര് മാക്‌സ് സുപ്രീം ടെക്‌സ്റ്റൈല്‍ ലിമിറ്റഡ് എന്നാക്കി.

ഭാര്യ ജ്യോതി കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറാണ്. ബിജു ഉതുപ്പ് അഡീഷണല്‍ ഡയറക്ടറുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.26 കോടി രൂപയാണ് കമ്പനിയുടെ ലാഭം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com