കേരളം ആസ്ഥാനമായ ഐ.ബി.എസ് സോഫ്റ്റ്‌വെയറില്‍ 3,700 കോടി രൂപയുടെ നിക്ഷേപവുമായി എപാക്‌സ്

മലയാളിയായ വി.കെ മാത്യൂസിന്റെ ഉടമസ്ഥതയിലുള്ള ഐ.ബി.എസ് സോഫ്റ്റ്‌വെയറില്‍ 45 കോടി ഡോളറിന്റെ (3,700 കോടി രൂപ) ഓഹരികള്‍ സ്വന്തമാക്കി ലണ്ടനിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ എപാക്‌സ് ഫണ്ട്‌സ്. പ്രമുഖ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിന് ഐ.ബി.എസിലുണ്ടായിരുന്ന ഓഹരികളാണ് എപാക്‌സ് ഫണ്ട്‌സ് കരസ്ഥമാക്കിയത്. എത്ര ശതമാനം ഓഹരികളാണ് എപാക്‌സ് സ്വന്തമാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇടപാടിനു ശേഷവും മുഖ്യ ഓഹരി പങ്കാളിയായി ഐ.ബി.എസിന്റെ സ്ഥാപകന്‍ വി.കെ മാത്യൂസ് തുടരും. 2015 ലാണ് ബ്ലാക്ക്‌സ്റ്റോണ്‍ ഐ.ബി.എസ് സോഫ്റ്റ്‌വെയറിന്റെ 30 ശതമാനം ഓഹരികള്‍ 17 കോടി ഡോളറിന് സ്വന്തമാക്കുന്നത്.
1997 ല്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സ്ഥാപിതമായ കമ്പനിയാണ് ഐ.ബി.എസ് സോഫ്റ്റ്‌വെയര്‍. ലോജിസ്റ്റിക്‌സ്, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, ടൂര്‍, ക്രൂയ്‌സ് സ്‌പേസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍ക്ക് സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ (Saas/software-as-a-service) നല്‍കി വരുന്നു. ഐ.ബി.എസ് സോഫ്റ്റ്‌വെയറിന് ലോകത്തെമ്പാടുമായി 4,000 ത്തോളം ജീവനക്കാരുണ്ട്. യു.എസ്, കാനഡ, ഓസ്‌ട്രേലിയ, ദുബൈ, ജപ്പാന്‍, സൗത്ത് കൊറിയ, യു.കെ എന്നിവിടങ്ങളില്‍ ഓഫീസുകളും ചെന്നൈ, കൊച്ചി, ബാംഗളൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആര്‍ ആന്‍ഡ് ഡി വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു.
ഡിജിറ്റല്‍ ലോകത്തേക്ക് മാറികൊണ്ടിരിക്കുന്ന ട്രാവല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തെ പരിവര്‍ത്തനം ചെയ്യാന്‍ എപാക്‌സുമായുള്ള സഹകരണം സഹായിക്കുമെന്ന് ഐ.ബി.എസ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ് പറഞ്ഞു. ട്രാവല്‍ മേഖലയില്‍ അതിവേഗം ഡിജിറ്റലൈസേഷന്‍ നടക്കുന്ന ഇക്കാലത്ത് ഉപയോക്താക്കള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനും കാര്യക്ഷമമായി മുന്നോറാനും സഹായിക്കുന്നതില്‍ കമ്പനിക്ക് പ്രധാനപ്പെട്ട പങ്കുവഹിക്കാനുണ്ടെന്നും എപാക്‌സിന്റെ ഈ രംഗത്തെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയം ഇതിന് മുതല്‍കൂട്ടാകുമെന്നും ഐ.ബി.എസ്.സോഫ്റ്റ്‌വെയര്‍ സി.ഇ.ഒ ആനന്ദ് കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ട്രാവല്‍, ലോജിസ്റ്റിക്‌സ്‌ മേഖലയിലെ ലോകോത്തര കമ്പനിയായ ഐ.ബി.എസുമായുള്ള പങ്കാളിത്തം ആവേശകരമാണെന്ന് എപാക്‌സ് പാര്‍ട്ണര്‍ ജേസണ്‍ റൈറ്റ് പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ സസൂക്ഷ്മം നിരീക്ഷണം നടത്തി വരികയാണെന്നും ഈ മേഖലയിലെ കമ്പനികള്‍ക്ക് നെക്‌സ്റ്റ് ജനറേഷന്‍ സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കിവരുന്നതില്‍ അതുല്യ സ്ഥാനമാണ് ഐ.ബി.എസിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Articles
Next Story
Videos
Share it