PC Musthafa, Chairman & Global CEO, ID Fresh

മലയാളിക്കമ്പനിയായ ഐഡി ഫ്രഷിന് 'രുചിയേറും'; ₹1300 കോടിയുടെ നിക്ഷേപവുമായി ബ്രിട്ടീഷ് കമ്പനി

ഐഡി ഫ്രഷിന്റെ 25 ശതമാനം ഓഹരികള്‍ അപാക്‌സ് പാര്‍ട്‌ണേഴ്‌സ് സ്വന്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍
Published on

റെഡി-ടു-കുക്ക് ഭക്ഷണവിപണിയിലെ മുന്‍നിരക്കാരായ ഐഡി ഫ്രഷ് ഫുഡില്‍ (iD Fresh Food) വന്‍ നിക്ഷേപവുമായി ബ്രിട്ടീഷ്‌ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപാക്‌സ്‌ പാര്‍ട്‌ണേഴ്‌സ് (Apax Partners). ഏകദേശം 1,300 കോടി രൂപ നിക്ഷേപിച്ച് ഐഡി ഫ്രഷിന്റെ 25 ശതമാനം ഓഹരികള്‍ അപാക്‌സ്‌ സ്വന്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കനത്ത മത്സരം മറികടന്ന്

ഐഡി ഫ്രഷിന്റെ ഓഹരികള്‍ക്കായി കാര്‍ലൈല്‍ (Carlyle), കേദാര (Kedaara), പെര്‍മിറ (Permira), ക്രിസ് ക്യാപിറ്റല്‍ (ChrysCapital) തുടങ്ങിയ പ്രമുഖ നിക്ഷേപകര്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും അപാക്‌സ്‌ പാര്‍ട്‌ണേഴ്‌സ് ഇവരെ പിന്തള്ളുകയായിരുന്നു. ഏകദേശം 4,300 കോടി രൂപ മൂല്യം കണക്കാക്കിയാണ് കരാര്‍ അന്തിമമാക്കിയിരിക്കുന്നതെന്നാണ് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇന്ത്യയിലെ ഉപഭോക്തൃ ഉല്‍പ്പന്ന മേഖലയില്‍ അപാക്‌സ്‌ നടത്തുന്ന ആദ്യത്തെ പ്രധാന നിക്ഷേപങ്ങളില്‍ ഒന്നാണിത്.

2007 മുതല്‍ ഇന്ത്യയില്‍ സജീവമായ അപാക്‌സ്‌ പാര്‍ട്‌ണേഴ്‌സ് ഇതുവരെ 3.6 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. അപ്പോളോ ഹോസ്പിറ്റല്‍സ്, ഐബിഎസ് സോഫ്റ്റ്വെയര്‍, ഇന്‍ഫോഗെയിന്‍ തുടങ്ങിയ പ്രമുഖ കമ്പനികളില്‍ നിക്ഷേപമിറക്കിയിട്ടുണ്ട്.

ലക്ഷ്യം ആഗോള വിപണി

മലയാളി സംരംഭകനായ പി.സി. മുസ്തഫയും സുഹൃത്തുക്കളും ചേര്‍ന്ന് ബെംഗളൂരുവിലെ ഒരു ചെറിയ കടയില്‍ നിന്ന് തുടങ്ങിയതാണ് ഐഡി ഫ്രഷ്. വയനാട്ടിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് വളര്‍ന്ന്, ഐടി ജോലി ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് ഇറങ്ങിയ വ്യക്തിയാണ് പി.സി. മുസ്തഫ. നിലവില്‍ ദക്ഷിണേന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമുള്ള കമ്പനി, പുതിയ മൂലധന നിക്ഷേപത്തിലൂടെ വടക്കേന്ത്യന്‍ വിപണിയിലേക്കും യൂറോപ്പ്, അമേരിക്ക തുടങ്ങിയ വിദേശ വിപണികളിലേക്കും പ്രവര്‍ത്തനം വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ നിക്ഷേപത്തോടെ ഐഡി ഫ്രഷിന്റെ വിപണി മൂല്യം വലിയ തോതില്‍ ഉയരും. ഹെലിയോണ്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, പ്രേംജി ഇന്‍വെസ്റ്റ് തുടങ്ങിയ പ്രമുഖര്‍ നേരത്തെ തന്നെ ഐഡി ഫ്രഷില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഐപിഒ ലക്ഷ്യമിട്ട് നേതൃമാറ്റം

2027-ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി ഐഡി ഫ്രഷ് അടുത്തിടെ ചില നേതൃമാറ്റങ്ങളും വരുത്തിയിരുന്നു. സഹസ്ഥാപകനായ അബ്ദുല്‍ നസീറിനെ കോ-ചെയര്‍മാനായും, ഗ്ലോബല്‍ സിഎഫ്ഒ ആയ ജയ്പാല്‍ സിംഗാളിനെ വൈസ് ചെയര്‍മാനായും ഉയര്‍ത്തി.

രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (RoC) രേഖകള്‍ പ്രകാരം 2025 സാമ്പത്തിക വര്‍ഷത്തില്‍ ഐഡി ഫ്രഷിന്റെ വരുമാനം 22 ശതമാനം വര്‍ധിച്ച് 681.38 കോടി രൂപയിലെത്തി. 2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ലാഭത്തിലേക്ക് ചുവടുവെച്ചിരുന്നു.

വളരുന്ന ഭക്ഷ്യവിപണി

പ്രീമിയം ഭക്ഷണ ഉല്‍പ്പന്നങ്ങളോടുള്ള ഇന്ത്യന്‍ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന താല്പര്യമാണ് ഈ വന്‍ നിക്ഷേപത്തിന് പിന്നിലെ പ്രധാന ഘടകം. 2025-ലെ കണക്കുകള്‍ പ്രകാരം ഉപഭോക്തൃ മേഖലയിലെ ഇടപാടുകളില്‍ ഭൂരിഭാഗവും (75 ശതമാനത്തോളം) ഭക്ഷ്യവിപണിയിലാണ് നടന്നിരിക്കുന്നതെന്ന് നിക്ഷേപ ബാങ്കായ ഇക്വിറസ് ക്യാപിറ്റലിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2025 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മാത്രം 21,200 കോടി രൂപയുടെ 115 ഇടപാടുകളാണ് നടന്നത്.

മായം കലരാത്ത, പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിക്കുന്നു എന്ന ബ്രാന്‍ഡ് ഇമേജ് ഐഡി ഫ്രഷിന് ഈ മേഖലയില്‍ വലിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. കേവലം മാവ് വില്‍പ്പനയില്‍ ഒതുങ്ങാതെ പൊറോട്ട, ചപ്പാത്തി, കോഫി, തൈര്, പനീര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളിലേക്കും കമ്പനി ചുവടുവെച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com