പപ്പടത്തില്‍ ഉഴുന്നോ മൈദയോ കൂടുതല്‍, ഇനി അതറിയാനും ആപ്പ്

വില വര്‍ധന മൂലം പപ്പടത്തില്‍ ഉഴുന്നിനു പകരം മൈദ ഉപയോഗിക്കുന്നത് വ്യാപകമാകുന്നു എന്ന പരാതിയെ തുടര്‍ന്ന് ഇത് കണ്ടെത്താന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുകയാണ് മുവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള പപ്പടം മാനുഫാക്‌ചെറേഴ്‌സ് അസോസിയേഷന്‍ (കെ.പി.എം.എ).

സംഘടിത മേഖലയില്‍ സംസ്ഥാനത്തെ 1500ല്‍പ്പരം കമ്പനികളില്‍ 700ല്‍ അധികം കമ്പനികള്‍ അസോസിയേഷനില്‍ അംഗത്വം എടുത്തതായി കെ.പി.എം.എ ജനറല്‍ സെക്രട്ടറി വിനീത് പ്രാരത്ത് പറഞ്ഞു. ഉഴുന്നിന് കിലോയ്ക്ക് 140 രൂപ വിലയുള്ളപ്പോള്‍ മൈദയ്ക്ക് കിലോ 40 രൂപയാണ്. ഇത് കാരണമാണ് പപ്പടം നിര്‍മാതാക്കള്‍ ഉഴുന്നിന് പകരം മൈദ ഉപയോഗിക്കുന്നത്. പല നിര്‍മാതാക്കളും പപ്പടത്തിലെ ഉള്ളടക്കവും അളവും കവറില്‍ വെളിപ്പെടുത്താറില്ല. മൈദയുള്ള പപ്പടം കഴിക്കുന്നവര്‍ക്ക് ഉദര സംബന്ധമായ പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്.
മുദ്ര മൊബൈല്‍ ആപ്പ്
മുദ്ര എന്ന് പേരില്‍ പുറത്തിറക്കുന്ന മൊബൈല്‍ ആപ്പ് പപ്പടം നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാകുമെന്ന് വിനീത് അഭിപ്രായപ്പെട്ടു. കവറില്‍ കെ.പി.എം.എ അടയാളമുള്ള പപ്പടം ഗുണമേന്മ ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചാണ് നടപ്പാക്കുന്നത്. ചില കമ്പനികള്‍ക്ക് കവറുകള്‍ മാറ്റി അച്ചടിക്കാനുള്ള കാലതാമസം കാരണമാണ് ആപ്പ് പുറത്തിറക്കുന്നതിന് കാലതാമസം നേരിടുന്നത് എന്ന് വിനീത് പറഞ്ഞു.
കെ.പി.എം.എ മൊബൈല്‍ ആപ്പ് വഴി അംഗങ്ങളായ കമ്പനികളുടെ വിവരങ്ങളും അവരുടെ കോഡ് നമ്പറും അറിയാന്‍ സാധിക്കും. ഗുണ നിലവാരമുള്ള പപ്പടം നിര്‍മിക്കുന്ന കമ്പനികളെ മാത്രമാണ് മുദ്ര ആപ്പില്‍ ഉള്‍പ്പെടുത്തുന്നത്. ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാനുള്ള സൗകര്യവും ആപ്പില്‍ ഉണ്ടാകും.
പ്രതിദിന വില്‍പ്പന
കേരളത്തില്‍ ദിവസം 70 ലക്ഷം പപ്പടം വില്‍ക്കപ്പെടുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അസംഘടിത മേഖലയില്‍ വീടുകള്‍ കേന്ദ്രികരിച്ച് ഉത്പാദനം നടത്തുന്നവരെയും ഉള്‍പ്പെടുത്തിയാല്‍ വിപണി വലുതാണെന്ന് കരുതാം.
പപ്പട നിര്‍മാണത്തില്‍ 50 ശതമാനം തൊഴിലാളികളുടെ ചെലവും 50 ശതമാനം ഉപയോഗിക്കുന്ന ഉത്പന്നങ്ങളായ ബേക്കിംഗ് സോഡ, ഉഴുന്ന്, ഉപ്പ് എന്നിവയ്ക്കുമണ് ചെലവാകുന്നത്. ഭക്ഷ്യ സുരക്ഷ നിയമം പ്രകാരമുള്ള വ്യവസ്ഥകള്‍ പപ്പട നിര്‍മാതാക്കള്‍ പാലിക്കേണ്ടതുണ്ട്.
നിലവില്‍ പപ്പട നിര്‍മാണത്തില്‍ രണ്ടു ലക്ഷത്തിധികം തൊഴിലാളികളുണ്ട്, അതില്‍ കൂടുതലും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. മലയാളികള്‍ക്ക് ഈ രംഗത്ത് പണിയെടുക്കാന്‍ താല്‍പര്യം കുറഞ്ഞതായി വിനീത് അഭിപ്രായപ്പെട്ടു.
Related Articles
Next Story
Videos
Share it