പ്രിയം കുറയുന്നോ ബാങ്ക് നിക്ഷേപങ്ങള്‍ക്ക്? ഇപ്പോഴും ആകര്‍ഷകമാകുന്ന ഘടകങ്ങള്‍ ഇതൊക്കെ

ഏവര്‍ക്കും പ്രിയങ്കരമായിരുന്ന ബാങ്ക് നിക്ഷേപത്തിന് ഇപ്പോള്‍ പ്രിയം കുറഞ്ഞുവരികയാണോ? ബാങ്ക് ഡെപ്പോസിറ്റ് 'സഹി' (ശരി) അല്ലേ? ക്യാപ്പിറ്റല്‍ മാര്‍ക്കറ്റിന്റെ വളര്‍ച്ച, അതനുസരിച്ച് ഷെയര്‍ മാര്‍ക്കറ്റിലേക്ക് കൂടുതല്‍ തുകയുടെ ഒഴുക്ക്, മ്യൂച്വല്‍ ഫണ്ടുകളുടെ ആകര്‍ഷണം, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (SIP), ചെറിയ പ്രായത്തില്‍ ജോലിയും ബിസിനസും വഴി സ്വന്തമായി വരുമാനം ലഭിച്ചുതുടങ്ങുന്ന സാഹചര്യം, നഷ്ടസാധ്യത സ്വീകരിക്കാനുള്ള മാനസികമായ തയാറെടുപ്പ് (പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക്), കൂടുതല്‍ പണം കുറച്ചു സമയം കൊണ്ട് ഉണ്ടാക്കാനുള്ള ആഗ്രഹം എന്നിവയെല്ലാം ബാങ്ക് നിക്ഷേപത്തെ താരതമ്യേന അനാകര്‍ഷകമാക്കി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൂടാതെ, ക്യാപിറ്റല്‍ മാര്‍ക്കറ്റ് നിക്ഷേപങ്ങള്‍ക്ക് ആദായ നികുതിയിലും മറ്റും ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇല്ല എന്നതും ഒരു കാരണമായി പറയുന്നു. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ക്യാപിറ്റല്‍ മാര്‍ക്കറ്റ് നിക്ഷേപങ്ങളെ പോലുള്ള നികുതി ആനുകൂല്യങ്ങള്‍ ഒന്നും തെന്ന കഴിഞ്ഞ കേന്ദ്ര ബജറ്റിലും പ്രഖ്യാപിച്ചിരുന്നില്ല. ബാങ്കുകള്‍ കൂടുതല്‍ നൂതനവും ആകര്‍ഷണീയവുമായ നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന് കൂടുതല്‍ തുക സ്വരൂപിക്കട്ടെ എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. കേന്ദ്ര ബാങ്കിന്റെ നിലപാടും അത് തന്നെയാണ്. അതിനാല്‍ നൂതനമായ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് മുന്നേറാനുള്ള ശ്രമത്തിലാണ് ബാങ്കുകള്‍. എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് നിരക്കുകളായ റിപ്പോ പോലുള്ള നിരക്കുകളുമായി ബന്ധപ്പെടുത്തിയുള്ള നിക്ഷേപ പദ്ധതികള്‍, ഗ്രീന്‍ ഡെപ്പോസിറ്റുകള്‍, ഹൈബ്രിഡ് ഡെപ്പോസിറ്റുകള്‍ എന്നിങ്ങനെ പുതിയ നിക്ഷേപ പദ്ധതികള്‍ കൊണ്ടുവന്ന് ബാങ്കുകള്‍ തങ്ങളുടെ ഉല്‍പ്പന്ന ശ്രേണി വിപുലമാക്കുകയാണ്.

ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പ്രസക്തിയുണ്ടോ?

ബാങ്ക് നിക്ഷേപങ്ങള്‍ തുടര്‍ന്നും പ്രസക്തമാവുക അവയുടെ അടിസ്ഥാന ഗുണങ്ങള്‍ കൊണ്ട് തന്നെയായിരിക്കും. ബാങ്ക് നിക്ഷേപങ്ങളെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സുരക്ഷിതം, നഷ്ട സാധ്യതയില്ല: ബാങ്ക് നിക്ഷേപങ്ങള്‍ വളരെ സുരക്ഷിതമാണ്. റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. നിരന്തരമായ നിരീക്ഷണം കൂടാതെ, വര്‍ഷം തോറുമുള്ള വിശദമായ മേല്‍നോട്ടവും റിസര്‍വ് ബാങ്ക് നടത്തുന്നു. നിക്ഷേപ ഉല്‍പ്പന്നങ്ങളുടെ ക്വാളിറ്റി, അവയുടെ നയത്തിലും നടത്തിപ്പിലും ബാങ്കുകള്‍ പാലിക്കുന്ന അച്ചടക്കം, കേന്ദ്ര ബാങ്കിന്റെ നിര്‍ദേശങ്ങളുടെ പാലനം, പലിശ നിരക്കിലും പലിശ നല്‍കുന്നതിലും പാലിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ എന്നിവയെല്ലാം റിസര്‍വ് ബാങ്ക് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
ഇന്‍ഷുറന്‍സ് പരിരക്ഷ: ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ട്. ധനമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍വ് ബാങ്ക് ഘടക സംവിധാനമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (DICGC) ആണ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. നേരത്തെ ഒരു ലക്ഷമായിരുന്ന ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ഇപ്പോള്‍ അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഒരാള്‍ക്ക് വിവിധ ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ഈ ഓരോ ബാങ്കിലും വേറെ വേറെ അഞ്ച് ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. എന്നാല്‍ ബാങ്കിതര നിക്ഷേപങ്ങള്‍ക്ക് ഈ രീതിയിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.
ലളിതം, സൗകര്യം: ലാളിത്യമാണ് ബാങ്ക് നിക്ഷേപത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും വിദ്യാസമ്പന്നര്‍ക്കും അല്ലാത്തവര്‍ക്കും ലിംഗ വ്യത്യാസമില്ലാതെ എളുപ്പം മനസിലാക്കാനും തുടങ്ങാനും തുടര്‍ന്ന് ആവശ്യമനുസരിച്ച് ഇടപാടുകള്‍ നടത്താനും കഴിയും. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ ആര്‍ക്കും സ്വന്തം രീതിയില്‍ അക്കൗണ്ടുകള്‍ തുടങ്ങാം, ഇടപാടുകള്‍ നടത്താം. തീരെ ചെറിയ കുട്ടികളാണെങ്കില്‍ പോലും, അവരുടെ പേരില്‍ മാതാപിതാക്കള്‍ക്കോ മറ്റു ഉത്തരവാദിത്തപ്പെട്ടവര്‍ക്കോ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും ഇടപാടുകള്‍ നടത്താനും കഴിയും. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടുകൂടി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതും ഇടപാടുകളും വേഗത്തിലും സുഗമവുമായി. ലോകത്തിന്റെ എവിടെയിരുന്നും സ്വന്തം ബാങ്ക് അക്കൗണ്ടുകളില്‍ ഏത് വിധ ഇടപാടുകളും നടത്താന്‍ സാധിക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍, ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞു. സേവിംഗ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയില്‍ ആവശ്യാനുസരണം പണം അടയ്ക്കാനും തിരിച്ചെടുക്കാനും കഴിയും. കൂടാതെ ഏത്
ATM
വഴിയും പണം എടുക്കാം. കാലാവധി നിക്ഷേപമാണെങ്കില്‍ പോലും കാലാവധിക്ക് മുമ്പ് പണം ആവശ്യം വന്നാല്‍ തിരിച്ചെടുക്കാന്‍ കഴിയും.
വാക്ക് പറയും, പാലിക്കും: ബാങ്ക് നിക്ഷേപത്തിന്റെ മറ്റൊരു ശക്തി ഇതാണ്. കാര്യങ്ങള്‍ കണിശമായി പറയും. അത് അതേപടി പാലിക്കുകയും ചെയ്യും. ഏത് രീതിയിലുള്ള നിക്ഷേപമാണെങ്കിലും എത്ര ശതമാനം പലിശ നല്‍കുമെന്ന് ആദ്യമേ പറയും. ആ പലിശ നിരക്ക് മാറ്റമില്ലാതെ കാലാവധി കഴിയും വരെ നല്‍കുകയും ചെയ്യും. എഴുതി ഒപ്പിട്ട കരാറാണ്. അത് തീര്‍ച്ചയായും പാലിക്കും. അതിനാല്‍ തന്നെ ബാങ്ക് നിക്ഷേപം കൂടുതല്‍ ഉറപ്പുള്ളതാണ്. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ കൂടുതല്‍ സഹായകരമാണ്. ഭാവിയില്‍ വേണ്ടിവരുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മടിക്കാതെ ആശ്രയിക്കാവുന്ന നിക്ഷേപമാണിത്. പണം ആവശ്യം വരുമ്പോള്‍,
NAV (Net Asset Value)
നോക്കി വേവലാതിപ്പെടേണ്ടതുമില്ല.
കൂടുതല്‍ ജനകീയം: ബാങ്ക് നിക്ഷേപങ്ങള്‍ കൂടുതല്‍ ജനകീയമാണ്. നാടിന്റെ നന്മക്ക് ആവശ്യമായ രീതിയില്‍, സാമൂഹ്യ സുരക്ഷയും മുന്നില്‍ക്കണ്ട് നിക്ഷേപ പദ്ധതികള്‍ ബാങ്കുകള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന കൂടുതല്‍ ആനുകൂല്യങ്ങള്‍, സ്ത്രീകള്‍ തുടങ്ങുന്ന അക്കൗണ്ടുകള്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ എന്നിവ ഈ രീതിയില്‍ ഉള്ളവയാണ്. മാത്രമല്ല, മുതിര്‍ന്ന പൗരന്മാര്‍, ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന വീട്ടുപടി സേവനങ്ങള്‍ (Door step Service) എടുത്തുപറയേണ്ടതാണ്. മറ്റു നിക്ഷേപ രംഗത്തൊന്നും ഈ രീതിയിലുള്ള വിശേഷപ്പെട്ട സേവനങ്ങളും ആനുകൂല്യങ്ങളും ഇല്ല എന്നത് ബാങ്ക് നിക്ഷേപത്തെ കൂടുതല്‍ ജനകീയമാക്കുന്നു.

ബാങ്കുകളുടെ പങ്ക്

രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ബാങ്കുകളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. നാടിന്റെ വികസന പദ്ധതികളിലും പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇപ്പോഴും ബാങ്കുകള്‍ തന്നെയാണ്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക പദ്ധതികളുടെ നടത്തിപ്പ് ബാങ്കുകള്‍ വഴിയാണ്. ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നത് ബാങ്കുകള്‍ വഴിയാണ്.
നിക്ഷേപ സമാഹരണത്തിന്റെ കാര്യത്തില്‍ താല്‍ക്കാലികമായ വെല്ലുവിളികള്‍ ബാങ്കുകള്‍ ക്രിയാത്മകമായി നേരിടും എന്ന് തന്നെ കരുതാം. ഓണ്‍ലൈന്‍, ഡിജിറ്റല്‍ സൗകര്യങ്ങള്‍ക്കപ്പുറം വ്യക്തിബന്ധത്തിന്റെ ഊഷ്മളത നല്‍കി സമ്പാദ്യ- നിക്ഷേപ രംഗത്തെ നിറ സാന്നിധ്യമാകാന്‍ നമ്മുടെ ബാങ്കുകള്‍ക്ക് കഴിയട്ടെ. എല്ലാം നോക്കുമ്പോള്‍ പറയാന്‍ പറ്റും, ബാങ്ക് നിക്ഷേപം 'സഹി' (ശരി) യാണ്.

നികുതിയിളവുകള്‍

ആകര്‍ഷകമായ നികുതിയിളവുകള്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്കുമുണ്ട്. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള ഒന്നര ലക്ഷം വരെയുള്ള ടാക്‌സ് സേവിംഗ് ഡെപ്പോസിറ്റിന് 80ഇ പ്രകാരം നികുതിയിളവുണ്ട്. 80ഠഠഅ പ്രകാരം 10,000 രൂപ വരെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് പലിശയ്ക്ക് നികുതി നല്‍കേണ്ട. കാലാവധി നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 50,000 രൂപ വരെ ആണെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ TDS (Tax deducted at osurce) ന് വിധേയമല്ല. മറ്റ് ഇടപാടുകാര്‍ക്ക് ഇത് 40,000 രൂപയാണ്. പഴയ നികുതി രീതിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെയും സൂപ്പര്‍ സീനിയര്‍ ആയവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെയും ഇളവുണ്ട്. പുതിയ നികുതി രീതിയില്‍ ഇത് ഏഴ് ലക്ഷം രൂപയാണ്. ബാങ്ക് പലിശ മാത്രം വരുമാനമുള്ള ഒരു മുതിര്‍ന്ന പൗരന് ഏഴ് ലക്ഷം വരെപലിശ ലഭിച്ചാലും നികുതി നല്‍കേണ്ടതില്ല എന്ന് സാരം. വ്യക്തികളാണെങ്കില്‍ പുതിയനികുതി രീതിയില്‍ നല്‍കിയിട്ടുള്ള ഇളവ് തുകയായ മൂന്ന് ലക്ഷം രൂപയുടെയും പ്രയോജനം ബാങ്ക് പലിശക്ക് മാത്രമായി (മറ്റ് വരുമാനം ഇല്ലെങ്കില്‍) ഉപയോഗിക്കാന്‍ കഴിയും.

(ബാങ്കിംഗ് ധനകാര്യ വിദഗ്ധനാണ് ലേഖകന്‍.kallarakkalbabu@gmail.com)


Babu K A
Babu K A - Banking and Financial Expert  
Related Articles
Next Story
Videos
Share it