എ.സി വാങ്ങാനുള്ള നെട്ടോട്ടത്തില്‍ മലയാളികള്‍; കടകളിലാകട്ടെ ഔട്ട് ഓഫ് സ്റ്റോക്ക്, കാരണം ഇതാണ്

വേനല്‍ചൂട് പ്രതീക്ഷകളെയും മറികടന്ന് കനക്കുമ്പോള്‍ വിയര്‍ത്തു കുളിക്കുകയാണ് കേരളം. പലയിടത്തും 40 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തിയിരിക്കുന്നു താപനില. രാത്രിയില്‍ ഫാനിന്റെ കാറ്റില്‍ പോലും പിടിച്ചു നില്‍ക്കാനായതോടെ പലരും എയര്‍ കണ്ടീഷ്ണറുകള്‍ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്. എന്നാല്‍ വില്‍പ്പന പൊടിപടിച്ചതോടെ പല കടകളിലും ബ്രാന്‍ഡഡ് എ.സികള്‍ കിട്ടാതായി. പ്രമുഖ ബ്രാന്‍ഡുകള്‍ പലതും കിട്ടാതായിട്ട് രണ്ടാഴ്ചയോളമായെന്ന് വ്യാപാരികള്‍ പറയുന്നു.

വില്‍പ്പന റെക്കോഡിലേക്ക്
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് കേരളത്തില്‍ പ്രതിവര്‍ഷം നാല് ലക്ഷം എ.സികളാണ് വിറ്റഴിഞ്ഞിരുന്നത്. ഈ വര്‍ഷം ഒരു ലക്ഷത്തോളം എ.സികള്‍ അധികമായി വിറ്റഴിയുമെന്നായിരുന്നു ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷ. എന്നാല്‍ ലക്ഷ്യത്തെയും മറികടക്കുന്ന വില്‍പ്പനയാണ് ദൃശ്യമാകുന്നതെന്ന് ഓക്‌സി
ന്‍ ഡിജിറ്റല്‍ ഷോപ്പിന്റെ സി.ഇ.ഒ ഷിജോ കെ. തോമസ് പറഞ്ഞു.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

സംസ്ഥാനത്ത് എ.സി വില്‍പ്പനയുടെ പകുതിയും നടക്കുന്നത് ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലാണ്. എന്നാല്‍ ഇത്തവണ ഡിസംബര്‍ മുതലേ എ.സി വില്‍പ്പന സജീവമായിരുന്നു. മാര്‍ച്ച് ആയപ്പോഴേക്കും തന്നെ വില്‍പ്പന ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഏപ്രിലിലും വില്‍പ്പന ഉയരുകയാണ്. അടുത്ത മാസവും എ.സി ഡിമാന്‍ഡ് ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യതയെന്ന് കൊല്ലം മാളിയേക്കല്‍ ഇലക്ട്രോണിക്‌സ്‌ മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് ജോസഫ് പറഞ്ഞു.

മുൻ വർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തോളം വര്‍ധനയാണ് എ.സി വില്‍പ്പനയിലുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം 7,000ത്തോളം എ.സികള്‍ ഇപ്പോള്‍ വിറ്റഴിയുന്നുണ്ട്. ചില ഷോപ്പുകളിൽ ഈ സീസണിൽ പ്രതിദിനം 50-60 എ.സിയൊക്കെ വിറ്റഴിക്കുന്നുണ്ട്. 200 ശതമാനത്തിലധികം വില്‍പ്പന നേടിയ ഷോപ്പുകളുമുണ്ട്. നാല് മാസത്തോളം നീണ്ടു നില്‍ക്കുന്ന വില്‍പ്പന സീസണ്‍ ഇതാദ്യമാണ്. 2016ലാണ് ഇതിനു മുമ്പ് ദൈര്‍ഘ്യമേറിയ വില്‍പ്പന സീസണ്‍ ഉണ്ടായത്. എന്നാല്‍ അത് വെറും രണ്ട് മാസം മാത്രമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
കമ്പനികളുടെ പ്രതീക്ഷയ്ക്കും മേലെ
കമ്പനികള്‍ തൊട്ടു മുന്‍വര്‍ഷത്തെ സമാനകാലയളവിലെ വില്‍പ്പന കണക്കുകള്‍ കണക്കിലടുത്താണ് പ്രോഡക്ഷന്‍ പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ഇത്തവണ പ്രതീക്ഷകള്‍കള്‍ക്കും ഒരു പാട് മേലെയായിരുന്നു ഡിമാന്‍ഡ്. അതുകൊണ്ട് തന്നെ ആവശ്യത്തിനനുസരിച്ച് ഉത്പന്നം എത്തിക്കാനാകുന്നില്ല. അടുത്ത പ്രോഡക്ഷന്‍ നടന്നാലാണ് എ.സികള്‍ ലഭ്യമായി തുടങ്ങുക. നിലവില്‍ ട്രക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ അധിക പ്രോഡക്ഷന്‍ നത്തിയവര്‍ക്കും ഉത്പന്നം എത്തിക്കാനാകാത്ത അവസ്ഥയുമുണ്ടെന്ന് ഷിജോ പറഞ്ഞു.
നേരത്തെ പലരും വിലക്കുറവുള്ള മോഡലുകള്‍ നോക്കി ബ്രാന്‍ഡഡ് അല്ലാത്ത എ.സികള്‍ വാങ്ങാറുണ്ടായിരുന്നു. എന്നാല്‍ ഇ.എം.ഐ സൗകര്യങ്ങളും ഓഫറുകളുമൊക്കെ ലഭ്യമായതോടെ സാധാരണക്കാര്‍ പോലും ബ്രാന്‍ഡഡ് മോഡലുകളാണ് നോക്കുന്നത്. മാത്രമല്ല വൈദ്യുതി ഉപയോഗം കൂടുമെന്നതിനാല്‍ ഉയര്‍ന്ന റേറ്റിംഗ് ഉള്ള എ.സികള്‍ക്കാണ് ഡിമാന്‍ഡ്. കേരളത്തില്‍ ഇതു വരെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നിരുന്നത് ഒരു ടണ്‍ ത്രീ സ്റ്റാര്‍ റേറ്റിംഗ് ഉള്ള എ.സികളാണ്. ഇന്നാല്‍ ഇത്തവണ അത് ഒരു ടണ്‍ ഫൈവ് സ്റ്റാറിയിട്ടുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. കൂടാതെ 1.5 ടണ്‍ ഫൈവ് സ്റ്റാറിലേക്കും പലരും മാറുന്നതായി കാണുന്നുണ്ട്.
വിലയില്‍ മത്സരമില്ല
ഗൃഹോപകരണ വിപണിയില്‍ പൊതുവേ വെല്ലുവിളിയായി പറയുന്നത് അനാരോഗ്യകരമായ മത്സരമാണ്. അതായത് വില്‍പ്പന കൂട്ടാന്‍ കമ്പനികള്‍ കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ നല്‍കാന്‍ മത്സരിക്കാറുണ്ട്. എന്നാല്‍ ഇത്തവണത്തെ സീസണില്‍ വില ഒരു ഘടകമായില്ല എന്നതാണ് ഡീലര്‍മാരെ സംബന്ധിച്ച് ഗുണകരമായത്. ചൂടില്‍ നിന്ന് വേഗം രക്ഷനേടാന്‍ പണം നോക്കാതെ ഇഷ്ടപ്പെട്ട മോഡലുകള്‍ തിരഞ്ഞടുക്കാന്‍ ആളുകള്‍ തയ്യാറായി. ഇത് ക്വാളിറ്റി സെയില്‍ നടത്താന്‍ സഹായിച്ചുവെന്ന് വ്യാപാരികള്‍ പറയുന്നു.
കാത്തിരിക്കണം ഒരാഴ്ച വരെ
പല കടകളും ഇപ്പോള്‍ വിലക്കിഴിവും മറ്റ് ഓഫറുകളും ഒഴിവാക്കി സ്‌പോട്ട്
ഇന്‍സ്റ്റലേഷനും
ഓണ്‍സൈറ്റ് ടണ്ണേജ് വേരിഫിക്കേഷനുമൊക്കെ നല്‍കിയാണ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്. പല വലിയ കമ്പനികളുടെയും ഇന്‍സ്റ്റലേഷന്‍ നടത്തുന്നത് ഫ്രാഞ്ചൈസികളാണ്. വില്‍പ്പന കൂടിയതിനാല്‍ ഇന്‍സ്റ്റലേഷന് ഒരാഴ്ചവരെ സമയമെടുക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ആളുകള്‍ക്കാണെങ്കില്‍ വാങ്ങിയാലുടന്‍ ഇന്‍സ്റ്റലേന്‍ ചെയ്തുകിട്ടുമോ എന്നാണ് അറിയേണ്ടത്. ഇതു കണക്കിലെടുത്ത് പല ഷോറുമുകളും സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് ആ ദിവസം തന്നെയോ തൊട്ടടുത്ത ദിവസമോ ഇന്‍സ്റ്റളേഷന്‍ ചെയ്തു കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്.
ടണ്ണേജാണ് മെയിന്‍ സാറെ

എ.സി വാങ്ങാനുള്ള തിരക്കില്‍ കൈയില്‍കിട്ടുന്നത് വാങ്ങി പോരുന്ന രീതി പലരും പിന്തുടരുന്നുണ്ട്. എന്നാല്‍ ഇത് ദീര്‍ഘകാലത്തില്‍ ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാകും. മുറിയുടെ വലിപ്പം, സ്ഥാനം, ആളുകളുടെ എണ്ണം എന്നിങ്ങനെ പല ഘടകങ്ങളും കണക്കിലെടുത്താണ് എ.സിയുടെ ടണ്ണേജ് തീരുമാനിക്കുന്നത്. 120 സ്‌ക്വയര്‍ഫീറ്റുള്ള ഒരു മുറിയുടെ കാര്യമെടുത്താല്‍ താഴത്തെ നിലയില്‍ ഉപയോഗിക്കുന്ന ടണ്ണേജ് പോര റൂഫ് ടോപ്പിലാണെങ്കില്‍. അതേ പോലെ പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലെ മുറിയില്‍ എ.സി വയ്ക്കുമ്പോഴും ടണ്ണേജ് ശ്രദ്ധിക്കണം. ഗ്ലാസ് ഭാഗം കൂടുതലുള്ള മുറികളിലും ടണ്ണേജില്‍ വ്യത്യാസം വരും. യഥാര്‍ത്ഥ ടണ്ണേജ് അല്ല ഉപയോഗിക്കുന്നതെങ്കില്‍ വൈദ്യുതി ചാര്‍ജ് വളരെയധികം കൂടും. മാത്രമല്ല കംപ്രസര്‍ അടക്കമുള്ള പല ഭാഗങ്ങളും അതിവേഗം കേടാകാനും കാരണമാകും.
Resya R
Resya R  

Related Articles

Next Story

Videos

Share it