വമ്പന്‍ ഓഹരി കൈമാറ്റം; ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഓഹരിയില്‍ കനത്ത ഇടിവ്

മലയാളിയും പ്രവാസി വ്യവസായിയുമായ ഡോ.ആസാദ് മൂപ്പന്‍ നയിക്കുന്ന ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ 10 ശതമാനത്തോളം ഓഹരികള്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഒളിമ്പസ് കാപ്പിറ്റല്‍ ഇന്നലെ ബ്ലോക്ക് ഡീലിലൂടെ വിറ്റഴിച്ചു. ഒളിമ്പസിന് 18.96 ശതമാനം ഓഹരികളാണ് ആസ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ 9.8 ശതമാനം ഓഹരികളാണ് വിറ്റഴിച്ചിരിക്കുന്നത്. മൊത്തം 4.9 കോടി ഓഹരികള്‍ ഏകദേശം 2,070 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്.

ഓഹരി ഒന്നിന് 400 രൂപ കണക്കാക്കിയായിരുന്നു വില്‍പ്പന. ആസ്റ്റര്‍ ഡി.എമ്മിന്റെ നിലവിലെ ഓഹരി വിലയായ 438.55 രൂപയേക്കാള്‍ ഒമ്പത് ശതമാനത്തോളം വിലക്കുറച്ചാണ് ഓഹരികൈമാറ്റം. കോട്ടക് മഹീന്ദ്ര ക്യാപിറ്റലാണ് നിര്‍ദിഷ്ട ബ്ലോക്ക് ട്രേഡിന്റെ
അഡ്വൈസർ.

ഓഹരിയില്‍ കനത്ത ഇടിവ്

വില്‍പ്പന വാര്‍ത്തകളെ തുടര്‍ന്ന് ഓഹരി ഇന്ന് ഏഴു ശതമാനത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 70.89 ശതമാനവും മൂന്നു വര്‍ഷക്കാലയളവില്‍ 204.05 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍. നിലവില്‍ 7.18 ശതമാനം ഇടിഞ്ഞ് 405.85 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.

ഇക്കഴിഞ്ഞ നവംബറില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഗള്‍ഫിലെ ബിസിനസ് ആല്‍ഫ ജി.സി.സി ഹോള്‍ഡിംഗ്‌സിന് ഒരു ബില്യണ്‍ ഡോളറിന് (ഏകദേശം 8,300 കോടി രൂപ)
വിറ്റഴിച്ചിരുന്നു. ഇരുബിസിനസനുകളും വേര്‍പെടുത്തുന്ന പ്രക്രിയ പൂര്‍ത്തിയാകുന്നതിനിടെയാണ് പുതിയ നീക്കം. നിലവില്‍ പ്രമോട്ടര്‍മാര്‍ക്ക് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറില്‍ 41.88 ശതമാനം ഓഹരികളാണുള്ളത്.
വിൽപ്പനയ്ക്കായി മറ്റു നിക്ഷേപകരും
ഇന്ത്യ ബിസിനസിലെ ഓഹരികളും വിറ്റഴിക്കുമെന്ന് ജി.സി.സി ബിസിനസ് വേര്‍പെടുത്തലിനു ശേഷം ഡോ.ആസാദ് മൂപ്പന്‍ വ്യക്തമാക്കിയിരുന്നു. ളിമ്പസ് ക്യാപിറ്റലിനെ കൂടാതെ മറ്റ് ചില നിക്ഷേപകരും ആസ്റ്ററില്‍ ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഡിസംബര്‍ പാദത്തിലെ കണക്കുകളനുസരിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ലാഭം 28.6 ശതമാനം വര്‍ധിച്ച് 179.2 കോടി രൂപയായിരുന്നു. വരുമാനം ഇക്കാലയളവില്‍ 16.2 ശതമാനം വര്‍ധിച്ച് 3,710.6 കോടിയുമായി.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it