കേരളത്തില്‍ വന്‍ നിക്ഷേപത്തിന് ആസ്റ്റര്‍; പുതിയ ആശുപത്രികളുടെ നിര്‍മാണവും വിപുലീകരണവും ദ്രുതഗതിയിൽ
മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ നിയന്ത്രണത്തിലുള്ള ആശുപത്രി ശൃഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ കേരളത്തില്‍ വന്‍ നിക്ഷേപത്തിന്. 2026-27 സാമ്പത്തിക വര്‍ഷത്തോടെ കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികളുടെ എണ്ണം എട്ടായി ഉയര്‍ത്തും. പുതിയ ആശുപത്രികള്‍ നിര്‍മിക്കുന്നതിലൂടെയും നിലവിലുള്ള വിപുലീകരിക്കുന്നതിലൂടെയും 2027 സാമ്പത്തിക വര്‍ഷത്തോടെ കേരളത്തില്‍ 1,093 കിടക്കള്‍ കൂടി പുതുതായി കൂട്ടിച്ചേര്‍ക്കാനാണ് ആസ്റ്റര്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ കേരളത്തില്‍ ആറ് ആശുപത്രികളിലായി 2,396 കിടക്കകളാണ് ആസ്റ്ററിനുള്ളത്.
നിർമാണവും വിപുലീകരണവും വിവിധ ഘട്ടങ്ങളില്‍
കാസര്‍ഗോഡ് നിര്‍മാണത്തിലിരിക്കുന്ന 264 കിടക്കളോടു കൂടിയ ആസ്റ്റര്‍ മിംമ്‌സ് 2025-26 സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തികരിക്കും. തിരുവനന്തപുരത്ത് നിര്‍മാണം നടക്കുന്ന 454 കിടക്കകളോടു കൂടിയ ആസ്റ്റര്‍ ക്യാപിറ്റല്‍ 2027 ഓടെ പ്രവര്‍ത്തന സജ്ജമാകും.
ഇതു കൂടാതെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ടവര്‍ 4, ആസ്റ്റര്‍ മിംമ്‌സ് കണ്ണൂര്‍ എന്നിവയുടെ വിപുലീകരണവും നടന്നു വരുന്നു. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ 100 വീതം ബെഡുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടും. ആസ്റ്റര്‍ മിംമ്‌സ് കാലിക്കട്ട്, ആസ്റ്റര്‍ മെഡ്‌സിറ്റി എന്നിവ ഡിസൈന്‍ ഘട്ടത്തിലാണ്. ഇവ പൂര്‍ത്തിയാകുന്നതോടെ 175 ബെഡുകളും കൂട്ടിച്ചേര്‍ക്കാനാകും. ഇങ്ങനെ മൊത്തം 1,093 ബെഡുകളാണ് ലക്ഷ്യമിടുന്നത്.
അടുത്തിടെ ഗള്‍ഫിലെ ബിസിസ് വേര്‍പെടുത്തിയ ആസ്റ്റര്‍ ഇന്ത്യയിലെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. മാര്‍ച്ചിലെ കണക്കനുസരിച്ച് 2,007 കോടി രൂപയാണ് ആസ്റ്ററിന്റെ വരുമാനം. നികുതിക്കും പലിശയ്ക്കും മറ്റും മുമ്പുള്ള ലാഭം (EBITDA) 430 കോടി രൂപയുമാണ്.
മറ്റ് സംസ്ഥാനങ്ങളിലും
കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളില്‍ ആസ്റ്ററിന് ശക്തമായ സാന്നിധ്യമുണ്ട്. കര്‍ണാടകയില്‍ നാല് ആശുപത്രികളിലായി 1,193 കിടക്കകളും മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ 231 കിടക്കുകളുണ്ട്. ആന്ധ്രാപ്രദേശില്‍ ആറ് ആശുപത്രികളിലായി 889 കിടക്കകളും തെലങ്കാനയിലെ ആശുപത്രിയില്‍ 158 കിടക്കകളുമാണ് ഉള്ളത്.
ഇതു കൂടാതെ ലാബുകള്‍, ഫാര്‍മസികള്‍ എന്നിവ വഴിയും രാജ്യത്തെ ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ ആസ്റ്റര്‍ സാന്നിധ്യം ശക്തമാക്കുന്നുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തെ കണക്കു പ്രകാരം രാജ്യത്ത് 215 ഫാര്‍മസികളും 232 ലാബുകളുമുണ്ട്.
ഓഹരികള്‍ ഇടിവില്‍
നിലവില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ 42 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണ്. 33 ശതമാനം വിദേശ നിക്ഷേപക സ്ഥാപനങ്ങളും 14 ശതമാനം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളും 11 ശതമാനം പൊതു ഓഹരിയുടമകളും കൈവശം വച്ചിരിക്കുന്നു.
ഇന്ന് ആസ്റ്റര്‍ ഓഹരികള്‍ 1.24 ശതമാനം ഇടിവോടെ 353.65 രൂപയിലാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 22 ശതമാനവും മൂന്ന് വര്‍ഷത്തിനുള്ളില്‍ 120 ശതമാനവും നേട്ടം ആസ്റ്റര്‍ ഓഹരി നിക്ഷേപകർക്ക് നല്‍കിയിട്ടുണ്ട്. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 17,887.56 കോടി രൂപയാണ് ആസ്റ്ററിന്റെ വിപണി മൂല്യം.