ഡിസംബർ പാദത്തിൽ വരുമാനത്തിലും ലാഭത്തിലും മികച്ച നേട്ടം കൈവരിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ

കേരളത്തിലെ ആസ്റ്റർ ആശുപത്രികൾ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ മെഡിക്കൽ ടൂറിസം വരുമാനത്തിൽ മാത്രം 64 ശതമാനത്തിന്റെ വർധനവുണ്ടായി.
aster hospitals
Published on

രാജ്യത്തെ മുൻനിര ആരോ​ഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിനു നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (2025 ഒക്ടോബർ - ഡിസംബർ) മികച്ച നേട്ടം. മുൻവർഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ വരുമാനത്തിൽ 13 ശതമാനവും അറ്റാദായത്തിൽ 22 ശതമാനവും വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഡിസംബർ പാദത്തിലെ ആകെ വരുമാനം 1,186 കോടി രൂപയായി.

അതേസമയം ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡുമായുള്ള ലയന നടപടികൾ അവസാനഘട്ടത്തിലാണ്. ഇക്കാലയളവിൽ ലയനശേഷമുണ്ടാകുന്ന കമ്പനിയുടെ സംയുക്ത വരുമാനം നോക്കുമ്പോൾ 15 ശതമാനം വർധിച്ച് 2,366 കോടിയും പ്രവർത്തന ലാഭം 22 ശതമാനം വർധിച്ച് 503 കോടി രൂപയുമായി.

കേരളത്തിൽ ആശുപത്രികൾ മികച്ച പ്രകടനം

കേരളത്തിലെ ആസ്റ്റർ ആശുപത്രികൾ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ മെഡിക്കൽ ടൂറിസം വരുമാനത്തിൽ മാത്രം 64 ശതമാനത്തിന്റെ വർധനവുണ്ടായി. ശസ്ത്രക്രിയകളിൽ റോബോട്ടിക് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള ആധുനിക രീതികൾ അവലംബിച്ചതോടെ, രോഗികൾ ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ശരാശരി സമയം 3.1 ദിവസമായി കുറഞ്ഞു. കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി, കോഴിക്കോട് മിംസ് തുടങ്ങിയ ആശുപത്രികൾ മികച്ച പ്രവർത്തന ലാഭമാണ് ഇക്കാലയളവിൽ നേടിയത്.

ചികിത്സ തേടിയെത്തിയവരുടെ ആകെ എണ്ണത്തിൽ 10% വർധനവുണ്ടായി. ഇതിൽ കിടത്തിച്ചികിത്സാ വിഭാഗത്തിൽ 5 ശതമാനവും ഔട്ട്‌ പേഷ്യന്റ് വിഭാഗത്തിൽ 11 ശതമാനവുമാണ് വളർച്ച. മൾട്ടി സ്പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതോടെ, ഇൻപേഷ്യന്റ് വിഭാഗത്തിലെ വരുമാനത്തിൽ 9% വർധിച്ചു. ഹൃദ്രോഗം, അർബുദം, വൃക്കരോഗം, ഗ്യാസ്‌ട്രോ എന്ററോളജി, ഓർത്തോപീഡിക്സ് എന്നീ അഞ്ച് പ്രധാന വിഭാഗങ്ങളിൽ നിന്നുള്ള വരുമാന വിഹിതം 52 ശതമാനമായി ഉയർന്നു.

ക്വാളിറ്റി കെയർ ഇന്ത്യ - ആസ്റ്റർ ലയനം

ലയനം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് സ്വകാര്യ ആശുപത്രി ശൃംഖലകളിൽ ഒന്നായി ആസ്റ്റർ മാറും. ഇരു കമ്പനികളും ചേരുന്നതോടെ 28 നഗരങ്ങളിലായി 10,620 കിടക്കകളുള്ള വിപുലമായ ശൃംഖലയായിരിക്കും രൂപമെടുക്കുക. വരും വർഷങ്ങളിൽ 4,000 കിടക്കകൾ കൂടി അധികമായി സജ്ജീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വിദേശത്തു നിന്നുള്ള രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവുമാണ് ഈ മുന്നേറ്റത്തിന് കരുത്തേകിയതെന്ന് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. ലയനവുമായി ബന്ധപ്പെട്ട് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (NCLT) നിർദ്ദേശപ്രകാരം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഓഹരി ഉടമകളുടെ യോഗം ചേരും. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലയന നടപടികൾ പൂർത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com