

രാജ്യത്തെ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, 2026 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ചു. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വരുമാനത്തില്‍ 18 ശതമാനവും അറ്റാദായത്തില്‍ 45 ശതമാനവും വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതോടെ ആകെ വരുമാനം 1,182 കോടി രൂപയും ലാഭം 153 കോടി രൂപയുമായി.
പ്രവര്‍ത്തന ലാഭം (EBITDA): 253 കോടി രൂപയിലുമെത്തി. കാസര്‍കോട് യൂണിറ്റ് ഒഴികെ 31% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അടുത്തിടെയാണ് കാസര്‍കോട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. എബിറ്റ്ഡ മാര്‍ജിന്‍ 19.3 ശതമാനത്തില്‍ നിന്ന് 21.7 ശതമാനമായി ഉയര്‍ന്നു.
ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡുമായുള്ള (QCIL) ലയന നടപടികള്‍ 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ പൂര്‍ത്തിയാകുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു. ലയനത്തിന് ഓഹരി ഉടമകളുടെ പൂര്‍ണ പിന്തുണ (96.68% അനുകൂല വോട്ട്) ലഭിച്ചിട്ടുണ്ട്.
ലയനത്തിന് മുന്നോടിയായി ആസ്റ്ററിന്റെ 3.6% ഉടമസ്ഥാവകാശം ബ്ലാക്സ്റ്റോണിനും ടിപിജിക്കും കൈമാറി. ക്വാളിറ്റി കെയര്‍ ഇന്ത്യയുടെ 5% ഉടമസ്ഥാവകാശം ആസ്റ്ററും സ്വീകരിച്ചു.
ലയനശേഷം രൂപീകൃതമാകുന്ന സംയുക്ത ശൃംഖലയ്ക്ക് 28 നഗരങ്ങളിലായി 10,623 കിടക്കകളുണ്ടാകും. വരും വര്‍ഷങ്ങളില്‍ ഇത് 15,500 കടക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആരോഗ്യ സേവനദാതാക്കളില്‍ ഒന്നായി ആസ്റ്റര്‍ ഗ്രൂപ്പ് മാറും. ലയനശേഷമുള്ള സംയുക്ത വരുമാനം നിലവില്‍ 2,361 കോടി രൂപയാണ്.
'ചെലവ് നിയന്ത്രിച്ചും പ്രവര്‍ത്തനക്ഷമത വര്‍ദ്ധധപ്പിച്ചുമാണ് ലാഭനിരക്ക് 21.7 ശതമാനമായി മെച്ചപ്പെടുത്താന്‍ സാധിച്ചത്. ലയിപ്പിച്ചു രൂപീകരിക്കുന്ന പുതിയ ശൃംഖല ഇന്ത്യന്‍ ആരോഗ്യരംഗത്തെ കരുത്തുറ്റ സാന്നിധ്യമായി മാറുമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ബാഹ്യഘടകങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആസ്റ്റര്‍ ശൃംഖലയിലെ ആശുപത്രികളും ലാബുകളും മികച്ച പ്രകടനമാണ് നടത്തിയത്. വിദേശ രോഗികളില്‍ നിന്നുള്ള വരുമാനത്തില്‍ 41% വളര്‍ച്ചയുണ്ടായി. കേരളത്തിലെ മെഡിക്കല്‍ ടൂറിസം വരുമാനം മാത്രം 51% വര്‍ധിച്ചു. ഹൃദ്രോഗ ചികിത്സാ വിഭാഗത്തില്‍ 25 ശതമാനവും അര്‍ബുദ ചികിത്സാ വിഭാഗത്തില്‍ 23 ശതമാനവും വരുമാന വളര്‍ച്ചയുണ്ടായി. പ്രവര്‍ത്തന ലാഭത്തില്‍ 181% എന്ന അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടമാണ് ആസ്റ്റര്‍ ലാബ്സ് ശൃംഖല നടത്തിയത്.
ചികിത്സ തേടിയെത്തിയവരുടെ എണ്ണത്തില്‍ 15% വര്‍ധനവുണ്ടായി. ഒരു രോഗിയില്‍ നിന്നുള്ള ശരാശരി വരുമാനം (ARPP IP) 9% വര്‍ധിച്ച് 1,25,234 രൂപയായി.
ആസ്റ്റര്‍ മെഡ്സിറ്റി (കൊച്ചി) വരുമാനത്തില്‍ 16% വര്‍ധനയുണ്ടായ. 32.5% എന്ന മികച്ച ലാഭവിഹിതവും കൈവരിച്ചു. ആസ്റ്റര്‍ മിംസ് (കോഴിക്കോട്) പ്രവര്‍ത്തന ലാഭത്തില്‍ 41% വളര്‍ച്ച രേഖപ്പെടുത്തി.
ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് (ബംഗളൂരു) വരുമാനത്തില്‍ 15 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 38 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി.
കര്‍ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വരുമാനം 25 ശതമാനവും പ്രവര്‍ത്തനലാഭം 24.5 ശതമാനവും വളര്‍ന്നു.
കേരളത്തില്‍ വരുമാനത്തില്‍ 21% വളര്‍ച്ചയുണ്ടായപ്പോള്‍ ആന്ധ്ര-തെലങ്കാന മേഖലയില്‍ പ്രവര്‍ത്തന ലാഭം 113% വര്‍ധിച്ചു.
ലയന പങ്കാളിയായ ക്വാളിറ്റി കെയര്‍ ഇന്ത്യയുടെ വരുമാനം നാലാം പാദത്തില്‍ 18% വര്‍ധിച്ച് 1,178 കോടി രൂപയിലെത്തി. പ്രവര്‍ത്തന ലാഭം 23% ഉയര്‍ന്ന് 272 കോടി രൂപയായി. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ രോഗികള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന ശരാശരി സമയം 3.94 ദിവസമായി കുറയ്ക്കാനും ഇവര്‍ക്ക് സാധിച്ചു.
ലയന നടപടികളുടെ ഭാഗമായി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (NCLT) നിന്നുള്ള അന്തിമ ഉത്തരവിനായി കമ്പനി കാത്തിരിക്കുകയാണ്. ലയനശേഷം 39 ആശുപത്രികളുമായി ആസ്റ്റര്‍ ഗ്രൂപ്പ് വിപണിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine