അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടി വളര്‍ച്ച, 13,500 കോടി രൂപ വരുമാനം, ആസ്റ്ററിന് വന്‍ ലക്ഷ്യങ്ങള്‍

12 മാസത്തിനുള്ളില്‍ പ്രമോട്ടര്‍മാരുടെ ഓഹരി പണയം ഗണ്യമായി കുറയ്ക്കാനും ലക്ഷ്യം
Aster Hospital, Dr Azaad Moopen, Alisha Moopen
ഡോ. ആസാദ് മൂപ്പൻ, അലീഷ മൂപ്പൻ/Image : Aster Website
Published on

പ്രമുഖ പ്രവാസി മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ 2029-2030 സാമ്പത്തിക വര്‍ഷത്തോടെ ലക്ഷ്യമിടുന്നത് 13,500 കോടി രൂപ വരുമാനം. അതായത് ഇരട്ടി വളര്‍ച്ച. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ആസാദ് മൂപ്പന്റെ മകളുമായ അലീഷ മൂപ്പനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കമ്പനിയുടെ വളര്‍ച്ചയുടെ ഭാഗമായി ഓങ്കോളജി, ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാംസ്, ന്യൂറോസയന്‍സസ് തുടങ്ങിയ തന്ത്രപ്രധാനമായ വിഭാഗങ്ങളെ കൂടുതല്‍ വിപുലപ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ടെന്ന് എന്‍.ഡി.ടി.വി പ്രൊഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ അലീഷ മൂപ്പന്‍ പറഞ്ഞു.

ചെലവ് പരമാവധി ചുരുക്കിയും പുതിയ ലയനത്തിന്റെ നേട്ടം പ്രയോജനപ്പെടുത്തിയും 20-25 സംയോജിത വാര്‍ഷിക വളര്‍ച്ച നേടാനാണ് ആസ്റ്റര്‍ ശ്രദ്ധിക്കുന്നത്.

കിടക്കകള്‍ 6,800ലെത്തും

ബ്ലാക്ക്‌സ്റ്റോണിന്റെ പിന്തുണയുള്ള ക്വാളിറ്റി കെയര്‍ ഇന്ത്യയുമായുള്ള ലയനം കമ്പനിയുടെ മൊത്തം ശേഷി ഉയര്‍ത്തിയതായും കൂടുതല്‍ ഏറ്റെടുക്കലുകള്‍ വഴി വളര്‍ച്ച നേടാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അലീഷ മൂപ്പന്‍ പറയുന്നു.

ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഏറ്റെടുക്കലോടെ 2027 സാമ്പത്തിക വര്‍ഷത്തോടെ 6,800 കിടക്കകളിലേക്ക് ആസ്റ്ററിനെ ഉയര്‍ത്തുകയാണ് ലക്ഷ്യം. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ലയനത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചേക്കും. അത് ലഭിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ ലയനം പൂര്‍ത്തിയാക്കാനാകുമെന്നും അലീഷ പറയുന്നു.

ഓഹരി പണയം 41% ആക്കും

ആഗോള ധനകാര്യ സ്ഥാപനങ്ങളുമായുള്ള ഡെറ്റ് റീഫിനാന്‍സിംഗ് ഇടപാടിനു ശേഷം ഓഹരി പണയം 99 ശതമാനത്തില്‍ 41 ശതമാനമായി കുറച്ചു. അടുത്ത 12 മാസത്തിനുള്ളില്‍ ഇത് കുറച്ചുകൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്. ലയനം ഇതില്‍ നിര്‍ണായകമായ പങ്കുവയ്ക്കുമെന്നും അലീഷ പറയുന്നു. ജി.സി.സി. ബിസിനസ് വില്‍പ്പനയക്ക് വേണ്ടിയുള്ള വായ്പയ്ക്കായാണ് ഓഹരി പണയം വച്ചത്. വില്‍പ്പനയ്ക്കും പ്രത്യേക ഡിവിഡന്റിനും ശേഷം വായ്പയുടെ നല്ലൊരു പങ്കും തിരിച്ചടയ്ക്കാന്‍ ആസ്റ്ററിന് സാധിച്ചു. പുന:സംഘടന കമ്പനിയുടെയും പ്രമോട്ടര്‍മാരുടെയും സാമ്പത്തിക സ്ഥിതി കരുത്തുറ്റതാക്കിയെന്നും അലീഷ മൂപ്പന്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com