ആസ്റ്ററിന് ഇന്ത്യയില്‍ വമ്പന്‍ വികസന പദ്ധതി; സ്‌പെഷ്യല്‍ ലാഭവിഹിതം ആഘോഷമാക്കി ഓഹരികളില്‍ കുതിപ്പ്

മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ നിയന്ത്രണത്തിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ രാജ്യത്ത് ആയിരം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് നിക്ഷേപം. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ആശുപത്രി ശൃംഖലയിലേക്ക് 1,700 കിടക്കകള്‍ കൂട്ടിച്ചേര്‍ക്കും. ഇതോടെ മൊത്തം കിടക്കകളുടെ എണ്ണം 6,600 ആയി ഉയരും. സ്വന്തമായി ആശുപത്രികള്‍ നിര്‍മിച്ചും മറ്റ് ആശുപത്രികള്‍ ഏറ്റെടുത്തുമാണ് ഈ ലക്ഷ്യം നേടുക.

വിഭജനത്തിന് പിന്നാലെ
അടുത്തിടെ ഗള്‍ഫിലെയും ഇന്ത്യയിലെയും ബിസിനസുകള്‍ ആസ്റ്റര്‍ വിഭജിച്ചിരുന്നു. 90.7 കോടി ഡോളറിനാണ് ദുബൈയിലെ ആല്‍ഫ ജി.സി.സി ഹോള്‍ഡിംഗ്‌സ് ഗള്‍ഫ് ബിസിനസ് ഏറ്റെടുത്തത്. ആസ്റ്റര്‍ ഗ്രൂപ്പും ഫജ്ര്‍ കാപ്പിറ്റലും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ആല്‍ഫ.
ആല്‍ഫയില്‍ 35 ശതമാനം ഓഹരികള്‍ ഡോ.ആസാദ് മൂപ്പന്‍ നയിക്കുന്ന അഫിനിറ്റി ഹോള്‍ഡിംഗ്‌സിനാണ്. 65 ശതമാനം ഫജ്ര്‍ കാപ്പിറ്റലിനും. ഈ മാസമാദ്യമാണ് വിഭജന പ്രക്രിയകള്‍ പൂര്‍ത്തിയായത്.

പ്രത്യേക ലാഭവിഹിതവും

ഇന്ത്യ-ഗള്‍ഫ് ബിസിനസ് വിഭജനത്തെ തുടര്‍ന്ന് ഓഹരി ഉടമകള്‍ക്ക് പ്രത്യേക ലാഭവിഹിതവും ആസ്റ്റര്‍ പ്രഖ്യാപിച്ചിരുന്നു.
ഓഹരി ഒന്നിന് 118 രൂപ വീതം നല്‍കാനാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ഏപ്രില്‍ 23 ആയിരിക്കും ലാഭവിഹിതത്തിന് അര്‍ഹരായ നിക്ഷേപകരെ കണ്ടെത്താനുള്ള റെക്കോഡ് തീയതി. അടുത്ത 30 ദിവസത്തിനകം അര്‍ഹരായവര്‍ക്ക് ലാഭവിഹിതം ലഭിക്കും.

ഉത്സാഹത്തില്‍ ഓഹരികള്‍

ആസ്റ്റര്‍ ഓഹരികള്‍ ഇന്നലെ 558.30 രൂപ വരെ ഉയര്‍ന്ന് റെക്കോഡിട്ടിരുന്നു. വ്യാപാരാന്ത്യം 7.13 ശതമാനം ഉയര്‍ച്ചയോടെ 522.75 രൂപയിലായിരുന്നു ഓഹരി. ഇന്ന് രാവിലത്തെ സെഷനില്‍ നേരിയ നേട്ടത്തിലാണ് ഓഹരിയുള്ളത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 21 ശതമാനത്തിലധികം നേട്ടമാണ് ആസ്റ്റര്‍ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്. മൂന്ന് വര്‍ഷക്കാലയളവില്‍ 261.27 ശതമാനവും ഒരു വര്‍ഷക്കാലയളവില്‍ 111.06 ശതമാനവുമാണ് ഓഹരിയുടെ നേട്ടം.

Related Articles
Next Story
Videos
Share it