

പ്രവാസി മലായാളിയായ ഡോ. ആസാദ് മൂപ്പന്‍ നയിക്കുന്ന ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മഹാരാഷ്ട്ര കോലാപൂരിലെ പ്രേരണ ഹോസ്പിറ്റല്‍ ലിമിറ്റഡിന്റെ (ആസ്റ്റര്‍ ആധാര്‍) ശേഷിക്കുന്ന ഓഹരികള്‍ കൂടി ഏറ്റെടുക്കാന്‍ കരാര്‍ ഒപ്പു വച്ചു.
ഇതോടെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ കൈവശമാകും കമ്പനിയുടെ 100 ശതമാനം ഓഹരികളും. നേരത്തെ 87 ശതമാനം ഓഹരികളാണ് ആസ്റ്റര്‍ സ്വന്തമാക്കിയിരുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരിക്കും ഇടപാട് പൂര്‍ത്തിയാക്കുക. 2025 ഡിസംബറോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് ആസ്റ്റര്‍ ഡി.എം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരിക്കുന്നത്.
കോലാപ്പൂരിലെ 254 കിടക്കകളുള്ള ആസ്റ്റര്‍ ആധാര്‍ ആശുപത്രി നഗരത്തിലെ ഏറ്റവും സമഗ്രമായ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്. ഗുണനിലവാരമുള്ള ആരോഗ്യപരിപാലനത്തിനുള്ള മാനദണ്ഡമായ എന്‍.എബിഎ.ച്ച് അക്രഡിറ്റേഷന്‍ നേടിയ ഈ മേഖലയിലെ ആദ്യത്തെ ആശുപത്രിയാണിത്. ഏറ്റെടുക്കലിനു ശേഷം ആസ്റ്ററിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായി പ്രേരണ ഹോസ്പിറ്റല്‍ മാറും.
1996ല്‍ സ്ഥാപിതമായ പ്രേരണ ഹോസ്പിറ്റല്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 120.56 കോടി രൂപയുടെ വിറ്റുവരവ് നേടിയിട്ടുണ്ട്. 2022-23ല്‍ 98.92 കോടിയും 2021-22ല്‍ 91.67 കോടി രൂപയുമായിരുന്നു വിറ്റു വരവ്.
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന നൂതന ആരോഗ്യ പരിപാലന ആവശ്യകത നിറവേറ്റാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പര്യാപ്തമാണെന്നും അടുത്ത 5 വര്‍ഷത്തിനുള്ളില്‍, അതായത് 2025-29 സാമ്പത്തിക വര്‍ഷത്തോടെ ഉയര്‍ന്ന ഒക്യുപന്‍സിയുടെയും ശേഷി വർധനയുടെയും പിന്‍ബലത്തില്‍ ഇന്ത്യന്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 18-20 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച (CAGR) വളര്‍ച്ച കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ (EBITDA Margin) 23-25 ശതമാനമെത്തുമെന്നും ആസ്റ്റര്‍ പ്രതീക്ഷിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സേവന കമ്പനികളിലൊന്നാണ് ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍. രാജ്യത്ത് 19 ആശുപത്രികളിലായി 4,994 കിടക്കകള്‍ കമ്പനിക്കുണ്ട്. അതു കൂടാതെ 13 ക്ലിനിക്കുകള്‍, 212 ഫാര്‍മസികള്‍ (ആസ്റ്ററിന്റെ ബ്രാന്‍ഡ് ലൈസന്‍സില്‍ ആല്‍ഫവണ്‍ റീറ്റെയ്ല്‍ ഫാര്‍മസീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതിന്റെ പ്രവര്‍ത്തനം നടത്തുന്നത്), 232 ലാബുകള്‍ എന്നിവ കൂടാതെ അഞ്ച് സംസ്ഥാനങ്ങളില്‍ പേഷ്യന്റ് എക്‌സ്പീരിയന്‍സ് സെന്ററുകളുമുണ്ട്.
പ്രിഫറൻഷ്യൽ ഓഹരികൾ വിറ്റഴിച്ച് മൂലധന സമാഹരണം നടത്താൻ ആസ്റ്റർ ഡി. എം ഹെൽത്ത്‌കെയറിനു പദ്ധതിയുണ്ട്. അഞ്ചു ശതമാനം ഓഹരികളാണ് ഇത് വഴി വിറ്റഴിക്കുക. എന്നാൽ എത്ര തുകയാണ് സമാഹരിക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നവംബർ 29 ന് നടക്കുന്ന ബോർഡ് യോഗത്തിൽ ഓഹരിയുടമകളുടെ അനുമതി തേടും.
ഇന്നലെ ആസ്റ്റര്‍ ഓഹരികള്‍ നേരിയ താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലത്തെ വ്യാപാരത്തില്‍ ഓഹരി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 33 ശതമാനവും ആറ് മാസക്കാലയളവില്‍ 18 ശതമാനവും നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine