ആസ്റ്റര്‍ കൂടുതല്‍ ആശുപത്രികളെ ഏറ്റെടുക്കാനൊരുങ്ങുന്നു, ഇനി ശ്രദ്ധ ഇന്ത്യയില്‍

പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളെ ഏറ്റെടുക്കാനൊരുങ്ങുന്നു.ഇന്ത്യയിലെയും ഗള്‍ഫിലെയും ബിസിനസ് രണ്ട് സ്വതന്ത്ര കമ്പനികളായി വേര്‍തിരിച്ച ആസ്റ്റര്‍, ഇനി കൂടുതല്‍ ശ്രദ്ധയൂന്നുക ഇന്ത്യയിലാകും.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,500 കിടക്കകള്‍ കൂടി ആശുപത്രി ശൃംഖലയിലേക്ക് കൂട്ടിചേര്‍ക്കുകയാണ് ലക്ഷ്യം. നിലവില്‍ 4,800 ബെഡുകളാണ് ആസ്റ്ററിന് രാജ്യത്തുള്ളത്. ലിസ്റ്റ് ചെയ്തിട്ടില്ലാത്ത എന്നാല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കമ്പനികളെ ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബ്ലൂം ബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പന്‍ പറഞ്ഞു.

ഗള്‍ഫ് ബിസിനസ് നിയന്ത്രണം ഫജ്‌റിന്‌

കഴിഞ്ഞ മാസമാണ് ആസ്റ്ററിന്റെ ഗള്‍ഫ് ബിസിനസ് ആല്‍ഫ ജി.സി.സി ഹോള്‍ഡിംഗ്‌സിന് വിറ്റത്. 100 കോടി ഡോളറിന്റേതായിരുന്നു (ഏകദേശം 8,300 കോടി രൂപ) ഇടപാട്. ദുബൈയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഫജ്‌ര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ആല്‍ഫ ജി.സി.സി. ഇതില്‍ ആസ്റ്റര്‍ ഗ്രൂപ്പിന് 35 ശതമാനം ഓഹരിയുണ്ട്. ബാക്കി 65 ശതമാനം ഓഹരിയും കൈവശം വയ്ക്കുന്ന ഫജ്‌റിനാണ് ഇനി ഗള്‍ഫ് ബിസിനസിന്റെ നിയന്ത്രണം. ഗള്‍ഫ് ബിസിനസിന്റെയും ചെയര്‍മാനായി ഡോ.ആസാദ് മൂപ്പന്‍ തുടരും. ഡോ.മൂപ്പന്റെ മകള്‍ അലീഷ മൂപ്പന്‍ ഗള്‍ഫ് ബിസിനസിന്റെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായിരിക്കും.

നിലവിലെ ഓഹരി ഉടമകള്‍ക്ക് ലാഭവീതമായി നല്‍കാനും ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കായുമാണ് ഇടപാട് വഴി ലഭിച്ച തുക വിനിയോഗിക്കുക. ആസ്റ്റര്‍ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത ശേഷം ഇതുവരെ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കിയിരുന്നില്ല. ഓഹരിയുടമകള്‍ക്ക് മെച്ചപ്പെട്ട നേട്ടം നല്‍കാനാണ് ഗള്‍ഫ് ബിസിനസ് വേര്‍പെടുത്തുന്നതെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു.
ഒറ്റ മുറിയില്‍ നിന്ന്
1987ല്‍ ദുബൈയില്‍ ഒറ്റമുറി ക്ലിനിക്കില്‍ തുടങ്ങിയ ആസ്റ്ററിന് നിലവില്‍ ഇന്ത്യയിലും ഗള്‍ഫിലുമായി 34 ആശുപത്രികളും നൂറു കണക്കിന് ക്ലിനിക്കുകളുമുണ്ട്. ഇന്ത്യയില്‍ മാത്രം 5 സംസ്ഥാനങ്ങളിലായി 19 ആശുപത്രികള്‍, 13 ക്ലിനിക്കുകള്‍, 226 ഫാര്‍മസികള്‍, 251 പേഷ്യന്റ് എക്‌സ്പീരിയന്‍സ് സെന്റുകള്‍ എന്നിവ ഗ്രൂപ്പിന് കീഴിലുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഇരു രാജ്യങ്ങളിലെയും ബിസിനസ് വേര്‍തിരിക്കാന്‍ ഉപദേഷ്ടാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു ആസ്റ്റര്‍.
ആസ്റ്ററിന്റെ ഹോസ്പിറ്റലുകളുടെ പകുതിയിലധികവും ഇന്ത്യയിലാണ്. എന്നാല്‍ മൊത്തം വരുമാനത്തിന്റെ നാലിലൊന്ന് മാത്രമാണ് ഇന്ത്യന്‍ ബിസിനസില്‍ നിന്ന് ലഭിക്കുന്നത്.
ഓഹരിയുടെ നേട്ടം
ഗള്‍ഫ് ബിസിനസ് വില്‍ക്കുന്നതായി പ്രഖ്യാപനം വന്നതിനു ശേഷം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ 20 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തില്‍ 44 ശതമാനവും ഈ വര്‍ഷം ഇതു വരെ 75.61 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍. വെള്ളിയാഴ്ച 0.95 ശതമാനത്തിന്റെ നേരിയ ഇടിവോടെ 403.05 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 20,132 കോടി രൂപയാണ് ആസ്റ്ററിന്റെ വിപണി മൂല്യം.

Related Articles

Next Story

Videos

Share it