വമ്പൻ ഡിവിഡന്‍ഡ് നല്‍കാനൊരുങ്ങി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍; ഓഹരി കുതിച്ചുയര്‍ന്നു

മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള പ്രമുഖ ആരോഗ്യ സേവന ശൃംഖയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഗള്‍ഫ് ബിസിനസ് വിറ്റഴിച്ച് നേടുന്ന പണത്തിന്റെ നല്ലൊരു പങ്ക് ഡിവിഡന്‍ഡ് വിതരണത്തിനായി ഉപയോഗിക്കാനൊരുങ്ങുന്നു. ഓഹരിയൊന്നിന് 110-120 രൂപ വീതം ഓഹരിയുടമകള്‍ക്ക് ഡിവിഡന്‍ഡ് നല്‍കാനുണുദ്ദേശിക്കുന്നതെന്ന് എക്സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആസ്റ്റര്‍ പറഞ്ഞു. ഓഹരിയുടമകളുടെ അനുമതിക്കും വില്‍പ്പന ഇടപാട് പൂര്‍ത്തിയാക്കലിനും ശേഷമായിരിക്കും ഡിവിഡന്‍ഡ് പ്രഖ്യാപിക്കുക.

പ്രമോട്ടര്‍മാര്‍ക്ക് സ്വന്തംപേരിലും വിവിധ കമ്പനികളുടെ പേരിലുമായി 20.92 കോടി ഓഹരികള്‍ (41.88%) ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിലുണ്ട്. 120 രൂപ വീതം ഡിവിഡന്‍ഡ് പ്രഖ്യാപിച്ചാല്‍ 2,510 കോടി രൂപയോളം പ്രമോട്ടര്‍മാരുടെ കീശയില്‍ വീഴും. മൊത്തം 49.95 കോടി ഓഹരികളാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിനുള്ളത്. അതിനാല്‍ ഓഹരിയൊന്നിന് 120 രൂപ വീതം ഡിവിഡന്‍ഡ് പ്രഖ്യാപിച്ചാല്‍ 5,994 കോടി രൂപയോളം ഇതിനായി വേണ്ടി വരും.

ഓഹരിയില്‍ കുതിപ്പ്

ഡിവിഡന്റ് വാര്‍ത്തകളെ തുടര്‍ന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ ഇന്ന് 11 ശതമാനത്തോളം കുതിച്ചു കയറി. 52 ആഴ്ചത്തെ ഉയര്‍ന്ന വിലയും പിന്നിട്ട ഓഹരി 449.70 രൂപയിലാണ് നിലവില്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ 163 ശതമാനത്തലധികം നേട്ടമാണ് ഓഹരി നല്‍കിയിട്ടുള്ളത്. ഒരു വര്‍ഷക്കാലയളവില്‍ 92 ശതമാനവും മൂന്ന് മാസക്കാലയളവില്‍ 27 ശതമാനവുമാണ് ഓഹരിയുടെ നേട്ടം.

ഒരു മാസം മുന്‍പാണ് ദുബൈ ആസ്ഥാനമായുള്ള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന് ഗള്‍ഫ് രാജ്യങ്ങളിലെ ബിസിനസ് ആല്‍ഫാ ജി.സി.സി ഹോള്‍ഡിംഗ്‌സിന് 100 കോടി ഡോളറിന് (83,00 കോടി രൂപ) വിറ്റഴിക്കാന്‍ അനുമതി നല്‍കിയത്. മൊത്തം തുകയില്‍ 90.3 കോടി ഡോളര്‍ (7,450 കോടി രൂപ) ഇടപാട് അവസാനിക്കുമ്പോഴും ബാക്കി തുക ചില നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിനനുസരിച്ചും തീര്‍പ്പാക്കുമെന്നാണ് കരാര്‍.
ഗള്‍ഫ് ബിസനസ് വില്‍പ്പനയ്ക്ക് ശേഷം ഉത്തരേന്ത്യന്‍ വിപണിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആസ്റ്റര്‍ ഉദ്ദേശിക്കുന്നത്

ഗള്‍ഫ് ബിസിനസ്

ദുബൈയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഫജ്ര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ആല്‍ഫ ജി.സി.സി. ആസ്റ്റര്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ആസാദ് മൂപ്പന്‍ നയിക്കുന്ന അഫിനിറ്റി ഹോള്‍ഡിംഗ്‌സിന് ഇതില്‍ 35 ശതമാനം ഓഹരിയുണ്ട്. ബാക്കി 65 ശതമാനം ഫജ്‌റിനാണ്. വില്‍പ്പനയ്ക്ക് ശേഷം ഗള്‍ഫ് ബിസിനസിന്റെ പൂര്‍ണ നിയന്ത്രണം ഫജ്‌റിനായിരിക്കും. ഇന്ത്യ-ഗള്‍ഫ് ബിസിനസുകളുടെ മാനേജിംഗ് ഡയറക്ടറായി ആസാദ് മൂപ്പന്‍ തുടരും. മകള്‍ അലീഷ മൂപ്പന്‍ ഗള്‍ഫ് ബിസിനസിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമാകും.

ഗള്‍ഫില്‍ 1,439 കിടക്കകളോടെ മൊത്തം 15 ആശുപത്രികളാണ് ആസ്റ്ററിനുള്ളത്. ഇതു കൂടാതെ 115 ക്ലിനിക്കുകളും 264 ഫാര്‍മസികളും പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it