ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയറിന് രണ്ടാം പാദ ലാഭത്തില്‍ 34% വളര്‍ച്ച, വരുമാനം ₹2,829 കോടി

ലയനത്തിനുശേഷമുള്ള ആദ്യ സമ്പൂര്‍ണ പാദത്തില്‍ വരുമാനത്തില്‍ 19 ശതമാനത്തിന്റെ വന്‍ മുന്നേറ്റം
aster hospitals
Dr. Azad Moopan
Published on: 

പ്രമുഖ ഹെല്‍ത്ത്‌കെയര്‍ സേവന ദാതാക്കളായ ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (Q2 FY27) മികച്ച വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 19 ശതമാനം വര്‍ധിച്ച് 2,829 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,382 കോടി രൂപയായിരുന്നു വരുമാനം.

കമ്പനിയുടെ സാധാരണ അറ്റാദായം (Normalised PAT) 34 ശതമാനം ഉയര്‍ന്ന് 281 കോടി രൂപയായി. മുന്‍ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇത് 210 കോടി രൂപയായിരുന്നു.

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറും ക്വാളിറ്റി കെയര്‍ ഇന്ത്യയും (Quality Care India) തമ്മിലുള്ള ലയനത്തിനുശേഷമുള്ള കമ്പനിയുടെ ആദ്യ സമ്പൂര്‍ണ പാദമാണിത്. 2026 ജൂലൈ 1-നാണ് ഒറ്റ പ്ലാറ്റ്ഫോമായി പ്രവര്‍ത്തനം ആരംഭിച്ചത്. മികച്ച പ്രവര്‍ത്തനക്ഷമതയുടെയും ക്ലിനിക്കല്‍ മികവിന്റെയും കരുത്തിലാണ് കമ്പനി ശക്തമായ വളര്‍ച്ച കൈവരിച്ചിരിക്കുന്നത്.

കമ്പനിയുടെ ഓപ്പറേറ്റിങ് എബിറ്റ 25 ശതമാനം വര്‍ധിച്ച് 678 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ എബിറ്റ മാര്‍ജിന്‍ 111 ബേസിസ് പോയിന്റ് വര്‍ധിച്ച് 24 ശതമാനത്തിലെത്തി.

ഒക്യുപന്‍സി നിരക്കും രോഗികളുടെ എണ്ണവും വര്‍ധിച്ചു

ഈ പാദത്തില്‍ ബെഡ് ഒക്യുപെന്‍സി നിരക്ക് 65 ശതമാനത്തില്‍ നിന്ന് 68 ശതമാനമായി ഉയര്‍ന്നു. ഈ പാദത്തില്‍ ആകെ 22 ലക്ഷം രോഗികള്‍ ചികിത്സ തേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനമാണ് വര്‍ധന.

റോബോട്ടിക് സര്‍ജറികള്‍, കിഡ്നി മാറ്റിവെക്കലുകള്‍, ജോയിന്റ് റീപ്ലേസ്മെന്റുകള്‍ തുടങ്ങിയ സങ്കീര്‍ണമായ ചികിത്സാ വിഭാഗങ്ങളില്‍ യഥാക്രമം 39%, 31%, 29% എന്നിങ്ങനെ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ ടൂറിസം (MVT) രംഗത്തും 31 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

സാമ്പത്തിക ഫലങ്ങള്‍ക്ക് പുറമെ, ഗ്രൂപ്പിനുള്ളിലെ മൂലധന പുനഃസംഘടനയുടെ ഭാഗമായി പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ശ്രീ സായിനാഥ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍സിന് നല്‍കിയ 102.46 കോടി രൂപയുടെ വായ്പ ഇക്വിറ്റി ഓഹരികളാക്കി മാറ്റാനും ആസ്റ്റര്‍ ബോര്‍ഡ് അനുമതി നല്‍കി. കൂടാതെ കമ്പനിയുടെ കോര്‍പ്പറേറ്റ് ഗവേണന്‍സ് മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റിലേറ്റഡ് പാര്‍ട്ടി ഇടപാടുകള്‍ കുറയ്ക്കുന്നതിനായി ഡിഎം ഇആര്‍എഫുമായുള്ള (DMERF) രണ്ട് കരാറുകള്‍ അവസാനിപ്പിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ പാദത്തില്‍ ആസ്റ്റര്‍ റായ്പൂരില്‍ 32 കിടക്കകളുള്ള 'കെയര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്' ആരംഭിച്ചിരുന്നു. കൂടാതെ, ബെംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐയില്‍ 'ആരിസ് റോബോട്ടിക് സ്‌പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്' (ARISE) ആരംഭിച്ചു. കഴിഞ്ഞ 18 മാസത്തിനിടയില്‍ മെഡിക്കല്‍ സാങ്കേതികവിദ്യയ്ക്കായി 600 കോടിയിലധികം രൂപയാണ് ആസ്റ്റര്‍ നിക്ഷേപിച്ചത്.

Aster DM Quality Care approves converting a ₹102.46 crore loan into equity shares of Sri Sainatha Multispeciality Hospitals and terminates operational agreements with DMERF to streamline related-party transactions.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```