Begin typing your search above and press return to search.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ബംഗളൂരുവില്‍ വന്‍ വിപുലീകരണത്തിന്; ₹250 കോടി നിക്ഷേപിക്കും
മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റലില്‍ വന്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു. ഇതിനായി 250 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മൂന്ന് ലക്ഷം ചതുരശ്ര അടി കൂടി വിപുലീകരിക്കും. ഇതുവഴി കിടക്കകളുടെ എണ്ണം 500ല്‍ നിന്ന് 850 ആക്കി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ ബംഗളൂരുവിലെ മൊത്തം കിടക്കകളുടെ എണ്ണം 1,602 ആയി ഉയരും. 2026-2027 സാമ്പത്തിക വര്‍ഷത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആരോഗ്യശൃഖലയായി മാറുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റല്‍ 4.45 ലക്ഷം ചതുരശ്ര അടിയിലാണ് ഒരുക്കിയിട്ടുള്ളത്. 2016ലാണ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ആയിരം കോടിയുടെ വികസന പദ്ധതികള്‍
ഗള്‍ഫ് ബിസിനസില്‍ നിന്ന് വേര്‍പെടുത്തിയ ഇന്ത്യന്‍ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് വരികയാണ് കമ്പനി. 2027ഓടെ ആസ്റ്ററിന്റെ ആശുപത്രി ശൃംഖലയിലേക്ക് 1,700 കിടക്കകള്‍ കൂട്ടിച്ചേര്‍ക്കാനാണ് ലക്ഷ്യം. ഇതോടെ മൊത്തം കിടക്കകളുടെ എണ്ണം 6,600ലധികമാകും. സ്വന്തമായി ആശുപത്രികള്‍ സ്ഥാപിക്കുന്നതിനൊപ്പം ചെറിയ ആശുപത്രികളെ ഏറ്റെടുത്തും വിപുലീകരിക്കാനാണ് പദ്ധതി.
രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രി ശൃംഖലകളില്‍ മൂന്നാം സ്ഥാനമാണ് ആസ്റ്റര്‍ കണ്ണുവയ്ക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്തും കാസര്‍കോഡും പുതിയ ആശുപത്രികള്‍ നിര്‍മിക്കുന്നുണ്ട്. ഇതുകൂടാതെ നിലവിലുള്ള പല ആശുപത്രികളുടെയും ശേഷി വര്‍ധിപ്പിക്കുന്നുമുണ്ട്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് സാന്നിധ്യം വിപുലപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്. ആയിരം കോടി രൂപയാണ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നത്.
നിലവില്‍ ആസ്റ്ററിന് ആറ് സംസ്ഥാനങ്ങളിലായി 19 ആശുപത്രികളും 4,867 കിടക്കുകളും 13 ക്ലിനിക്കുകളും 215 ഫാര്‍മസികളും 232 ലാബുകളുമുണ്ട്.
ഓഹരികളില്‍ ഉയര്‍ച്ച
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ ഇന്ന് 3.50 ശതമാനം വരെ ഉയര്‍ന്ന് 381 രൂപ വരെയെത്തിയിരുന്നു. വ്യാപാരാന്ത്യത്തില്‍ 2.49 ശതമാനം ഉയര്‍ന്ന് 375 രൂപയിലാണ് ഓഹരിയുള്ളത്. ഒരു വര്‍ഷക്കാലയളവവില്‍ 150 ശതമാനത്തിലധികം റിട്ടേണ്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍.
Next Story
Videos