
പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ മികച്ച വരുമാനം നേടിയത് ഇന്ന് ഓഹരികളില്‍ എട്ട് ശതമാനത്തോളം കുതിപ്പുണ്ടാക്കി.
ഗൾഫ് ബിസിനസ് വിറ്റ ശേഷം തുടർന്നുവരുന്ന ബിസിനസിന്റെ ലാഭം മുൻ സാമ്പത്തിക വർഷത്തെ ജൂൺ പാദത്തിലെ 44.68 കോടി രൂപയിൽ നിന്ന് കഴിഞ്ഞ പാദത്തിൽ 81 കോടിയായി. മാർച്ചിൽ അവസാനിച്ച പാദത്തിൽ ലാഭം 41.75 കോടിയായിരുന്നു.
ജി.സി.സി ബിസിനസ് വിൽപ്പന ഏപ്രിൽ മൂന്നിന് പൂർത്തിയായിരുന്നു. അത് പ്രകാരം ജൂൺ പാദത്തിലെ ലാഭം 5,152 കോടിയായി. മുൻവർഷത്തിൽ സമാന പാദത്തിൽ ഇത് 19.85 കോടി ആയിരുന്നു. ജി. സി. സി ബിസിനസ് വിറ്റത് വഴി ലഭിച്ച നേട്ടം 5,071 കോടി രൂപയാണ്.
ഇന്ത്യ ബിസിനസിൽ നിന്നുള്ള കമ്പനിയുടെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ജൂൺ പാദത്തിലെ 849 കോടി രൂപയില്‍ നിന്ന് 1,050.59 കോടി രൂപയായി. തൊട്ടു മുന്‍ പാദത്തിലിത് (മാർച്ച്) 977.67 കോടി രൂപയായിരുന്നു.
ഗള്‍ഫ് ബിസിനസ് വേര്‍പെടുത്തിയ ആസ്റ്റര്‍ പൂര്‍ണമായും ഇന്ത്യന്‍ ബിസിനസില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത്. ഇന്ത്യ ബിസിനസില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചതു മൂലം ശരാശരി ബെഡ് വരുമാനം ഉയര്‍ന്നതാണ് 20 ശതമാനം വളര്‍ച്ചയോടെ 1,002 കോടി രൂപ വരുമാനം നേടാന്‍ സഹായിച്ചതെന്നും ആസ്റ്റര്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ആസാദ് മൂപ്പന്‍ പറഞ്ഞു.
കിടക്കകളുടെ എണ്ണം കൂടി
ജൂണ്‍ പാദത്തില്‍ 446 കിടക്കകളാണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ മൊത്തം കിടക്കകളുടെ എണ്ണം 4,869 ആയി. മുന്‍ വര്‍ഷം ജൂണ്‍ അവസാനിക്കുമ്പോള്‍ 4,423 കിടക്കകളാണ് ഉണ്ടായിരുന്നത്. 2027 സാമ്പത്തിക വര്‍ഷത്തോടെ 17,00 ബെഡുകള്‍ കൂട്ടിച്ചേര്‍ത്ത് മൊത്തം കിടക്കകളുടെ എണ്ണം 6,500 ആക്കി ഉയര്‍ത്താനാണ് ആസ്റ്റര്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 434 കിടക്കകളും അടുത്ത സാമ്പത്തിക വര്‍ഷം 339 കിടക്കകളും 2027 സാമ്പത്തിക വര്‍ഷത്തോടെ 904 ബെഡുകളുമാണ് ഉദ്ദേശിക്കുന്നത്.
പുതിയ ഹോസ്പിറ്റലുകള്‍ നിര്‍മിക്കുന്നതിനൊപ്പം മറ്റ് ചില ഹോസ്പിറ്റലുകളെ ഏറ്റെടുത്തുകൊണ്ടുമാണ് ആസ്റ്ററിന്റെ വിപുലീകരണം. നിലവില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന് ആറ് സംസ്ഥാനങ്ങളിലായി 19 ആശുപത്രികള്‍, 13 ക്ലിനിക്കുകള്‍, 215 ഫാര്‍മസികള്‍, 232 ലാബുകള്‍ എന്നിവയുണ്ട്.
ഓഹരിയുടെ നേട്ടം
ഇന്നലെ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ച ശേഷമാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ പാദഫലപ്രഖ്യാപനത്തെ കുറിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. ഇന്ന് രാവിലത്തെ സെഷനില്‍ 8 ശതമാനത്തോളം ഉയര്‍ന്ന് ഓഹരി വില 327.9 രൂപ വരെയെത്തി. വ്യാപാരാന്ത്യത്തില്‍ 6.04 ശതമാനം ഇടിഞ്ഞ് 368 രൂപയിലാണ് ഓഹരിയുള്ളത്. ഈ വര്‍ഷം ഇതു വരെ 15 ശതമാനമാണ് ഓഹരിയുടെ നേട്ടം.
Read DhanamOnline in English
Subscribe to Dhanam Magazine