ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍

നിലവില്‍ 736 വിമാനക്കമ്പനികള്‍ 5.1 ബില്യണ്‍ യാത്രക്കാരെ വഹിക്കുകയും 3.87 മില്യണ്‍ വിമാന സര്‍വീസുകള്‍ നടത്തുകയും ചെയ്യുന്നു
huddle-global-2026
ഹഡില്‍ ഗ്ലോബലിന്‍റെ സമാപന ദിനത്തില്‍ എഐ കാലത്ത് ആഗോള യാത്രാമേഖലയുടെ ഭാവിയെ ആര് നയിക്കും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്ന നാവിക് ടെക്‌നോളജി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ലത റാണി എസ്.Image courtesy: Canva
Published on: 

ആഗോള ജിഡിപിയിലേക്ക് 4.1 ട്രില്യണ്‍ ഡോളറിന്‍റെ സംഭാവന നല്‍കുന്ന വ്യോമയാന മേഖല പ്രതിവര്‍ഷം 4.6 ശതമാനം വളര്‍ച്ച കൈവരിക്കുന്നതായി നാവിക് ടെക്നോളജി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ലത റാണി എസ് പറഞ്ഞു. ആഗോള ജിഡിപിയുടേതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിതെന്നും അവര്‍ വ്യക്തമാക്കി.

ഹഡില്‍ ഗ്ലോബല്‍ 2026 ന്‍റെ സമാപന ദിനത്തില്‍ 'എഐ കാലത്ത് ആഗോള യാത്രാമേഖലയുടെ ഭാവിയെ ആര് നയിക്കും' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നിലവില്‍ 736 വിമാനക്കമ്പനികള്‍ 5.1 ബില്യണ്‍ യാത്രക്കാരെ വഹിക്കുകയും 3.87 മില്യണ്‍ വിമാന സര്‍വീസുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. നാലായിരത്തിലധികം വിമാനത്താവളങ്ങളുള്ള ഈ മേഖല 8.65 കോടി തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതായി അവര്‍ പറഞ്ഞു.

എഐ യാത്രാമേഖലയെ കൂടുതല്‍ കാര്യക്ഷമവും സുഗമവുമാക്കുമെങ്കിലും സാഹചര്യങ്ങളെ ആഴത്തില്‍ മനസിലാക്കാനുള്ള മനുഷ്യന്‍റെ കഴിവിന് പകരമാകില്ലെന്ന് ലത റാണി അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയിലെ അറിവിനൊപ്പം തുടര്‍ച്ചയായി പഠിക്കാനുള്ള കഴിവും ഭാവിയില്‍ പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യാത്രക്കാരുടെ ആവശ്യങ്ങളും താത്പര്യവും തിരിച്ചറിഞ്ഞ് കൂടുതല്‍ വ്യക്തിഗതവും മികച്ചതുമായ യാത്രാനുഭവങ്ങള്‍ ഒരുക്കുന്നതില്‍ എഐയും ഡാറ്റയും നിര്‍ണായക പങ്കുവഹിക്കുമെന്നും അവര്‍ വ്യക്തമാക്കി.

2026 ജൂലൈയില്‍ ഐബിഎസ് സോഫ്റ്റ്‌വെയര്‍ ആരംഭിച്ച എഐ അധിഷ്ഠിത കമ്പനിയാണ് നാവിക്. വിമാനക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, ക്രൂയിസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക് മേഖലകള്‍ക്കായി സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്ന കമ്പനി പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും പുതിയ വരുമാന സാധ്യതകള്‍ കണ്ടെത്താനും ലക്ഷ്യമിടുന്നു.

മൂന്ന് ദിവസമായി നടന്നുവരുന്ന ഹഡില്‍ ഗ്ലോബലില്‍ സാങ്കേതികവിദ്യയുടെയും സംരംഭകത്വത്തിന്‍റെയും ഭാവി രൂപപ്പെടുത്തുതിനായി സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, നിക്ഷേപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക സംരംഭകര്‍, ഇന്നൊവേറ്റേഴ്സ്, നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```