

അത്യാവശ്യമില്ലെങ്കില്‍ തല്‍ക്കാലം സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതത്വങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും നിലനില്‍ക്കുമ്പോഴും ഇന്ത്യ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 7.8 ശതമാനം എന്ന മികച്ച ജി.ഡി.പി വളര്‍ച്ച കൈവരിച്ചതില്‍ ആവേശം പങ്കുവെക്കുന്നതിനൊപ്പമാണ് മോദിയുടെ പുതിയ പരാമര്‍ശം.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യ 7.8% ജിഡിപി (GDP) വളര്‍ച്ച കൈവരിച്ചതില്‍ രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അസ്ഥിരതകള്‍ക്കിടയിലും സാമ്പത്തിക വളര്‍ച്ചയുടെ വേഗത നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ പാദത്തിലെ 8.6 ശതമാനത്തില്‍ നിന്ന് ചെറിയ കുറവുണ്ടായിട്ടുണ്ടെങ്കിലും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പ്രവചിച്ച 7 ശതമാനത്തേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്. ഇതോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുകയാണ്.
നിലവിലെ വളര്‍ച്ച നിലനിര്‍ത്തുന്നതിനും രാജ്യത്തെ കൂടുതല്‍ സ്വയംപര്യാപ്തമാക്കുന്നതിനുമായി പൗരന്മാര്‍ അനാവശ്യ സ്വര്‍ണ വാങ്ങലുകളും വിദേശ വിനോദസഞ്ചാരവും വിദേശത്തെ വിവാഹമാമാങ്കങ്ങളും ഒഴിവാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 'സ്വദേശി' ഉല്‍പ്പന്നങ്ങളും സേവനങ്ങളും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ ഇന്ത്യക്ക് വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കൂ എന്ന് മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ സ്വര്‍ണ ഉപഭോഗം അളവില്‍ കുറഞ്ഞെങ്കിലും ഇറക്കുമതിക്കായി ചെലവഴിക്കുന്ന വിദേശനാണ്യത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ബില്‍ 71.98 ബില്യണ്‍ ഡോളര്‍ (ഏകദേശം 72 ബില്യണ്‍ ഡോളര്‍) എന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. തൊട്ടുതലേ വര്‍ഷത്തെ (FY25) 58 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 24 ശതമാനത്തിലേറെ വര്‍ധനയാണ് ഇറക്കുമതി തുകയിലുണ്ടായത്.
അതായത്, ഇന്ത്യ വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവ് കുറവാണെങ്കിലും അതിനായി ചെലവഴിക്കുന്ന തുക ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്.
2025 സാമ്പത്തിക വര്‍ഷത്തില്‍ 757.09 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത സ്ഥാനത്ത് 26 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 721.03 ടണ്ണായി കുറഞ്ഞു (ഏകദേശം 5 ശതമാനം കുറവ്). അന്താരാഷ്ട്ര വിപണിില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതാണ് അളവ് കുറഞ്ഞിട്ടും ഇറക്കുമതി ചെലവ് കുത്തനെ കൂട്ടിയത്. ഇറക്കുമതി ചെയ്യുന്ന ഓരോ ടണ്‍ സ്വര്‍ണത്തിനും ഇന്ത്യ കൂടുതല്‍ തുക നല്‍കേണ്ടി വരുന്നു, ഇത് മൊത്തം ഇറക്കുമതി ബില്‍ ഉയര്‍ത്തുന്നു.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന സ്വര്‍ണത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്, ഭൂരിഭാഗവും വിദേശ രാജ്യങ്ങളെ ആശ്രയിച്ചാണ്.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇറക്കുമതി ചെയ്ത സ്വര്‍ണം വാങ്ങുമ്പോള്‍, അന്താരാഷ്ട്ര വിതരണക്കാര്‍ക്ക് പണം നല്‍കുന്നത് പ്രധാനമായും യു.എസ്. ഡോളറിലാണ്. അതിനാല്‍ സ്വര്‍ണത്തോടുള്ള താല്പര്യം കൂടുന്തോറും വിദേശ നാണ്യത്തിന്റെ ആവശ്യകതയും വര്‍ധിക്കുന്നു.
കരുതല്‍ ധനത്തിലുള്ള ഈ ഡോളര്‍ ക്രൂഡ് ഓയില്‍, വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്കും ആവശ്യമായതിനാല്‍ ഇത് രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. അനാവശ്യമായ സ്വര്‍ണ വാങ്ങലുകള്‍ ഒഴിവാക്കുന്നതിലൂടെ വിദേശനാണ്യ കരുതല്‍ ശേഖരത്തിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും.
ആദ്യമായല്ല പ്രധാനമന്ത്രി ഈ ആവശ്യം ഉന്നയിക്കുന്നത്. ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കാന്‍ മെയ് മാസത്തിലും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
വിദേശ രാജ്യങ്ങളില്‍ പോയി വിവാഹം കഴിക്കുന്ന ശീലം ഒഴിവാക്കി 'വെഡ് ഇന്‍ ഇന്ത്യ' (Wed in India) എന്ന മന്ത്രം ജീവിതത്തില്‍ പകര്‍ത്തുവാനും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, വിനോദസഞ്ചാരത്തിനായി രാജ്യത്തിനകത്തുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. വിദേശ യാത്രകള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍ എന്നിവയിലൂടെ വന്‍ തുകയാണ് പുറത്തേക്ക് ഒഴുകുന്നത്.
അത്യാവശ്യമില്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യത്തെ പ്രമുഖ ജുവലറി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദത്തിനിടയാക്കി. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (BSE) നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (NSE) ലിസ്റ്റ് ചെയ്തിട്ടുള്ള മുന്‍നിര ജുവലറി കമ്പനികളുടെ ഓഹരി വിലയില്‍ 2.25 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്.
ടാറ്റാ ഗ്രൂപ്പ് സംരംഭമായ ടൈറ്റന്‍ (Titan Company) ഓഹരി വിലയില്‍ 2 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. തൃശ്ശൂര്‍ ആസ്ഥാനമായ കല്യാണ്‍ ജുവലേഴ്സ് (Kalyan Jewellers) ഓഹരികളില്‍ 4.29 ശതമാനം വരെ ഇടിവുണ്ടായി. തങ്കമയില്‍ ജുവലറി (Thangamayil Jewellery) 1.8 ശതമാനം താഴ്ന്നാണ് വ്യാപാരം നടത്തുന്നത്.
സ്വര്‍ണവില ഉയര്‍ന്ന നിരക്കില്‍ തുടരുന്നതും, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ജുവലറി മേഖലയിലെ ഡിമാന്‍ഡിനെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിലുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ജുവലറി ഓഹരികളെ വരും ദിവസങ്ങളിലും കാര്യമായി ബാധിച്ചേക്കും.
ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശം എത്രത്തോളം സ്വര്‍ണമുണ്ടെന്നതല്ല സര്‍ക്കാരിന്റെ ആശങ്ക. മറിച്ച്, ആ ആവശ്യം നിറവേറ്റാന്‍ രാജ്യം വിദേശത്തേക്ക് എത്രമാത്രം പണം ചെലവഴിക്കുന്നു എന്നതാണ്.
അതുകൊണ്ട്, സ്വര്‍ണം വാങ്ങുന്നത് പൂര്‍ണമായി നിര്‍ത്താനല്ല. യഥാര്‍ത്ഥ ആവശ്യങ്ങളില്ലാത്തപ്പോള്‍ സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കാനാണ് പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയത്. വിദേശനാണ്യം വലിയ തോതില്‍ ചെലവാകുന്ന ഈ ഉല്‍പ്പന്നത്തിന്റെ അനാവശ്യമായ ഡിമാന്‍ഡ് കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine