മണപ്പുറം ഓഹരികള്‍ സ്വന്തമാക്കാനുള്ള ബെയിന്‍ ക്യാപിറ്റല്‍ നീക്കം അന്തിമ ഘട്ടത്തില്‍? പ്രഖ്യാപനം ഈ ആഴ്ചയെന്ന് റിപ്പോര്‍ട്ട്

രണ്ട് ഘട്ടങ്ങളായി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിന്റെ നീക്കമെന്നാണ് സൂചന
VP Nandakumar, Manappuram Finance
Image : VP Nandakumar
Published on

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ഓഹരികളേറ്റെടുക്കാനുള്ള യു.എസ് പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബെയിന്‍ ക്യാപിറ്റലിന്റെ നീക്കം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമായും മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നീണ്ടു പോയത്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ പണയ വായ്പാക്കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ ഭൂരിഭാഗം ഓഹരികള്‍ ഉടന്‍ ഏറ്റെടുത്തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രണ്ട് ഘട്ടമായിട്ടായിരിക്കും ബെയിന്‍ ക്യാപിറ്റല്‍ ഓഹരി ഏറ്റെടുക്കുക.

രണ്ട് ഘട്ടമായി ഏറ്റെടുക്കല്‍

ആദ്യഘട്ടത്തില്‍ മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപകനും സി.എം.ഡിയുമായ വി.പി നന്ദകുമാറിന്റെയും കുടുംബത്തിന്റെയും 22 ശതമാനം ഓഹരികള്‍ കാഷ് ഡീല്‍ പ്രകാരം സ്വന്തമാക്കും. 26 ആഴ്ചയിലെ ഓഹരിയുടെ ശരാശരി വിലയേക്കാള്‍ 20 ശതമാനം ഉയര്‍ന്ന വിലയ്ക്കായിരിക്കും ഏറ്റെടുക്കല്‍. മണപ്പുറം ഗ്രൂപ്പിന്റെ പ്രമോട്ടര്‍മാര്‍ 10 ശതമാനം ഓഹരികള്‍ നിലനിര്‍ത്തികൊണ്ട് രണ്ട് നോണ്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് പദവികളില്‍ തുടരും. എന്നാല്‍ ബെയിനായിരിക്കും ബിസിനസ് നിയന്ത്രിക്കുക. നിയമപരമായ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ പ്രമോട്ടര്‍മാരെ പ്രവര്‍ത്തന നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് അറിയുന്നത്.

ആദ്യഘട്ടം പൂര്‍ത്തിയാകാന്‍ 4-6 മാസമെടുത്തേക്കാം. അതിനു ശേഷം വീണ്ടും 20 ശതമാനം അധിക ഓഹരികള്‍കൂടി ഓപ്പണ്‍ ഓഫര്‍ വഴി സ്വന്തമാക്കാനാണ് ബെയിന്‍ ക്യാപിറ്റലിന്റെ പദ്ധതി. സെബിയുടെ നിബന്ധനകള്‍ക്കനുസരിച്ചായിരിക്കും ഇതിന്റെ മൂല്യം നിര്‍ണയിക്കുക.

ഈ ആഴ്ച അവസാനത്തോടെ ഏറ്റെടുക്കലിനെ കുറിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് മണപ്പുറം ഫിനാന്‍സുമായി ബന്ധപ്പെട്ടവരെ ഉദ്ദരിച്ച് സി.എന്‍.ബി.സി-ടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

വി.പി നന്ദകുമാറിനും കുടുംബത്തിനും മണപ്പുറം ഫിനാന്‍സില്‍ 35.25 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇതില്‍ 29.05 ശതമാനവും വി.പി നന്ദകുമാറിന്റെ കൈവശമാണ്.

മാസങ്ങള്‍ നീണ്ട ഇടപാട്

കഴിഞ്ഞ നവംബര്‍ ആദ്യമാണ് ബെയിന്‍ ക്യാപിറ്റല്‍ നന്ദകുമാറുമായും മണപ്പുറം ഗ്രൂപ്പമായും ചര്‍ച്ചകള്‍ തുടങ്ങിയത്. പ്രോപ്പസല്‍ ഡീലിന്റെ നോണ്‍ ബൈന്‍ഡിംഗ് ടേം ഷീറ്റ് ഒപ്പുവച്ചതിനു ശേഷം നവംബര്‍ 13ന് ഇക്കണോമിക് ടൈംസാണ് ആദ്യം ഏറ്റെടുക്കലിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനിയായ ആശിര്‍വാദ് ഫിനാന്‍സിന്റെ വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാറുന്നതു വരെ ഡീല്‍ അവസാനിപ്പിച്ചില്ല. മാത്രമല്ല,

ഏതൊക്കെ ബിസിനസുകളാണ് ഇടപാടിന്റെ ഭാഗമാകുക, മൈക്രോഫിനാന്‍സ് സ്ഥാപനം സ്വര്‍ണ വായ്പ നല്‍കുന്ന സ്ഥാപനവുമായി ലയിപ്പിക്കപ്പെടുമോ എന്നതിനെക്കുറിച്ചൊക്ക് തുടക്കത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. ജനുവരി പകുതിയോടെയാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത്.

ഫെബ്രുവരിയില്‍ ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ വന്നതോടെ എന്‍.എസ്.ഇയും ബി.എസ്.ഇയും മണപ്പുറം ഫിനാന്‍സിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിക്കുന്ന തരത്തില്‍ എന്തെങ്കിലും തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു മണപ്പുറം ഫിനാന്‍സ് മറുപടി നല്‍കിയത്.

മണപ്പുറത്തിന്റെ അനുബന്ധ സ്ഥാപനമാണെങ്കിലും, ഭവന വായ്പ, വാഹന വായ്പ, ഈട് വച്ചുള്ള വായ്പകള്‍ എന്നിവയില്‍ ആശിര്‍വാദ് ഫിനാന്‍സും സജീവമാണ്. അതുകൊണ്ട് ഇതും ബെയ്നിന് വില്‍ക്കുന്ന ബിസിനസുകളുടെ ഭാഗമാകുമെന്നാണ് അറിയുന്നത്.

നിയന്ത്രണാവകാശ ഓഹരികള്‍ ലഭിച്ചാല്‍ മാത്രമേ ഏറ്റെടുക്കലിന് മുന്നോട്ടുള്ളുവെന്ന് ബെയിന്‍ ക്യാപിറ്റല്‍ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com