

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) മണപ്പുറം ഫിനാന്‍സില്‍ പങ്കാളിത്തം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രൈവറ്റി ഇക്വിറ്റി സ്ഥാപനമായ ബെയിന്‍ ക്യാപിറ്റല്‍. ആദ്യഘട്ടമായി 18 ശതമാനം പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ 4,385 കോടി രൂപയ്ക്ക് ഏറ്റെടുക്കും. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കത്തില്‍ മണപ്പുറം ഫിനാന്‍സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ബെയിന്‍ ക്യാപിറ്റലിന്റെ ഉപകമ്പനികളായ ബി.സി ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് XXV ലിമിറ്റഡ്, ബി.സി ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് XIV ലിമിറ്റഡ് എന്നിവ വഴിയായിരിക്കും ഇടപാട്.
ഓഹരി ഒന്നിന് 236 രൂപ നിരക്കിലാണ് ഓഹരികള്‍ സ്വന്തമാക്കുന്നത്. അതായത് ഓഹരിയുടെ ആറുമാസത്തെ ശരാശരി വില കണക്കാക്കി അതിന്റെ 30 ശതമാനം ഉയര്‍ന്ന (പ്രീമിയം) വിലയിലാണിത്.
യോഗ്യരായ നിക്ഷേപകര്‍ക്ക് നേരിട്ട് ഓഹരി വില്‍ക്കുന്നതാണ് പ്രിഫറന്‍ഷ്യല്‍ ഓഹരി വില്‍പ്പന. പുതിയ ഓഹരികളാണ് പ്രിഫറന്‍ഷ്യല്‍ ഇഷ്യുവില്‍ വരുന്നതെന്നതിനാല്‍ ഇതുവഴി ലഭിക്കുന്ന പണം കമ്പനിയിലേക്കാണ് എത്തുക.
ഇതുകൂടാതെ നിര്‍ബന്ധിതമായ ഓപ്പണ്‍ ഓഫര്‍ വഴി മണപ്പുറം ഫിനാന്‍സിന്റെ 26 ശതമാനം അധിക ഓഹരികള്‍ കൂടി ഏറ്റെടുക്കാനും ബെയിന്‍ ക്യാപിറ്റലിനെ അനുവദിച്ചു. നിലവിലുള്ള ഓഹരിയുടമകളില്‍ നിന്ന് ഓഹരി ഏറ്റെടുക്കാനുള്ള അവസരമാണ് ഓപ്പണ്‍ ഓഫര്‍. ഓഹരിയൊന്നിന് 236 രൂപയാണ് ഇതും നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ മണപ്പുറം ഫിനാന്‍സിലെ ബെയിന്‍ ക്യാപിറ്റലിന്റെ മൊത്തം ഓഹരി വിഹിതം 41.7 ശതമാനം വരെ ആയേക്കാം. ഓപ്പണ്‍ ഓഫര്‍ വഴി ഓഹരികള്‍ നല്‍കാന്‍ ഓഹരിയുടമകള്‍ തയാറാകുന്നതിനനുസരിച്ച് ഓഹരി വിഹിതത്തില്‍ വ്യത്യാസം വരാം.
കരാര്‍ പ്രകാരം മണപ്പുറം ഫിനാന്‍സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഡയറക്ടറെ നിയമിക്കാനുള്ള അവകാശവും ബെയിന്‍ ക്യാപിറ്റലിന് ലഭിക്കും. ഒപ്പം മണപ്പുറം ഫിനാന്‍സിന്റെ സംയുക്ത നിയന്ത്രാണാവകാശവും ലഭിക്കും.
വി.പി. നന്ദകുമാറിനും കുടുംബത്തിനും നിലവില്‍ 35.25 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം വി.പി നന്ദകുമാറും കുടുംബവും ഓഹരി വില്‍ക്കുമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള ഓഹരികള്‍ കൈവശം വയ്ക്കുമെന്നാണ് വ്യക്തമാകുന്നത്. പുതു ഓഹരികള്‍ ഇറക്കുന്നതിനാല്‍ ഓഹരി പങ്കാളിത്തം 35.25 ശതമാനത്തില്‍ നിന്ന് നന്ദകുമാറിന്റെയും കുടുംബത്തിന്റെയും ഓഹരി വിഹിതം 28.9 ശതമാനമായി കുറഞ്ഞേക്കാം.
മണപ്പുറം ഫിനാന്‍സിന്റെ നിയന്ത്രണ ഓഹരികള്‍ ബെയിന്‍ ക്യാപിറ്റല്‍ സ്വന്തമാക്കിയേക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വി.പി നന്ദകുമാറും കുടുംബവും ബെയിനിനൊപ്പം പ്രമോട്ടര്‍ സ്ഥാനത്ത് തുടരുമെന്നാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്. നൂതനമായ പദ്ധതികളിലൂടെ സുസ്ഥിരമായ വളര്‍ച്ച ലക്ഷ്യമിട്ടാണ് പങ്കാളിത്തമെന്ന് മണപ്പുറം ഗ്രൂപ്പ് എം.ഡിയും സി.ഒയുമായ വി.പി നന്ദകുമാര്‍ പറഞ്ഞു.
ഏറ്റെടുക്കലിനെ കുറിച്ച് ഇന്നലെ വൈകിയാണ് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയ ശേഷം മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ആറ് ശതമാനം മുന്നേറ്റത്തിലാണ്. ഓഹരി വില 231 രൂപയിലെത്തി. ഇന്നത്തെ കുതിപ്പോടെ ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന വില മറികടന്നു. 2024 ജൂലൈ 19ന് കുറിച്ച 230.25 രൂപയായിരുന്നു ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വില. ഇന്നത്തെ ഓഹരി വില പ്രകാരം മണപ്പുറം ഫിനാന്‍സിന്റെ വിപണിമൂല്യം 19,476 കോടി രൂപയാണ്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ പണയ സ്ഥാപനമാണ് 1949ല്‍ തുടക്കമിട്ട മണപ്പുറം ഫിനാന്‍സ്. നിലവില്‍ 6.59 ദശലക്ഷം ഉപയോക്താക്കളുണ്ട്. രാജ്യത്തെമ്പാടുമായി 5,357 ശാഖകളും 50,795 ജീവനക്കാരും കമ്പനിക്കുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine