

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ (Manappuram Finance) സംയുക്ത നിയന്ത്രണം ഏറ്റെടുക്കാന്‍ ആഗോള നിക്ഷേപ സ്ഥാപനമായ ബെയിന്‍ കാപ്പിറ്റലിന് (Bain Capital) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അനുമതി. മണപ്പുറം ഫിനാന്‍സും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ ആശീര്‍വാദ് മൈക്രോഫിനാന്‍സ്, മണപ്പുറം ഹോം ഫിനാന്‍സ് എന്നിവയുടെ നിയന്ത്രണത്തില്‍ മാറ്റം വരുത്താനാവശ്യമായ എല്ലാ നിയമപരമായ അനുമതികളും ലഭിച്ചതായി കമ്പനി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.
ഏകദേശം 4,385 കോടി രൂപയുടെ നിക്ഷേപമാണ് ബെയിന്‍ കാപ്പിറ്റല്‍ മണപ്പുറത്തില്‍ നടത്തുന്നത്. ബെയിന്‍ ക്യാപിറ്റലിന്റെ (Bain Capital) അഫിലിയേറ്റുകളായ ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ് XXV (BC Asia Investments XXV), ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ് XIV (BC Asia Investments XIV) എന്നിവരായിരിക്കും ഈ നിക്ഷേപങ്ങള്‍ നടത്തുക.
ഓഹരി ഒന്നിന് 236 എന്ന നിരക്കില്‍ പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്റ് വഴിയാണ് ഈ നിക്ഷേപം നടത്തുന്നത്. ഇടപാടുകള്‍ പൂര്‍ത്തിയാകുന്നതോടെ ബെയിന്‍ കാപ്പിറ്റലിന് കമ്പനിയില്‍ 18 ശതമാനം ഓഹരി പങ്കാളിത്തമാകും. ഇതുകൂടാതെ നിര്‍ബന്ധിത ഓപ്പണ്‍ ഓഫര്‍ വഴി പൊതു ഓഹരി ഉടമകളില്‍ നിന്ന് 28.16 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കാന്‍ ബെയിന്‍ ക്യാപിറ്റലിന് അര്‍ഹതയുണ്ട്. അത് സാധ്യമായാല്‍ ബെയിന്‍ ക്യാപിറ്റലിന്റെ ഓഹരി പങ്കാളിത്തം 41.66 ശതമാനം വരെ ഉയരും. ഇടപാടിനു ശേഷം നിലവിലുള്ള പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 28.9% ആയിരിക്കും.
2026 മാര്‍ച്ച് 31-നകം മൂലധന നിക്ഷേപം പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെ സെബിയുടെ നിബന്ധനകള്‍ പ്രകാരം ഓപ്പണ്‍ ഓഫര്‍ നടപടികളും നടക്കും.
ഇടപാടിന്റെ ഭാഗമായി ബെയിന്‍ കാപ്പിറ്റലിനെ കമ്പനിയുടെ 'പ്രൊമോട്ടര്‍' വിഭാഗത്തിലും ഉള്‍പ്പെടുത്തും. നിലവിലുള്ള പ്രൊമോട്ടര്‍മാര്‍ക്കൊപ്പം ബെയിന്‍ കാപ്പിറ്റലും ഇനി കമ്പനിയുടെ നിയന്ത്രണത്തില്‍ പങ്കാളികളാകും.
പുതിയ നിക്ഷേപത്തിന്റെ ഭാഗമായി മണപ്പുറം ഫിനാന്‍സ്, ആശീര്‍വാദ് മൈക്രോഫിനാന്‍സ്, മണപ്പുറം ഹോം ഫിനാന്‍സ് എന്നിവയുടെ ഭരണസമിതികള്‍ (Board of Directors) പുനഃസംഘടിപ്പിക്കും. ബെയിന്‍ കാപ്പിറ്റലിന്റെ പ്രതിനിധികളും ഇനി ബോര്‍ഡിന്റെ ഭാഗമാകും.
വാണിജ്യ മേഖലയിലെ ഈ പുതിയ നീക്കം മണപ്പുറം ഫിനാന്‍സിന്റെ അടുത്ത ഘട്ടത്തിലുള്ള വളര്‍ച്ചയ്ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള തലത്തില്‍ വലിയ നിക്ഷേപ പാരമ്പര്യമുള്ള ബെയിന്‍ കാപ്പിറ്റലിന്റെ സാന്നിധ്യം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രൊഫഷണലിസം നല്‍കുമെന്നും കരുതുന്നു.
ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ന് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞാണ് വ്യാപാരം നടത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine