അമേരിക്കന്‍ പങ്കാളിത്തം: മണപ്പുറത്തിന് നല്ല ഭാവി പ്രവചിച്ച് എസ് ആന്‍ഡ് പിയും ഫിച്ചും

പിന്തുടര്‍ച്ച സംബന്ധിച്ച അനിശ്ചിതത്വം നീക്കി പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് നിരീക്ഷണം
Recruitment, Manappuram Finance Logo
Image by Canva
Published on

മണപ്പുറം ഫിനാന്‍സിന്റെ ഓഹരികള്‍ ബെയ്ന്‍ കാപ്പിറ്റല്‍ വാങ്ങുന്നത് കമ്പനിയുടെ പിന്തുടര്‍ച്ച സംബന്ധിച്ച അനിശ്ചിതത്വം നീക്കി പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് റേറ്റിംഗ് സ്ഥാപനങ്ങളായ എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സും ഫിച്ച് റേറ്റിംഗ്സും.

യു.എസ് ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിന് മണപ്പുറം ഫിനാന്‍സിന്റെ നയപരമായ കാര്യങ്ങളിലും സി.ഇ.ഒ ഉള്‍പ്പെടെയുള്ള പ്രധാന പദവികളില്‍ നിയമനം നടത്തുന്നതിലും സ്വാധീനം ചെല്ലുത്താനാകുമെന്നാണ് എസ് ആന്‍ഡ് പി നിരീക്ഷിക്കുന്നത്.

18 ശതമാനം ഓഹരി വാങ്ങുന്നതു വഴി രണ്ട് ബോര്‍ഡ് ഡയറക്ടര്‍മാരെയും പ്രധാന മാനേജ്മെന്റ് ഓഫീസര്‍മാരെയും കമ്പനിയിലേക്ക് നിയോഗിക്കാനും സംയുക്ത നിയന്ത്രണത്തിനും ബെയ്ന്‍ കാപ്പിറ്റലിന് സാധിക്കുമെന്ന് ഫിച്ച് റേറ്റിംഗ്‌സും വ്യക്തമാക്കുന്നു.

ഇടപാട് ഇങ്ങനെ

തൃശൂര്‍ ആസ്ഥാനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ നിയന്ത്രണ ഓഹരികളാണ് പ്രിഫറന്‍ഷ്യല്‍ ഓഹരികളുടെയും വാറന്റുകളുടെയും രൂപത്തില്‍ ബെയിന്‍ ക്യാപിറ്റല്‍ സ്വന്തമാക്കുന്നത്. ഇതുകൂടാതെ ഓപ്പണ്‍ ഓഫര്‍ വഴി അധിക ഓഹരികളും സ്വന്തമാക്കും.

മണപ്പുറത്തിന്റെ 18 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ഓഹരി ഒന്നിന് 236 രൂപ നിരക്കില്‍ 4,385 കോടി രൂപയാണ് ബെയിന്‍ ക്യാപിറ്റല്‍ നിക്ഷേപിക്കുന്നത്. ഇതുവഴി 26 ശതമാനം അധിക ഓഹരികള്‍ സ്വന്തമാക്കാനുള്ള ഓപ്പണ്‍ ഓഫറിനുള്ള അവകാശവും ബെയിന്‍ ക്യാപിറ്റലിന് ലഭിക്കും. 236 രൂപ നിരക്കിലാണ് ഓപ്പണ്‍ ഓഫറിലും ഓഹരികള്‍ സ്വന്തമാക്കുക. ഓപ്പണ്‍ ഓഫര്‍ വഴി ഓഹരി സ്വന്തമാക്കുന്നതോടെ ബെയിന്‍ ക്യാപിറ്റലിന്റെ ഓഹരി വിഹിതം 18 ശതമാനത്തില്‍ നിന്ന് 41.7 ശതമാനമായി ഉയരും.

നിലവിലുള്ള പ്രമോട്ടര്‍മാര്‍ക്ക് ബെയിന്‍ ക്യാപിറ്റലിന്റെ ഇടപാടിന് ശേഷം 28.9 ശതമാനം ഓഹരി പങ്കാളിത്തമാകും ഉണ്ടാവുക. 2024 ഡിസംബര്‍ വരെയുള്ള വിവരങ്ങള്‍ അനുസരിച്ച് 35 ശതമാനമാണ് പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം.

എസ് ആന്‍ഡ് പിയുടെ നിരീക്ഷണം

സ്വര്‍ണാധിഷ്ഠിത വായ്പകളിലും മറ്റ് സുരക്ഷിത വായ്പകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മണപ്പുറത്തിന് വളര്‍ച്ചാ മൂലധനം നല്‍കുന്നതിന് ഈ ഇടപാട് സഹായിക്കുമെന്നാണ് എസ് ആന്‍ഡ് പിയുടെ വിലയിരുത്തല്‍.

കമ്പനിയുടെ മൂലധനവും വരുമാനവും വളരെ ശക്തമാണ്. ഇടപാടിന് ശേഷം റിസ്‌ക് അഡ്ജസ്റ്റഡ് മൂലധന അനുപാതം 2024 മാര്‍ച്ച് 31ലെ 30 ശതമാനം കവിയാന്‍ സാധ്യതയുണ്ട്.

ബെയിന്‍ ക്യാപിറ്റലുമായുള്ള പങ്കാളിത്തം മണപ്പുറത്തിന് മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ പുതുയുഗ സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്താനും സഹായിക്കും. ഇത് നവീകരണത്തിന് വഴിയൊരുക്കുകയും കമ്പനിയുടെ മത്സരശേഷിയും സുരക്ഷിത വായ്പകളുടെ അണ്ടര്‍റൈറ്റിംഗ് മാനദണ്ഡങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും എസ് ആന്‍ഡ് പി വ്യക്തമാക്കുന്നു.

ഇന്ത്യയിലെ മൈക്രോഫിനാന്‍സ് മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വർധിച്ചു വരുന്ന നിയന്ത്രണങ്ങളും കണക്കിലെടുക്കുമ്പോള്‍, മണപ്പുറം കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ (എയുഎം) മൈക്രോഫിനാന്‍സ് വായ്പകളുടെ പങ്ക് ക്രമേണ കുറയുമെന്ന് എസ് ആന്‍ഡ് പി വിശ്വസിക്കുന്നു. അനുബന്ധ സ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സിനെ ധനസമ്പാദനത്തിന് പ്രാപ്തമാക്കാനും വിപണി സാഹചര്യങ്ങള്‍ക്ക് വിധേയമായി സുരക്ഷിത വായ്പയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ടെന്നും എസ് ആന്‍ഡ് പി നിരീക്ഷിക്കുന്നു.

ഫിച്ച് വിലയിരുത്തല്‍

മണപ്പുറത്തിന്റെ മൂലധന പര്യാപ്തതയ്ക്കും വളര്‍ച്ചാ സാധ്യതകള്‍ക്കും പിന്തുണ നല്‍കുന്നതായിരിക്കും പുതിയ നിക്ഷേപം എന്നാണ് ഫിച്ച് റേറ്റിംഗ്‌സ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ടീമിന്റെ നവീകരണം സുഗമമായി കൈകാര്യം ചെയ്തില്ലെങ്കില്‍ തുടര്‍ച്ചാ പ്രശ്‌നങ്ങള്‍ ഉടലെടുക്കാനിടയാക്കും. വിശ്വാസ്യതയില്‍ ഉണ്ടാകുന്ന ഏതൊരു ആഘാതവും മാറ്റിയെടുക്കാന്‍ സമയമെടുത്തേക്കാമെന്നും ഫിച്ച് സൂചിപ്പിക്കുന്നു.

ബെയിനിന് ഇടപാട് സംയുക്ത നിയന്ത്രണവും രണ്ട് ബോര്‍ഡ് ഡയറക്ടര്‍മാരെയും പ്രധാന മാനേജ്മെന്റ് ഉദ്യോഗസ്ഥരെയും നാമനിര്‍ദ്ദേശം ചെയ്യാനുള്ള അവകാശവും നല്‍കും - സ്ഥാപകനും നിലവിലുള്ള പ്രധാന ഓഹരി ഉടമയുമായ വി.പി. നന്ദകുമാറുമായി ചേര്‍ന്നായിരിക്കും സി.ഇ.ഒയെ നിയമിക്കുക.

നന്ദകുമാര്‍ നോണ്‍-എക്‌സിക്യൂട്ടീവ് സ്ഥാനത്ത് തുടരുമെന്നും അതുവഴി നേതൃത്വ തുടര്‍ച്ച ഉറപ്പാക്കുമെന്നും ഫിച്ച് നിരീക്ഷിക്കുന്നുു. അതേസമയം, ബോര്‍ഡ്, മാനേജ്‌മെന്റ് തിരഞ്ഞെടുപ്പുകളില്‍ ബെയിന്‍ വഹിക്കുന്ന പങ്ക് എക്‌സിക്യൂട്ടീവ് തലത്തിലെ ശേഷി വര്‍ദ്ധിപ്പിക്കുകയും ഭരണം ക്രമേണ ശക്തിപ്പെടുത്തുകയും ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com