അക്കൗണ്ടിൽ പണമെത്തി! എവിടെ നിന്നെന്ന് അറിയാതെ അമ്പരന്ന് ജനം; കൂടുതലും ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക്

യു.പി.ഐ ഇടപാടുകള്‍ക്ക് അധികമായി ഈടാക്കിയ ചാര്‍ജുകള്‍ അക്കൗണ്ട് ഉടമകള്‍ക്ക് തിരിച്ചു നല്‍കി പ്രമുഖ ബാങ്കുകള്‍. അപ്രതീക്ഷിതമായി അക്കൗണ്ടില്‍ പണം എത്തിയതോടെ ഉറവിടമറിയാതെ ഇടപാടുകാര്‍ അമ്പരപ്പിലുമായി. ജനുവരി 31 മുതലാണ് അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ആയതായി ഉടമകള്‍ക്ക് മെസേജ് ലഭിക്കുന്നത്. എന്നാല്‍ എവിടെ നിന്നാണ് പണം വന്നതെന്ന് മെസേജില്‍ വ്യക്തമല്ലാത്തതോടെ പലരും അന്വേഷണമാരംഭിച്ചു. ബാങ്കുകളിലേക്ക് നിരവധി വിളികള്‍ എത്തിയതോടെയാണ് ജീവനക്കാര്‍ പോലും ഇതറിഞ്ഞത്.

യു.പി.ഐ ഇടപാടുകള്‍ക്ക് അധികമായി ഈടാക്കിയ ചാര്‍ജുകളാണ് ഇത്തരത്തില്‍ അക്കൗണ്ടുടമകള്‍ക്ക് തിരിച്ചു നല്‍കിയതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഓരോ ത്രൈമസത്തിലും ഇടപാടുകളുടെ എണ്ണം നിശ്ചിത പരിധി കഴിഞ്ഞാല്‍ ബാങ്കുകള്‍ ഫീസ് ഈടാക്കാറുണ്ട്. യു.പി.ഐ ഇടപാടുകളെയും ബാങ്ക് ഇടപാടുകളായി പരിഗണിച്ച് ഇത്തരത്തില്‍ ഫീസ് ഈടാക്കിയിരുന്നു. എന്നാല്‍ യു.പി.ഐ വഴി നടത്തുന്ന പേയ്‌മെന്റുകളെ ബാങ്ക് ഇടപാടായി കണക്കാക്കരുതെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതനുസരിച്ച് പല ബാങ്കുകളും ഉപയോക്താക്കള്‍ക്ക് പണം തിരിച്ചു നല്‍കുകയായിരുന്നത്.
ചെറിയ തുക മുതല്‍ ആയിരങ്ങള്‍ വരെ ഇത്തരത്തില്‍ ലഭിച്ച അക്കൗണ്ടുടമകളുണ്ട്. മാസത്തിന്റെ അവസാന ദിവസം അപ്രതീക്ഷിതമായി വലിയ തുക വന്നതോടെ പലവിധ ഊഹാപോഹങ്ങളും പ്രചരിക്കുകയും ചെയ്തു. ബജറ്റിന് മുമ്പ് നരേന്ദ്രമോദി ജനങ്ങള്‍ക്ക് നല്‍കിയ സമ്മാനമെന്ന് വരെ പ്രചരിപ്പിച്ചിരുന്നു. ഫെഡറല്‍ ബാങ്കാണ് നിലവില്‍ പണം തിരിച്ചു നല്‍കിയത്. വരും ദിവസങ്ങളില്‍ ബാക്കി ബാങ്കുകളും നല്‍കി തുടങ്ങിയേക്കുമെന്നാണ് അറിയുന്നത്.

Related Articles

Next Story

Videos

Share it