സോഫ്റ്റ്‌വെയര്‍ രംഗത്തെ മികച്ച നിക്ഷേപയിടം: തിരുവനന്തപുരം ഏഷ്യയിൽ ഏറ്റവും മുൻനിരയിൽ

റിപ്പോര്‍ട്ട് പുറത്തുവിട്ടത് നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ ബി.സി.ഐ ഗ്ലോബല്‍
Kerala, IT professionals
Image : Canva
Published on

ലോകത്ത് സോഫ്റ്റ്‌വെയര്‍ അനുബന്ധ മേഖലയില്‍ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ 24 നഗരങ്ങളില്‍ ഇടംപിടിച്ച് നമ്മുടെ സ്വന്തം തിരുവനന്തപുരവും. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ ലൊക്കേഷന്‍ കണ്‍സള്‍ട്ടന്റ് സ്ഥാപനം ബി.സി.ഐ ഗ്ലോബല്‍ പുറത്തുവിട്ട പട്ടികയിലാണ് അനന്തപുരിയുടെ നേട്ടം.

ഏഷ്യ-പസഫിക് മേഖലയിലെ മികച്ച 8 നിക്ഷേപ കേന്ദ്രങ്ങളില്‍ കൊല്‍ക്കത്തയും തിരുവനന്തപുരവുമാണ് ഇന്ത്യയില്‍ നിന്ന് ഇടം നേടിയത്. ഇതില്‍ കൊല്‍ക്കത്ത ഒന്നാംസ്ഥാനത്തും തിരുവനന്തപുരം രണ്ടാംസ്ഥാനത്തുമാണ്.

തിരുവനന്തപുരത്തിന്റെ നേട്ടം

മികച്ച ബിസിനസ് ലൊക്കേഷന്‍, അനുകൂല കാലാവസ്ഥ, മികവുറ്റ ജീവിത സാഹചര്യവും നിലവാരവും, കുറഞ്ഞ റിസ്‌കുകള്‍, ആകര്‍ഷകമായ തീരപ്രദേശങ്ങള്‍ എന്നിവയാണ് 17 ലക്ഷത്തോളം പേര്‍ അധിവസിക്കുന്ന തിരുവനന്തപുരത്തെ പട്ടികയില്‍ ഇടംനേടാന്‍ അര്‍ഹമാക്കിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

നിസാന്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ മികച്ച നിക്ഷേപം തിരുവനന്തപുരത്ത് നടത്തിയതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ ഉയര്‍ന്ന ലഭ്യത, മികച്ച ഇംഗ്ലീഷ് നൈപുണ്യം, കുറഞ്ഞ വേതനനിരക്ക്, വളരുന്ന ഇന്ത്യന്‍ ബിസിനസ് നഗരം എന്നിങ്ങനെ ആകര്‍ഷണങ്ങളാണ് കൊല്‍ക്കത്തയ്ക്ക് നേട്ടമായത്.

മറ്റ് നഗരങ്ങൾ 

ചൈനയിലെ ചോങ്കിങ്‌ (Chongqing), വിയറ്റ്‌നാമിലെ ഡ നാങ് (Da Nang), ഫിലിപ്പീന്‍സിലെ ഡാവോ സിറ്റി (Davao City), മെട്രോ കഗായന്‍ ഡി ഓറോ (Metro Cagayan de Oro), ഇന്‍ഡോനേഷ്യയിലെ സുറാബയാ (Surabaya), നുസന്‍ടാരാ (Nusantara) എന്നിവയാണ് പട്ടികയില്‍ യഥാക്രമം മൂന്നുമുതല്‍ എട്ടുവരെ സ്ഥാനങ്ങള്‍ നേടിയ മറ്റ് ഏഷ്യ-പസഫിക് നഗരങ്ങള്‍.

Source : https://siteselection.com/

അമേരിക്കന്‍ മേഖലയില്‍ നിന്നുള്ള മികച്ച എട്ട് നഗരങ്ങളില്‍ കാനഡയിലെ ഹാലിഫാക്‌സ് (Halifax), അമേരിക്കയിലെ ഓക്‌ലഹോമ  സിറ്റി എന്നിവയാണ് ആദ്യ രണ്ടുസ്ഥാനങ്ങളില്‍. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍ നിന്നുള്ള മികച്ച 8 നഗരങ്ങളില്‍ ഒന്നാംസ്ഥാനം ക്രൊയേഷ്യയിലെ സഗ്രെബിനാണ് (Zagreb). ഗ്രീക്ക് നഗരമായ തെസ്സലോനികിയാണ് (Thessaloniki) രണ്ടാമത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com