യാത്രയല്ല, ഇതൊരു 'ബെസ്റ്റ്' എക്‌സ്പീരിയന്‍സ്; 25 വര്‍ഷത്തെ അനുഭവക്കരുത്തില്‍ ജീന പടുത്തുയര്‍ത്തിയ 'ബെസ്റ്റിനേഷന്‍'

ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത സുന്ദരമായ യാത്ര അനുഭവങ്ങളൊരുക്കി വേറിട്ട് നില്‍ക്കുന്നു ബെസ്റ്റിനേഷന്‍
യാത്രയല്ല, ഇതൊരു 'ബെസ്റ്റ്' എക്‌സ്പീരിയന്‍സ്; 25 വര്‍ഷത്തെ അനുഭവക്കരുത്തില്‍ ജീന പടുത്തുയര്‍ത്തിയ 'ബെസ്റ്റിനേഷന്‍'
Published on

ഡിക്ഷ്ണറിയില്‍ ആ വാക്ക് തിരഞ്ഞാല്‍ കാണില്ല. പക്ഷേ രണ്ട് വര്‍ഷം എന്ന ചെറിയൊരു കാലംകൊണ്ട് യാത്രകള്‍ ആസ്വദിക്കുന്നവരുടെ ഉള്ളില്‍ മായാതെ പതിഞ്ഞുകിടക്കുന്നുണ്ടിത്- ബെസ്റ്റിനേഷന്‍. കാണാക്കാഴ്ചകളിലേക്ക് അവരെ കൊണ്ടുപോയ ട്രാവല്‍ പാര്‍ട്ണര്‍.

ബെസ്റ്റിനേഷന്‍ എന്നാല്‍ ബെസ്റ്റ് ഓഫ് ദി ഡെസ്റ്റിനേഷന്‍ എന്നാണെന്ന് പറയും ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ജീന ഫെര്‍ണാണ്ടസ്. ഒരു ഡെസ്റ്റിനേഷന്‍ കാണല്‍ മാത്രമല്ല, അവിടേക്കുള്ള സഞ്ചാരവും അതിനിടയിലെ അനുഭവങ്ങളും അവിടെയെത്തിയാല്‍ കാണുന്ന കാഴ്ചകളും ജീവിതത്തിലെ വേറിട്ട എക്‌സ്പീരിയന്‍സുമാണ് യാത്ര.

'ബെസ്റ്റി' (ആത്മമിത്രം) ക്കൊപ്പം നാം യാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന അനുഭൂതിയില്ലേ. അതാണ് ബെസ്റ്റിനേഷന്‍. ഇങ്ങനെ ആ വാക്കിന് അര്‍ത്ഥം വിവരിച്ചുതരുന്നു ബെസ്റ്റിനേഷനൊപ്പം യാത്ര പോയവര്‍. 2023 നവംബറില്‍ 23 പേരടങ്ങുന്ന ഗ്രൂപ്പുമായി ബെസ്റ്റിനേഷന്റെ ആദ്യ പാക്കേജ് ടൂര്‍ പോയപ്പോള്‍ മുതലുണ്ട് ഈ വ്യത്യസ്തതയുടെ കയ്യൊപ്പ്.

''കശ്മീരിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ആദ്യത്തെ കമ്പനിയൊന്നുമല്ല ഞങ്ങള്‍. പക്ഷേ കശ്മീരില്‍ അധികം പേര്‍ കാണാത്തതൊന്ന് കാണിക്കണമെന്ന ചിന്തയുണ്ടായി. ഞാന്‍ കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് തൃപ്തി തരാതിരുന്നവ ഒഴിവാക്കി. കാണണമെന്ന് ആഗ്രഹിച്ചവ ഉള്‍ക്കൊള്ളിച്ചു. പാല്‍പോലെ നുരഞ്ഞ് പതഞ്ഞൊഴുകുന്ന നദികളുള്ളതിന്റെ പേരില്‍ സ്ഥലപ്പേര് കിട്ടിയ ധൂത്പത്രി കശ്മീര്‍ ട്രിപ്പില്‍ ഉള്‍ക്കൊള്ളിച്ചത് അങ്ങനെയാണ്. അധികം വൈകാതെ രണ്ടാമതൊരു കശ്മീര്‍ ട്രിപ്പ് കൂടി ബെസ്റ്റിനേഷന് ചെയ്യേണ്ടിവന്നു,'' ജീന ബെസ്റ്റിനേഷന്റെ യാത്രയുടെ തുടക്കം പറയുന്നു.

മോസ്റ്റ് വാണ്ടഡ് ടൂര്‍ മാനേജര്‍

ബെസ്റ്റിനേഷന്‍ യാദൃശ്ചികമായി പിറവിയെടുത്ത ഒരു ബ്രാന്‍ഡല്ല. 25 വര്‍ഷത്തിലേറെക്കാലം യാത്രകളില്‍ മാത്രം ജീവിച്ച, ഓരോ സഞ്ചാരിക്കും മറക്കാനാകാത്ത അനുഭവങ്ങള്‍ നല്‍കാന്‍ അഹോരാത്രം പ്രയത്‌നിച്ച ഒരു ടൂര്‍ മാനേജരുടെ ആയുഷ്‌ക്കാല അനുഭവസമ്പത്തിന്റെ ആകെത്തുകയാണ്. ''സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റുമെല്ലാം വ്യാപകമല്ലാത്ത കാലത്ത് ഗ്രൂപ്പുകളോടൊത്ത് വിദേശ രാജ്യങ്ങളിലേക്ക് ടൂര്‍ മാനേജരായി പോയാണ് എന്റെ യാത്ര തുടങ്ങുന്നത്. താഴേത്തട്ടില്‍ നിന്ന് എല്ലാം ചെയ്തുപഠിച്ച് പിടിച്ചുകയറി.

25 വര്‍ഷത്തോളം ആ ബ്രാന്‍ഡിനൊപ്പം തന്നെ. ഒരു ദിവസം ഡയറക്റ്റര്‍ പദവിയില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ കയ്യില്‍ ഒന്നുമില്ലാതെ തന്നെ ആ കമ്പനിയുടെ പടിയിറങ്ങി. ഇനി സ്വന്തമായൊരു ബിസിനസൊന്നും വേണ്ട. ജീവിക്കാന്‍ ഒരു ജോലി മാത്രം മതിയെന്ന ചിന്തയോടെ മാത്രം കഴിഞ്ഞ എന്നെ വീണ്ടും ഒരു ബ്രാന്‍ഡിന്റെ സൃഷ്ടിയിലേക്ക് നയിച്ചത് ജീവിതപങ്കാളി ഷൈബിന്‍ വര്‍ഗീസ് മാത്യുവാണ്. വെറും 200 സ്‌ക്വയര്‍ ഫീറ്റുള്ള ഒറ്റമുറി ഓഫീസില്‍ നിന്നായിരുന്നു തുടക്കം. ജീന ഫെര്‍ണാണ്ടസ്, ചെറുതെങ്കിലും പുതിയതൊന്നിന് തുടക്കമിടുന്നുവെന്ന് അറിഞ്ഞതോടെ മുന്‍ പരിചയക്കാരായ മൂന്ന് പേര്‍ ടീമംഗങ്ങളായി ഒപ്പം കൂടി. ജീനയാണോ ടൂര്‍ മാനേജര്‍? ട്രാവല്‍ കമ്പനിയില്‍ യാത്ര ബുക്ക് ചെയ്യാന്‍ വന്നവര്‍ സ്ഥിരം തിരക്കിയിരുന്ന ഒരു കാലമുണ്ട്. ജീന പോകുന്ന ട്രിപ്പിലേക്ക് യാത്രകള്‍ മാറ്റിയവരുമുണ്ട്. ''മോസ്റ്റ് വാണ്ടഡ് ടൂര്‍ മാനേജരായിരുന്നു ജീന,'' എന്ന് തുറന്നുപറയുന്നവരുണ്ട്. ആ കരുതലും ഓരോ യാത്രയും സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാക്കാനുള്ള ശ്രദ്ധയുമായിരുന്നു ബെസ്റ്റിനേഷന്‍ തുടങ്ങുമ്പോള്‍ ജീനയുടെ കൈമുതല്‍.

''ടൂര്‍ പാക്കേജുകള്‍ പ്ലാന്‍ ചെയ്യാനുള്ള പണമൊന്നും കയ്യിലുണ്ടായിരുന്നില്ല. ജീവനക്കാര്‍ക്ക് വേതനം കൊടുക്കണം, വാടക കൊടുക്കണം അതിനായി ടിക്കറ്റിങ്, വിസ ജോലികള്‍ ചെയ്യാമെന്നായിരുന്നു ചിന്ത. ആയിടെ ഒരു ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നെ തേടിവന്നു. അവരുടെ ഒരു ഇവന്റില്‍ എന്നെ പാനല്‍ അംഗമാക്കി. വനിതാ സംരംഭകരുടെ പട്ടികയില്‍ അവര്‍ ഇടം നല്‍കി. വലിയൊരു ആത്മവിശ്വാസമാണ് എനിക്കത് നല്‍കിയത്. എനിക്കും എന്തെങ്കിലും ചെയ്യാനാവുമെന്ന് തോന്നി. കശ്മീര്‍ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നതും സ്വയമൊരു വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും അങ്ങനെയാണ്. അതോടെ എന്റെ കൂടെ യാത്ര വന്നവരുടെ അന്വേഷണങ്ങളായി, ബുക്കിങ്ങുമായി. ഞാന്‍ വിദേശ ടൂറുകളാണ് കൂടുതലും കൈകാര്യം ചെയ്തിരുന്നത്. ലഭ്യമായ വിഭവസമ്പത്ത് വെച്ച് കശ്മീര്‍ ട്രിപ്പ് പ്ലാന്‍ ചെയ്തു. അത് വന്‍ വിജയമായി,'' ജീന പറയുന്നു.

ഒരുപക്ഷേ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ സഞ്ചാരികളുമായി അമേരിക്കയിലേക്ക് പോയ ടൂര്‍ മാനേജര്‍ ആയിരിക്കും ജീന. അതുകൊണ്ട് തന്നെ ജീന ഒരു കമ്പനി തുടങ്ങിയപ്പോള്‍ ഏവരും തിരക്കിയത് ഇന്റര്‍നാഷണല്‍ പാക്കേജ് തന്നെ. ''അങ്ങനെയാണ് ജോര്‍ജിയ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നത്. കൂടെ ഞാന്‍ ഷൈബിനെയും (മാനേജിങ് ഡയറക്റ്റര്‍) കൂട്ടി. ജാഗ്വാര്‍, ബെന്‍സ് തുടങ്ങി ഒട്ടേറെ ബ്രാന്‍ഡുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി പ്രൊഫഷണലാണ് ഷൈബിന്‍. ജോര്‍ജിയ ട്രിപ്പും ഹിറ്റായി. അപ്പോഴും ഫണ്ട് ഒന്നും കാര്യമായുണ്ടായില്ല. ഞങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ പോലും പണയം വെച്ചാണ് പണം കണ്ടെത്തിയിരുന്നത്,'' ജീന പറയുന്നു.

ഒരു ട്രിപ്പിനൊപ്പമാണ് ആ വ്യക്തിയെ ഞാന്‍ പരിചയപ്പെട്ടത്. പ്രായം 40കളിലെത്തിയിട്ടുപോലുമില്ല. പക്ഷേ അദ്ദേഹത്തിന്റെ 100-ാമത് രാജ്യത്തിലേക്കുള്ള യാത്രയായിരുന്നു അത്. അപ്പോഴാണ് 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ച എത്രപേര്‍ നമുക്കിടയിലുണ്ട്? ഞാന്‍ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിച്ചു? എന്നൊക്കെ ചിന്തിച്ചത്. യാത്ര നമ്മുടെ ജീവിതത്തെ, കാഴ്ചപ്പാടുകളെ എല്ലാം മാറ്റിമറിക്കുന്ന ഒന്നാണ്. വ്യക്തിജീവിതത്തിലുണ്ടായ ഒട്ടേറെ ദുരനുഭവങ്ങളെ മറികടക്കാന്‍ എനിക്ക് കരുത്തുപകര്‍ന്നത്, പലതും വലിയൊരു സംഭവമായി മനസിലേക്ക് എടുക്കേണ്ടതില്ലെന്ന് എന്നെ പഠിപ്പിച്ചത് യാത്രകളാണ്. ഈ ലോകം എത്ര വലുതാണ്, എത്ര വ്യത്യസ്തമാണ്. എല്ലാ മനുഷ്യരും അത് കാണണം. അറിയണം. ആസ്വദിക്കണം. നമ്മെത്തന്നെ നിത്യം നവീകരിക്കണം. അതിനാണ് യാത്ര ചെയ്യൂ, 100 രാജ്യങ്ങള്‍ എന്ന ലക്ഷ്യം ഞാന്‍ മുന്നോട്ടുവെച്ചത്. ഏവരെയും യാത്ര ചെയ്യാന്‍ പ്രചോദിപ്പിക്കുക. അതാണ് ഞങ്ങളുടെ ഒരു ലക്ഷ്യം. മറ്റൊന്ന് കൂടിയുണ്ട്. സമീപകാലം വരെ ബെസ്റ്റിനേഷന്‍ ഒരു ഓള്‍ വിമന്‍ ടീം ആയിരുന്നു. ഇപ്പോള്‍ പുരുഷന്മാരും ടീമിലുണ്ട്. പക്ഷേ കൂടെയുള്ള ഓരോ പെണ്‍കുട്ടിയെയും ഗ്രൂപ്പുകള്‍ക്കൊപ്പം വിട്ട് നല്ലൊരു ടൂര്‍ മാനേജരായി വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. എനിക്ക് ഇതൊക്കെ സാധ്യമാവുമെങ്കില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും അത് പറ്റും. എല്ലാവരെയും അതിന് പ്രാപ്തരാക്കുകയെന്നതാണ് ലക്ഷ്യം.

ജീന ഫെര്‍ണാണ്ടസ് ഡയറക്റ്റര്‍, സിഇഒ, ബെസ്റ്റിനേഷന്‍ ഹോളിഡേയ്സ്

യാത്ര തുടരുന്നു, പുതിയ കാഴ്ചകളുമായി

അന്വേഷണങ്ങള്‍ കൂടി. പാക്കേജുകള്‍ ഇടേണ്ടത് ആവശ്യമായി വന്നു. ഏതൊരു യാത്രയും വേറിട്ട അനുഭവമാക്കാന്‍ ജീനയും ഷൈബിനും സദാ ശ്രദ്ധിച്ചു. ടീമംഗങ്ങള്‍ കൂടി. ഓഫീസ് മറൈന്‍ ഡ്രൈവിലേക്ക് മാറ്റി. പുതിയ ഓഫീസ് ഉദ്ഘാടനത്തിന് അധികമായി ആരെയും ക്ഷണിച്ചില്ല. എന്നിട്ടും കൂടെ നില്‍ക്കുന്നവര്‍ ഒത്തുചേര്‍ന്നു. ''ഒരു എയര്‍ലൈന്‍ കമ്പനികളെയും ഞാന്‍ പാക്കേജ് ചെയ്യുന്ന കാര്യം അവിടെ പോയി അറിയിക്കില്ലെന്ന് തീരുമാനിച്ചു. ഒന്ന്-രണ്ട് എയര്‍ലൈന്‍ കമ്പനികള്‍ എന്റെ ഓഫീസില്‍ വന്നു. അവര്‍ക്ക് ബിസിനസും നല്‍കി.'' ഒന്നുമില്ലായ്മയില്‍ നിന്ന് പിറന്ന ബെസ്റ്റിനേഷന്‍ പിന്നെ വീണ്ടും വീണ്ടും തേടിയെത്തിയ സഞ്ചാരികളുടെ ചിറകില്‍ പറക്കുകയായിരുന്നു. ''വിവാഹ ശേഷം ഞങ്ങളുടെ ആദ്യയാത്ര കെനിയയിലേക്ക് ആയിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ കാഴ്ചകളുടെ സ്വര്‍ഗമാണെന്നറിയാം.

സിംബാബ്വെ, സാംബിയ, ബോട്‌സ്വാന, സൗത്ത് ആഫ്രിക്ക എന്നിവയെല്ലാം ചേര്‍ത്ത് 12 ദിവസത്തെ പാക്കേജിട്ടത് അതുകൊണ്ടാണ്. ഒരു വ്യക്തിക്ക് ഏതാണ്ട് അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന ആ പാക്കേജും ഹിറ്റായി. കേരളത്തില്‍ ഇതുവരെ ആരും ചെയ്യാത്തൊരു ഐറ്റിനറിയാണ് സഞ്ചാരികള്‍ക്ക് ഞങ്ങള്‍ നല്‍കിയത്.'' ബെസ്റ്റിനേഷന്റെ യാത്രകള്‍ വേറിട്ടതായതോടെ സഞ്ചാരികള്‍ കൂടുതലായി എത്താന്‍ തുടങ്ങി. മറൈന്‍ ഡ്രൈവില്‍ തന്നെ രണ്ട് ഫ്‌ളോറിലേക്ക് ഓഫീസ് വിപുലീകരിച്ചു. ജോലി രാജിവെച്ച് ഷൈബിനും ജീനയ്‌ക്കൊപ്പം ചേര്‍ന്നു. ''ഗ്ലോബല്‍ കമ്പനികളില്‍ പ്രവര്‍ത്തിച്ച ഷൈബിന് അഡ്മിനിസ്‌ട്രേഷന്‍, സിആര്‍എം, സിസ്റ്റം എന്നിവയിലെല്ലാം നല്ല അറിവുണ്ട്. സെയ്ല്‍സ്, ഫിനാന്‍സ്, പ്രോഡക്റ്റ്‌സ് എന്നിവയില്‍ എനിക്കും. എന്നെ വീഡിയോ എടുക്കാന്‍ പ്രേരിപ്പിച്ചതും, സദാ കരുത്തോടെ മുന്നില്‍ നില്‍ക്കാന്‍ പ്രചോദനമായതും ഷൈബിനാണ്. ഞങ്ങള്‍ ഇരുവരും ചേര്‍ന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമായി,'' ജീന പറയുന്നു.

കൂടുതല്‍ സൗകര്യമുള്ള ഓഫീസിനായുള്ള അന്വേഷണത്തിനൊടുവില്‍ പാലാരിവട്ടത്ത് പുതിയൊരു സ്‌പേസിലേക്ക് മാറാന്‍ ബെസ്റ്റിനേഷന്‍ തീരുമാനിച്ചു. ഓഫീസ് ഉദ്ഘാടനത്തിന് ആരെ കൊണ്ടുവരാമെന്ന ചിന്തയാണ് ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റും പരസ്യചിത്ര സംവിധായകനും ചലച്ചിത്രതാരവുമെല്ലാമായ സിജോയ് വര്‍ഗീസിലേക്ക് അവരെ എത്തിച്ചത്. ''അദ്ദേഹത്തെ ക്ഷണിക്കാന്‍ ചെന്നത് ഞങ്ങളുടെ ബ്രാന്‍ഡ് ജേര്‍ണിയില്‍ വഴിത്തിരിവായി. ഉദ്ഘാടനത്തിന് ക്ഷണിക്കാനുള്ള ആ കൂടിക്കാഴ്ചക്കൊടുവില്‍ അദ്ദേഹം ഞങ്ങളുടെ ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റായി. ബ്രാന്‍ഡ് അംബാസഡറും,'' ജീനയും ഷൈബിനും പറയുന്നു.

''ജീനയെയും ഷൈബിനെയും പരിചയപ്പെട്ടപ്പോള്‍ അവരുടെ ഉള്ളിലെ ഫയറാണ് ഞാന്‍ ശ്രദ്ധിച്ചത്. അവര്‍ക്ക് അവരുടെ ബ്രാന്‍ഡിനോട് ഒടുങ്ങാത്ത പ്രണയമാണ്. ആ പ്രണയമാണ് എന്നെ ബെസ്റ്റിനേഷനിലേക്ക് ആകര്‍ഷിച്ചതും,'' സിജോയ് വര്‍ഗീസ് പറയുന്നു.

ബ്രാന്‍ഡ് കണ്‍സള്‍ട്ടിങ് രംഗത്ത് 30 വര്‍ഷമായുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ബ്രാന്‍ഡുകളെ തിരഞ്ഞെടുക്കുമ്പോള്‍, ഒരു നിബന്ധന പുലര്‍ത്താറുണ്ട്. ആ ബ്രാന്‍ഡ് നിലകൊള്ളുന്ന കാറ്റഗറിയില്‍ ആദ്യ അഞ്ചിലുള്ളവരോ, അല്ലെങ്കില്‍ ആ തലത്തിലേക്ക് വളരാന്‍ കരുത്തും പ്രാപ്തിയും ആഗ്രഹവും ഉള്ളവരോ ആയിരിക്കണം. ബ്രാന്‍ഡുകളുടെ ഈ കഴിവ് മനസിലാക്കാന്‍ ഒട്ടേറെ കാര്യങ്ങളും പരിഗണിക്കാറുണ്ട്. ബ്രാന്‍ഡ് ഉടമകളുടെ പാഷന്‍ മുതല്‍ അവര്‍ ജീവനക്കാരോടും ക്ലയ്ന്റ്‌സിനോടും സംസാരിക്കുന്നതും, എന്തിന് ഓഫീസിലെ അന്തരീക്ഷം വരെ ശ്രദ്ധിക്കും. ജീനയും ഷൈബിനും പറയുന്ന കാര്യങ്ങള്‍ ചെയ്യും. ചെയ്യാന്‍ പറ്റുന്നതേ പറയൂ. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ട്രാവല്‍ കമ്പനികള്‍ക്കിടയില്‍ മുന്‍നിരയിലേക്ക് കുതിച്ചെത്താന്‍ അവര്‍ക്ക് സാധിച്ചത് അതുകൊണ്ടാണ്. മാത്രമല്ല മറ്റാരും സഞ്ചാരികള്‍ക്ക് മുന്നില്‍ വെക്കാത്ത ടൂര്‍ പാക്കേജുകള്‍ അവര്‍ നല്‍കി. സ്‌കാന്‍ഡിനേവിയ, ബാള്‍ട്ടിക്, ഈസ്റ്റേണ്‍ യൂറോപ്പ് എന്നിവയിലെ 10 രാജ്യങ്ങള്‍ കവര്‍ ചെയ്യുന്ന പാക്കേജ് തന്നെ ഒരു ഉദാഹരണം. ലോകത്തെ 100 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ മലയാളികളെ പ്രചോദിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇന്ന് ആ ലക്ഷ്യം എന്റേത് കൂടിയാണ്. യാത്ര ഓരോ വ്യക്തിയെയും പുതുക്കിപ്പണിയും. യാത്ര ചെയ്യാത്തവര്‍ എന്നേ മരിച്ചുകഴിഞ്ഞു എന്ന് പറയാറില്ലേ. അതുകൊണ്ടാണ് ബെസ്റ്റിനേഷന്‍ 'യാത്ര ചെയ്യൂ, ഇന്നു തന്നെ' എന്ന് പറയുന്നത്. ജീനയും ഷൈബിനും എന്നെ പഠിപ്പിച്ച വലിയൊരു പാഠമുണ്ട്; ഗ്രാറ്റിറ്റിയൂഡ്. അവര്‍ അങ്ങേയറ്റം കൃതജ്ഞത ഉള്ളവരാണ്. ജോലിക്ക് ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ ഉപരിയാണ് അതിന് ലഭിക്കുന്ന അംഗീകാരം. ഇന്നെന്നെ മോട്ടിവേറ്റ് ചെയ്യുന്ന ബ്രാന്‍ഡാണ് ബെസ്റ്റിനേഷന്‍. ഞാന്‍ കൈകാര്യം ചെയ്യുന്ന ഓരോ ബ്രാന്‍ഡിനും വേണ്ട കാര്യങ്ങള്‍ സദാ തേടിക്കൊണ്ടിരിക്കുന്ന ശീലമുണ്ട്. ഒരു ബ്രാന്‍ഡിന് അനുയോജ്യമായ സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍ തന്നെ ബ്രാന്‍ഡുടമയെ വിളിച്ച് അറിയിച്ച് നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. ഇപ്പോള്‍ ബെസ്റ്റിനേഷന്‍ എന്റെ ബോധമനസിനെയും അബോധ മനസിനെയും ജാഗ്രതയോടെ നിര്‍ത്താന്‍ കാരണം ആ ബ്രാന്‍ഡിന്റെ മൂല്യങ്ങളും സവിശേഷതയുമാണ്.

സിജോയ് വര്‍ഗീസ് ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റ്, ബ്രാന്‍ഡ് അംബാസഡര്‍, ബെസ്റ്റിനേഷന്‍ ഹോളിഡേയ്സ്

എങ്ങനെ വ്യത്യസ്തരാകുന്നു?

ഓരോ ഡെസ്റ്റിനേഷന്റെയും ഏറ്റവും സുന്ദരമായ, അധികമാരും കാണാത്ത കാഴ്ചകളാണ് ബെസ്റ്റിനേഷന്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ വെക്കുന്നത്. ഓരോ സഞ്ചാരിക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവമായി യാത്രയെ മാറ്റാനുള്ള നിഷ്ഠ. ''ഓരോ ബ്രാന്‍ഡിനെയും വിശകലനം ചെയ്യുമ്പോള്‍ ഞാന്‍ നോക്കുന്ന മൂന്ന് കാര്യങ്ങളുണ്ട്. ബ്രാന്‍ഡ് സാരഥികള്‍ക്ക് ആ മേഖലയെ കുറിച്ച് ആഴത്തിലുള്ള അറിവുണ്ടോ? അവര്‍ എത്രമാത്രം മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു? ഇടപെടുന്ന എല്ലാവരോടും അവര്‍ സത്യസന്ധത പുലര്‍ത്തുന്നുണ്ടോ? ജീനയ്ക്കും ഷൈബിനും ഇക്കാര്യത്തില്‍ നൂറില്‍ നൂറ് മാര്‍ക്കും ഞാന്‍ നല്‍കും. ഒരു സുപ്രഭാതത്തില്‍ ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരല്ല ഇവര്‍. ഈ മേഖലയെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് മൂലം ഏറ്റവും ബെസ്റ്റ് റേറ്റ് നല്‍കാന്‍ സാധിക്കുന്നു. ഏറ്റവും ബെസ്റ്റ് ഐറ്റിനറി പ്ലാന്‍ ചെയ്യാന്‍ പറ്റുന്നു. വരുമാനത്തില്‍ കുറവ് സംഭവിക്കുമെന്ന് അറിഞ്ഞാല്‍ പോലും കസ്റ്റമറുടെ ഭാഗത്തുനിന്ന് മാത്രമെ ഇവര്‍ ചിന്തിക്കൂ. കസ്റ്റമര്‍ക്ക് ഗുണമില്ലാത്ത ഒന്നും അവര്‍ ചെയ്യില്ല. ഇതൊക്കെയാണ് ബെസ്റ്റിനേഷന്‍ എന്ന ബ്രാന്‍ഡിനെ ചുരുങ്ങിയ കാലം കൊണ്ട് മുന്‍നിരയിലെത്തിച്ചതും,'' സിജോയ് വര്‍ഗീസ് വിശദീകരിക്കുന്നു.

ഇത്രയും നാള്‍ കൊണ്ട് തന്നെ സംസ്ഥാനത്തെ ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ പുതിയ പ്രവണതകള്‍ക്കും തുടക്കമിടാന്‍ ബെസ്റ്റിനേഷന് സാധിച്ചിട്ടുണ്ട്. അതില്‍ പ്രധാനം ഓരോ ഡെസ്റ്റിനേഷനിലും ചേര്‍ത്തുവെക്കുന്ന പുതിയ കാഴ്ചകളാണ്. ജീനയും ഷൈബിനും ബെസ്റ്റിനേഷനെ വളര്‍ത്താന്‍ മാത്രമല്ല ശ്രമിക്കുന്നത്. മലയാളികളെ കൂടുതല്‍ യാത്ര ചെയ്യാനാണ് പ്രേരിപ്പിക്കുന്നത്. യാത്ര ചെയ്യൂ. പിന്നീട് എപ്പോഴെങ്കിലുമല്ല, ഇപ്പോള്‍ തന്നെ. അതുകൊണ്ട് തന്നെ അവര്‍ ബ്രാന്‍ഡിന്റെ മുഖവാചകമായി പറയുന്നു.

Let's GO TODAY!

(ധനം മാഗസീന്‍ 2026 ഫെബ്രുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Bestination Holidays, founded by Gina Fernandes and Shaibin Varghese Mathew, is redefining travel experiences for Malayali tourists with unique itineraries and experiential journeys.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com