ലൈഫ് സയൻസസിൽ നിക്ഷേപം ലക്ഷ്യമിട്ട് 'ബയോ കണക്ട് 4.0'; കേരളത്തിലേക്ക് ₹713 കോടിയുടെ പദ്ധതികൾ

സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതില്‍ ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് വലിയ പ്രാധാന്യമുളളതായി മുഖ്യമന്ത്രി വി.ഡി സതീശന്‍
Kerala has launched Bio Connect 4.0
അന്താരാഷ്ട്ര ലെഫ് സയന്‍സസ് കോണ്‍ക്ലേവ് 'ബയോ കണക്ട് 4.0' വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Published on: 

അതിവേഗം വളരുന്ന ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാനത്ത് ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപവും വ്യവസായ സഹകരണവും ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര ലെഫ് സയന്‍സസ് കോണ്‍ക്ലേവ് 'ബയോ കണക്ട് 4.0' നെ വെര്‍ച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നിക്ഷേപകര്‍ക്ക് ആവശ്യമായ ലൈസന്‍സുകളും അനുമതികളും ഒരൊറ്റ ഇടത്തില്‍ ലഭ്യമാക്കുന്നതിനായി 'സരള്‍ കേരള' സംരംഭം സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. നിക്ഷേപകര്‍ക്ക് ആഗോളതലത്തില്‍ പ്രയോജനപ്പെടുത്താവുന്ന തരത്തില്‍ സംസ്ഥാനത്തിന്റെ അനുകൂല ഘടകങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ക്ലേവും എക്സ്പോയും വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഈ മേഖലയിലെ പ്രമുഖ കമ്പനികള്‍ക്ക് നിക്ഷേപം നടത്താനും ആഗോളതലത്തില്‍ വളരാനും അനുയോജ്യമായ ആവാസവ്യവസ്ഥ കേരളം ഒരുക്കിയിട്ടുളളതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെഎസ്ഐഡിസി) അനുബന്ധ സ്ഥാപനമായ കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന് (കെഎല്‍ഐപി) കീഴിലുള്ള ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കാണ് 'ബയോ കണക്ട് 4.0' എന്ന പേരില്‍ രണ്ടുദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.

വ്യവസായ-വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയര്‍മാന്‍ സി. ബാലഗോപാല്‍, സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് വിഷന്‍ സയന്‍സ് സ്ഥാപക ഡയറക്ടറും ഇന്‍ഫ്ളമാസോംസ് പ്രസിഡന്റും സി.ഇ.ഒയുമായ ഡോ. ജയകൃഷ്ണ അമ്പാട്ടി, കെഎസ്ഐഡിസി എംഡിയും വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറുമായ സ്നേഹില്‍ കുമാര്‍ സിംഗ്, കെഎല്‍ഐപി ഡയറക്ടര്‍ സി.എന്‍ രാംചന്ദ്, കെഎസ്ഐഡിസി ജനറല്‍ മാനേജരും കെഎല്‍ഐപി സിഇഒയുമായ ജോസ് കുര്യന്‍ മുണ്ടക്കല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഭാരത്ബയോം ലൈഫ് സയന്‍സസ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ്, രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി), ഇന്‍.വെന്‍റ് (In.Vent), ഇന്ത്യ ഡയഗ്നോസ്റ്റിക്ക, അക്വാ നോവ ബയോസിസ്റ്റംസ്, മെഡ്ഗ്രോ ബയോ ലൈഫ് സൊല്യൂഷന്‍സ്, ഫൂട്ട് പ്രോ സൊല്യൂഷന്‍സ് അടക്കമുളള കമ്പനികള്‍ സംസ്ഥാനത്ത് 713 കോടി രൂപയുടെ നിക്ഷേപം നടത്തും. അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 500 ലേറെ പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിരവധി എക്സ്പോ സ്റ്റാളുകളുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com