

കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കും ചേര്‍ന്നു സംഘടിപ്പിക്കുന്ന ബയോകണക്ട് 3.0 അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെ ആദ്യദിവസം ലൈഫ് സയന്‍സസ് മേഖലയില്‍ 180 കോടിയോളം രൂപയുടെ നിക്ഷേപമെത്തി. തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നിക്ഷേപം നടത്താന്‍ തയ്യാറായ ഏഴ് സ്ഥാപനങ്ങളുമായുള്ള താല്‍പര്യപത്രം കോണ്‍ക്ലേവിന്റെ ഉദ്ഘാടനവേദിയില്‍ കൈമാറി. താല്‍പര്യപത്രങ്ങളനുസരിച്ച് 183.45 കോടി രൂപയുടെ നിക്ഷേപമാണ് ലൈഫ് സയന്‍സസ് പാര്‍ക്കിലേക്കെത്തുന്നത്.
രോഗനിര്‍ണയത്തിനായി കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാവുന്ന പോയന്റ് ഓഫ് കെയര്‍ ടെസ്റ്റിങ് ഉപകരണങ്ങളുടെ നിര്‍മാണം, ഡിഎന്‍എ അടിസ്ഥാനമാക്കി വളരെ വേഗത്തില്‍ രോഗാണുക്കളെ തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍, കോഴിവളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍, മത്സ്യക്കൃഷി തുടങ്ങിയ മേഖലകള്‍ക്കുവേണ്ടി ആല്‍ഗകളില്‍ നിന്നും ഒമേഗ 3 യുടെയും ഒമേഗ 6 ന്റെയും ഉത്പാദനം, പുതുതലമുറ രോഗനിര്‍ണയക്കിറ്റുകള്‍, നിര്‍മ്മിതബുദ്ധി അധിഷ്ഠിതമായ പോയന്റ് ഓഫ് കെയര്‍ ടെസ്റ്റിങ് ഉപാധികളുടെ നിര്‍മ്മാണം, മറ്റു മെഡിക്കല്‍ ഡിവൈസുകളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലാണ് കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുള്ളത്.
കേരളത്തിന്റെ ബയോ ഇക്കോണമി അതിവേഗം വളര്‍ച്ച കൈവരിക്കുന്നതായി പഠനറിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാറിനു വേണ്ടി അസോസിയേഷന്‍ ഓഫ് ബയോടെക്‌നോളജി ലെഡ് എന്റര്‍പ്രൈസസ് (ABLE) തയ്യാറാക്കിയ കേരള ബയോ ഇക്കോണമി റിപ്പോര്‍ട്ട് 2025ലാണ് രാജ്യത്തിനു തന്നെ മാതൃകയാകുന്ന കേരളത്തിന്റെ വളര്‍ച്ച ചൂണ്ടിക്കാണിക്കുന്നത്. 2022-ല്‍ 6.25 ബില്യണ്‍ ഡോളറായിരുന്ന ഈ മേഖലയുടെ മൂല്യം, 2024 ല്‍ 7.54 ബില്യണായും 2025-ല്‍ 8.24 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. 12 ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. ബയോ കണക്ട് 3.0 യുടെ വേദിയില്‍ വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് പഠന റിപ്പോര്‍ട്ട് പുറത്തിറക്കി.
സംസ്ഥാനത്തിന്റെ ബയോ ഇക്കോണമി വളര്‍ച്ചയിലെ ഏറ്റവും നിര്‍ണായക ഘടകമാകുന്നത് ബയോ ഫാര്‍മ മേഖലയാണ്. ആകെ മൂല്യത്തിന്റെ 44 ശതമാനവും ബയോ ഫാര്‍മ മേഖലയില്‍ നിന്നാണ്. കേരള മെഡിക്കല്‍ ടെക്‌നോളജി കോണ്‍സോര്‍ഷ്യം, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി തുടങ്ങിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ശക്തമായ സ്ഥാപന ഘടനയും, അറുപതിലധികം ഗവേഷണ സ്ഥാപനങ്ങളുമാണ് ഈ വളര്‍ച്ചയ്ക്ക് ആധാരമായത്. വര്‍ഷംതോറും ഏകദേശം 10,000 പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് ഇവിടങ്ങളില്‍ നിന്നും പുറത്തിറങ്ങുന്നത്.
ആയുര്‍വേദവും ന്യൂട്രാസ്യൂട്ടിക്കല്‍സും ഉള്‍പ്പെടുന്ന മേഖല മാത്രം ഒരു ബില്യണ്‍ ഡോളറിലധികം മൂല്യം സൃഷ്ടിച്ച് 40 ലധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതി നടത്തുന്നത്.
BioConnect 3.0 attracts ₹180 crore investment on Day 1; Kerala's bioeconomy crosses $8.24 billion milestone.
Read DhanamOnline in English
Subscribe to Dhanam Magazine