പ്ലാസ്റ്റിക്കിനെ തുരത്താന്‍ ജൈവ ബദല്‍ ഉല്‍പ്പന്ന നിരയുമായി ബയോമാര്‍ട്ട്

പ്ലാസ്റ്റിക്കിനെ തുരത്താന്‍ ജൈവ ബദല്‍ ഉല്‍പ്പന്ന നിരയുമായി ബയോമാര്‍ട്ട്
Published on

മണ്ണിലും ജലത്തിലും പൂര്‍ണ്ണമായി അലിഞ്ഞുചേരുന്ന ക്യാരിബാഗും കപ്പും കട്ട്ലറി ഇനങ്ങളും ജനകീയമാക്കി പ്ലാസ്റ്റിക്കിനെതിരെ കൈകോര്‍ക്കുന്നു ബെറ്റര്‍ കൊച്ചി റെസ്പോണ്‍സ് ഗ്രൂപ്പും ബയോമാര്‍ട്ട് എക്കോ ഫ്രണ്ട്ലി ഡിസ്പോസബിള്‍സും. മരച്ചീനി, ഗോതമ്പ്, ചോളം, കരിമ്പ് എന്നിവയുടെ മാവ് (സ്റ്റാര്‍ച്ച്) കൊണ്ടു നിര്‍മ്മിച്ച ബയോമാര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ ഇതിനായി വിപണിയില്‍ ലഭ്യമാക്കിത്തുടങ്ങി.

'പ്ലാസ്റ്റിക്ക് രഹിത ജീവിതം കൊച്ചിയില്‍' എന്ന മുദ്രാവാക്യവുമായുള്ള ഉദ്യമത്തിന്റെ ഭാഗമായി കാലാവസ്ഥയ്ക്കിണങ്ങുന്നതും ആരോഗ്യത്തിന് ഒട്ടും ഹാനികരമാകാത്തതുമായ ഉല്‍പന്നങ്ങളാണ് പ്ലാസ്റ്റിക്കിനു ബദലായി മെട്രോ നഗര ജനതയ്ക്കു പരിചയപ്പെടുത്തുന്നതെന്ന് ബയോമാര്‍ട്ട് സ്ഥാപകന്‍ കെ രവികൃഷ്ണന്‍ പറഞ്ഞു. ബയോഡിഗ്രേഡബിള്‍ ആന്റ് കംപോസ്റ്റബിള്‍ ഉല്‍പന്നങ്ങളുടെ പ്രചാരണത്തിനും ബോധവല്‍ക്കരണത്തിനും  മെട്രോ നഗരത്തിലെ പ്രമുഖരായ ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍, മാനേജ്മെന്റ് - സാമ്പത്തിക വിദഗ്ദ്ധര്‍ എന്നിവര്‍  അംഗങ്ങളായ പ്രഫഷണലുകളുടെ കൂട്ടായ്മയായ ബെറ്റര്‍ കൊച്ചി റെസ്പോണ്‍സ് ഗ്രൂപ്പ് ഒപ്പമുണ്ടാകുമെന്ന് പ്രസിഡന്റ് ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍ അറിയിച്ചു.

മനുഷ്യര്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളില്‍ 99 ശതമാനവും റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്തവയാകയാല്‍ വായുവിലും  വെള്ളത്തിലും  ഭക്ഷണസാധനങ്ങളിലും പ്ലാസ്റ്റിക്കിന്റെ അളവ് അപകടകരമായ അവസ്ഥയിലായിരിക്കുന്നുവെന്ന് രവികൃഷ്ണന്‍  പറഞ്ഞു. പ്രകൃതിയെ താറുമാറാക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിനും ഇത്തരം പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ ഉപയോഗം കാരണമാകുന്നു. ഒരു കിലോ മുതല്‍ 20 കിലോവരെ ഭാരം താങ്ങുന്ന ക്യാരി ബാഗുകള്‍ ബയോമാര്‍ട്ട്  വിപണിയില്‍ എത്തിച്ചിട്ടുണ്ട്. നമ്മള്‍ വലിച്ചെറിയുന്ന ഓരോ പ്ലാസ്റ്റിക് കിറ്റും 400 വര്‍ഷം നീളുന്ന പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 16 തലമുറകളുടെ ജീവിതം അത് അസഹ്യമാക്കുന്നു.

ഓരോ 60 സെക്കന്റിലും 30 ലക്ഷം പ്ലാസ്റ്റിക്ക് ബാഗുകളും ബോട്ടിലുകളും വില്‍ക്കപ്പെടുന്നു എന്നും ലോക പ്ലാസ്റ്റിക്കിന്റെ പകുതിയും വരുന്നത് ഏഷ്യയില്‍ നിന്നാണെന്നുമുള്ള കണക്കുകള്‍ ഉത്ക്കണ്ഠയുണര്‍ത്തുന്നതാണ്. ഈ സാഹചര്യത്തിലാണ് ബയോ കസാവാ ബാഗ്, ഷുഗര്‍ കെയിന്‍ കപ്പ്, ബയോ പേപ്പര്‍ കപ്പ്, പിഎല്‍എ കപ്പ്, പിഎല്‍എ കട്ട്ലറി, ബയോബഗാസ്സ് ബോക്സ്, ബയോ പിഎല്‍എ ബൗള്‍, ബയോ പേപ്പര്‍ സ്ട്രോ, ബയോ പിഎല്‍എ സ്ട്രോ തുടങ്ങിയ ഒട്ടേറെ ജൈവ ബദല്‍ ഉല്‍പന്നങ്ങള്‍ ബയോമാര്‍ട്ട് അവതരിപ്പിക്കുന്നത്. വെള്ളത്തിലും മണ്ണിലും പെട്ടെന്ന് അലിഞ്ഞുചേരുന്ന 'ബയോ ഡീഗ്രേഡബിള്‍', കുറച്ചു വര്‍ഷംകൊണ്ട് മണ്ണില്‍ അലിയുന്ന 'ഓക്സോ ബയോ ഡീഗ്രേഡബിള്‍' എന്നീ രണ്ടു വിഭാഗത്തില്‍പ്പെട്ടതാണ് ഉത്പന്നങ്ങള്‍.

മരച്ചീനിയുടെ സ്റ്റാര്‍ച്ചും വെജിറ്റബിള്‍ ഓയിലും ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ് ബയോ കസാവാ ബാഗുകള്‍. ഏതവസരത്തിലും ഉപയോഗിക്കാവുന്ന ബയോക്ലിയര്‍ പിഎല്‍എ കപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കോണ്‍ സ്റ്റാര്‍ച്ചില്‍ നിന്നാണ്. സാധാരണ പ്ലാസ്റ്റിക്ക് പോലെ തോന്നിപ്പിക്കുന്ന ഫോര്‍ക്ക്, സ്പൂണ്‍, കത്തി, തുടങ്ങിയ പിഎല്‍എ കട്ട്ലറി ഇനങ്ങള്‍ നിര്‍മ്മിച്ചതാകട്ടെ കരിമ്പിന്റെ സ്റ്റാര്‍ച്ച് കൊണ്ടും. ജ്യൂസ് എടുത്തശേഷം തള്ളുന്ന കരിമ്പിന്റെ ചണ്ടിയില്‍ നിന്നും പിറവിയെടുത്തതാണ് ഏറെ വ്യത്യസ്തമായ ബയോ ബെഗാസെ ബോക്സ്. ആഹാരസാധനങ്ങള്‍ മൈക്രോവേവ്, ഫ്രീസര്‍ എന്നിവയില്‍ സൂക്ഷിക്കുന്നതിന് ഇത് അനുയോജ്യമാണെന്നും രവികൃഷ്ണന്‍ പറഞ്ഞു.

ചൂടുള്ള ഭക്ഷണസാധനങ്ങള്‍ സംഭരിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പിഎല്‍എ ഉല്‍പ്പന്നങ്ങള്‍ സുതാര്യമാണ്.ബയോക്ലിയര്‍ ബൗള്‍ നിര്‍മ്മിച്ചിരിക്കുന്നത് 100 ശതമാനവും ചോളത്തിന്റെ മാവില്‍ നിന്നാണ്. കോണ്‍ സ്റ്റാര്‍ച്ചിന്റെ മൈക്രോ തിന്‍ ലെയര്‍ കൊണ്ട്  ദൃഢതയേകുന്ന പ്രീമിയം ക്വാളിറ്റി പേപ്പര്‍ ബൗളിന്റെ നിര്‍മ്മാണവും ചോളമാവുകൊണ്ടു തന്നെ.പിഎല്‍എ ഉല്‍പ്പന്നങ്ങള്‍ മണ്ണിലോ വെള്ളത്തിലോ ഇട്ടാല്‍ 48 മണിക്കൂറിനുള്ളില്‍ അലിഞ്ഞു തുടങ്ങും. ആറു മാസത്തിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ണ്ണമാകും.

സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുകയെന്നത് വെല്ലുവിളിയാണെന്നും രവി കൃഷ്ണന്‍ പറഞ്ഞു. ഇതിന്റെ അപകടങ്ങളെക്കുറിച്ച് കൊച്ചിയിലെ ജനങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. അനുയോജ്യ ബദല്‍ ഇല്ലാത്തതാണവരുടെ പ്രശ്‌നം. സര്‍ക്കാരിനു നിരോധനവും പിഴയും മാത്രമേ ചുമത്താനാകൂ. ആളുകള്‍ അത് ഒഴിവാക്കാന്‍ സാഹചര്യമൊരുക്കണം.അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ കൊച്ചിയെ പ്ലാസ്റ്റിക്കില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കുകയാണ് ലക്ഷ്യം. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കിയാല്‍ ആളുകള്‍ തീര്‍ച്ചയായും വാങ്ങും. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെ അടിസ്ഥാനമാക്കി കമ്പനി കേരളത്തില്‍ ഒരു ഉല്‍പാദന യൂണിറ്റ് ആസൂത്രണം ചെയ്യുമെന്നും രവി കൃഷ്ണന്‍ പറഞ്ഞു.

പ്രകൃതി സൗഹൃദ കൊച്ചി യാഥാര്‍ത്ഥ്യമാക്കാനുള്ള പരിപാടിയുടെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഫലവൃക്ഷ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള തീവ്രയത്‌നത്തിലാണ് ബെറ്റര്‍ കൊച്ചി റെസ്പോണ്‍സ് ഗ്രൂപ്പ്. ഇതിനു തുടക്കം കുറിച്ചുകൊണ്ട് കാല്‍ ലക്ഷം തൈകള്‍ ഇക്കഴിഞ്ഞ ഓണക്കാലത്തു വിതരണം ചെയ്തിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com