ഫെഡറല്‍ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരി ഉടമയാകാന്‍ ബ്ലാക്ക്‌സ്‌റ്റോണ്‍, ഡയറക്ടര്‍ ബോര്‍ഡിലും പ്രാതിനിധ്യം

ഏകദേശം 6,196.51 കോടി രൂപയാണ് പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ വാങ്ങാനായി നിക്ഷേപിക്കുക.
Federal Bank Branch
Photo credit: VJ/Dhanam   Vijay/Dhanam
Published on

ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കില്‍ (Federal Bank) ഓഹരി സ്വന്തമാക്കാന്‍ അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക് സ്റ്റോണ്‍ (Blackstone). ഏകദേശം 6,196.51 കോടി രൂപയാണ് ബ്ലാക്ക് സ്റ്റോണിന്റെ പിന്തുണയുള്ള ഏഷ്യ II ടോപ്‌കോ XIII (Asia II Topco XIII Pte) എന്ന ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് കമ്പനി ഇതിനായി നിക്ഷേപിക്കുക.

ഓഹരികളാക്കി മാറ്റാവുന്ന 27.29 കോടി വാറന്റുകളാണ് പ്രിഫറന്‍ഷ്യല്‍ ഇഷ്യു (preferential issue) വഴി അനുവദിക്കുക. പുതിയ ഓഹരികള്‍ സൃഷ്ടിച്ച് മുന്‍ഗണനാ അടിസ്ഥാനത്തില്‍ യോഗ്യരായ നിക്ഷേപകര്‍ക്ക് നല്‍കുന്നതാണ് പ്രിഫറന്‍ഷ്യല്‍ ഇഷ്യു.

ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും

വാറന്റുകള്‍ ഓഹരിയാക്കി മാറ്റിയ ശേഷം ബ്ലാക്ക് സ്‌റ്റോണിന്റെ കൈവശമാകും ഫെഡറല്‍ ബാങ്കിന്റെ 9.99 ശതമാനം ഓഹരികള്‍. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഒരു നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറെ നാമനിര്‍ദേശം ചെയ്യാനുള്ള അവകാശവും ഇതോടെ ലഭിക്കും. ഇതിനായി മിനിമം 5 ശതമാനം ഓഹരി പങ്കാളിത്തം കമ്പനി ബാങ്കില്‍ നിലനിര്‍ത്തണം. ഓഹരി ഉടമകളുടെ അനുമതിക്കും മറ്റ് ചട്ടങ്ങള്‍ക്കും അനുസൃതമായിട്ടാകും നിയമനം നടത്തുക.

രണ്ട് രൂപ മുഖവിലയുള്ള ഓഹരിക്ക് 225 രൂപ പ്രീമിയവും ചേര്‍ത്ത് 227 രൂപ നിരക്കിലാണ് ഇടപാട്. 227 രൂപ വിലയുള്ള ഒരു വാറണ്ട് വാങ്ങുമ്പോള്‍ മൊത്തം തുകയുടെ 25% കമ്പനി അപ്പോള്‍ തന്നെ അടയ്‌ക്കേണ്ടതുണ്ട്. ബാക്കി 75 ശതമാനം വാറണ്ട് ഓഹരികളാക്കുമ്പോള്‍ നല്‍കിയാല്‍ മതിയെന്നതാണ് വ്യവസ്ഥ. അലോട്ട്‌മെന്റ് സമയം മുതല്‍ 18 മാസമാണ് വാറന്റിന്റെ കാലാവധി. ഒന്നോ അതിലധികമോ തവണയായി വാറന്റുകള്‍ ഓഹരികളാക്കി മാറ്റാം. സമയപരിധിക്കകം ഓഹരിയാക്കി മാറ്റാത്ത വാറന്റുകള്‍ പാഴായി പോകും.കൂടാതെ അത്തരം വാറന്റുകളിലെ നിക്ഷേപ തുകയും കണ്ടുകെട്ടും.

പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ അനുവദിക്കുന്നതിനും ബോര്‍ഡ് അംഗത്വത്തിന് അംഗീകാരം നല്‍കുന്നതിനുമായി ഫെഡറല്‍ ബാങ്കിന്റെ ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം (Extra Ordinary General Meeting/EGM) നവംബര്‍19ന് ചേരും.

മൂലധന അടിത്തറ ശക്തമാക്കാനും ഭാവി വളര്‍ച്ചാ സാധ്യതകള്‍ മികച്ചതാക്കാനുമാണ് ഫെഡറല്‍ ബാങ്ക് ഫണ്ട് സമാഹരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com