ഇനി 'ബോചെ ചായപ്പൊടി'യും; വയനാട്ടിൽ എ.വി.ടിയുടെ 1,000 ഏക്കർ തോട്ടം സ്വന്തമാക്കി ബോബി ചെമ്മണൂർ

തേയില വിപണന രംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എ. വി. ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോബി ചെമ്മണൂർ സ്വന്തമാക്കി. ഇനി മുതല്‍ ഈ ഭൂമി 'ബോചെ ഭൂമിപുത്ര' എന്നാണ് അറിയപ്പെടുക. ഭൂമിയുടെ പുത്രന്‍ എന്നാണ് ഭൂമിപുത്ര എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം. വരും മാസങ്ങളില്‍ ബോചെ ടീ എന്ന പേരില്‍ പ്രീമിയം ചായപ്പൊടി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവും. കൂടാതെ അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബോചെ ടീ കയറ്റുമതി ചെയ്യും.

തോട്ടത്തിന്റെ ഒരു നിശ്ചിത ശതമാനം പഴം, പച്ചക്കറി കൃഷിക്കും ടൂറിസത്തിനും ഉപയോഗിക്കാം എന്ന സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി തേയില
ക്കൃഷി
കൂടാതെ കന്നുകാലി ഫാമും ഉടന്‍ ആരംഭിക്കും. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരം മികച്ചയിനം പശുക്കളെ ഇറക്കുമതി ചെയ്യും. ശുദ്ധമായ പാലും, പാലുല്പന്നങ്ങളായ തൈര്, നെയ്യ്, ചീസ്, ഐസ് ക്രീം എന്നിവ ബോചെ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കും. നിലവിലുള്ള കൃഷികളായ തേയില, കാപ്പി, ഏലം എന്നിവയ്ക്കൊപ്പം വിഷരഹിതമായ ഓര്‍ഗാനിക് പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്ത് വിപണിയിലെത്തിക്കാനുമാണ് ബോബി ചെമ്മണൂർ ലക്ഷ്യമിടുന്നത്.
സ്റ്റുഡന്റ്‌സ് അഗ്രി-ടൂറിസം ക്ലബ്ബ്
വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയെപ്പറ്റി കൂടുതല്‍ മനസിലാക്കാനും കൃഷി ചെയ്ത് പഠിക്കാനും അതോടൊപ്പം ടൂറിസം പഠിക്കാനുമായി സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഗവണ്‍മെന്റുമായി സഹകരിച്ച് ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് 'സ്റ്റുഡന്റ്‌സ് അഗ്രി-ടൂറിസം ക്ലബ്ബ്'. കലാലയ അധികൃതര്‍ തിരഞ്ഞെടുക്കുന്ന ഉത്സാഹഭരിതരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് അഗ്രി-ടൂറിസം ക്ലബ്ബ് മെമ്പര്‍ഷിപ്പ് നല്‍കും. ഇവര്‍ക്ക് അവധി ദിനങ്ങളില്‍ 'ബോചെ ഭൂമിപുത്ര'യില്‍ സൗജന്യമായി താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്. വിളവെടുക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി അതുവഴി മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിന്ന് പഠിക്കാനും പോക്കറ്റ് മണി കണ്ടെത്താനും പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.
കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന വയനാടിന്റെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകാന്‍ കോണ്‍ക്രീറ്റ് കാടുകള്‍ക്ക് പകരം പ്രകൃതിയെ ഹനിക്കാതെ പരിസ്ഥിതി സൗഹൃദമായ പാര്‍ക്ക്, മഡ് ഹൗസ്, വുഡ് ഹൗസ്, ടെന്റുകള്‍, കാരവാന്‍ പാര്‍ക്ക് എന്നിവയാണ് ഉടന്‍ നടപ്പിലാക്കുന്നത്. ഇതോടൊപ്പം ട്രക്കിങ്ങിനും മറ്റ് അഡ്വഞ്ചര്‍ ടൂറിസത്തിനുമുള്ള സൗകര്യങ്ങളും ഒരുക്കും.

Related Articles
Next Story
Videos
Share it