
പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡായ ബ്രാഹ്‌മിണ്‍സ് ഫുഡ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി.വിഷ്ണു നമ്പൂതിരി(68) അന്തരിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചഴിഞ്ഞ് 3 ന് വീട്ടുവളപ്പില്‍. ഭാര്യ മഞ്ജരി. ശ്രീനാഥ് വിഷ്ണു(മാനേജിംഗ് ഡയറക്ടര്‍, ബ്രാഹ്‌മിണ്‍സ്), സത്യ വിഷ്ണു(ഡയറക്ടര്‍, ബ്രാഹ്‌മിണ്‍സ്) എന്നിവരാണ് മക്കള്‍. മരുമക്കള്‍: അര്‍ച്ചന(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ബ്രാഹ്‌മിണ്‍സ്), ജിതിന്‍ ശര്‍മ(ഡയറക്ടര്‍ ബ്രാഹ്‌മിണ്‍സ്).
പാരമ്പര്യത്തനിമ നിലനിര്‍ത്തിയ സംരംഭകന്‍
പാരമ്പര്യത്തനിമയുള്ള രുചിക്കൂട്ടുകളിലൂടെയാണ് വിഷ്ണു നമ്പൂതിരി ബ്രാഹ്‌മിണ്‍സിനെ മലയാളികളുടെ പ്രിയ ബ്രാന്‍ഡാക്കി മാറ്റിയത്. 1987 ല്‍ വീടിനോട് ചേര്‍ന്നു ചെറിയ തോതില്‍ ആരംഭിച്ച പ്രസ്ഥാനം ഇന്ന് ഇന്ത്യയ്ക്കു പുറമേ ബ്രിട്ടന്‍, യു.എസ്, കാനഡ, ഓസ്‌ട്രേലിയ, ഫിജി തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇരുപത്തിരണ്ടോളം ബിസിനസുകള്‍ ചെയ്തതിനു ശേഷമാണ് കറിപൗഡര്‍ മേഖലയിലേക്ക് കടന്നത്. ചെരിപ്പ് ബിസിനസിലായിരുന്നു തുടക്കം. വെളിച്ചെണ്ണ വില്‍പ്പന, പ്രസ് തുടങ്ങിയ മേഖലകളിലും കൈവച്ചു. രുചിയുടെ മര്‍മം തൊട്ടറിയാനുള്ള അദ്ദേഹത്തിന്റെ വൈഭവമാണ് കറിപൗഡര്‍ ബിസിനസിലെ അനിഷേധ്യ സാന്നിധ്യമായി ബ്രാഹ്‌മിണ്‍സിനെ വളര്‍ത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine