ബിഎസ്എൻഎല്ലിന് കരുത്തായി കോർപ്പറേറ്റ് ബിസിനസ്; ഒന്നാം പാദ വരുമാനം 4,418 കോടി രൂപയിലേക്ക്

പ്രവർത്തന ലാഭത്തിലും വൻ മുന്നേറ്റം; ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 102.7 രൂപയായി ഉയർന്നു
a mobile tower, new bsnl logo, a girl looking into a mobile phone
image credit : canva , bsnl
Published on

പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (BSNL) നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (FY 2026-27) ഒന്നാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ബിഎസ്എന്‍എല്ലിന്റെ പ്രധാന സര്‍വീസ് മേഖലകളില്‍ നിന്നുള്ള വരുമാനം 10 ശതമാനം വര്‍ധിച്ച് 4,418 കോടി രൂപയായി ഉയര്‍ന്നതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 4,017 കോടി രൂപയായിരുന്നു കമ്പനിയുടെ സര്‍വീസ് വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 401 കോടി രൂപയുടെ വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തന അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മൂന്ന് പ്രമുഖ മേഖലകളിലും മികച്ച വളര്‍ച്ച

ബിഎസ്എന്‍എല്ലിന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് പിന്നില്‍ മൂന്ന് പ്രധാന എഞ്ചിനുകളാണുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കോര്‍പ്പറേറ്റ് സേവനങ്ങളില്‍ നിന്നുള്ള വരുമാനത്തിലാണ് ഏറ്റവും വലിയ കുതിച്ചുചാട്ടമുണ്ടായത്. മുന്‍വര്‍ഷത്തെ 1,463 കോടി രൂപയില്‍ നിന്ന് 19.2 ശതമാനം വര്‍ധിച്ച് വരുമാനം 1,745 കോടി രൂപയായി. ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, അസം തുടങ്ങിയ സര്‍ക്കിളുകളാണ് ഇതില്‍ മികച്ച പ്രകടനം നടത്തിയത്.

മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം 8 ശതമാനം ഉയര്‍ന്ന് 1,724 കോടി രൂപയായി. (മുന്‍വര്‍ഷം ഇത് 1,594 കോടി രൂപയായിരുന്നു). ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് സര്‍ക്കിളുകള്‍ ഈ വിഭാഗത്തില്‍ ലക്ഷ്യം മറികടന്നു.

ബ്രോഡ്ബാന്‍ഡ് അടക്കമുള്ള ലാന്‍ഡ്ലൈന്‍ മേഖലയില്‍ നിന്നുള്ള വരുമാനം വലിയ മാറ്റമില്ലാതെ 960 കോടി രൂപയായി തുടര്‍ന്നു.

ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 100 രൂപയായിരുന്നത് നടപ്പ് വര്‍ഷം ഒന്നാം പാദത്തില്‍ 102.7 രൂപയായി ഉയര്‍ന്നു.

ലാഭത്തിലും അടിസ്ഥാന സൗകര്യങ്ങളിലും പുരോഗതി

ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തന ലാഭം (Operating Profit) കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മികച്ച രീതിയില്‍ മെച്ചപ്പെടുന്നുണ്ടെന്ന് സിന്ധ്യ വ്യക്തമാക്കി. രണ്ട് വര്‍ഷം മുന്‍പ് ഏകദേശം 2,100 കോടി രൂപയായിരുന്ന പ്രവര്‍ത്തന ലാഭം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 5,100 കോടി രൂപയായും, തൊട്ടടുത്ത വര്‍ഷം 7,500 കോടി രൂപയായും ഉയര്‍ന്നു.

നെറ്റ്‌വര്‍ക്ക്‌ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 22,000 പുതിയ 4G സൈറ്റുകള്‍ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. മികച്ച കസ്റ്റമര്‍ അനുഭവം ഉറപ്പാക്കാനും നെറ്റ്‌വര്‍ക്ക്‌ തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള സമയം (Mean Time to Repair - MTTR) കുറയ്ക്കാനും ബിഎസ്എന്‍എല്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

State-owned telecom operator BSNL records a 10% growth in its Q1 service revenue, driven by robust corporate and mobile business performances.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com