രാവിലെ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഞെട്ടല്‍, ഉച്ചയ്ക്ക് വില റെക്കോഡ് ഇടിവില്‍
സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കേരളത്തിലും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6,495 രൂപയും പവന് 2,000 രൂപ താഴ്ന്ന് 51,960 രൂപയുമായി. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,745 രൂപയിലും പവന് 200 രൂപ താഴ്ന്ന് 53,960 രൂപയിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. ബജറ്റ് പ്രഖ്യാപനത്തിനു ശേഷം സ്വര്‍ണ വില പുനര്‍നിശ്ചയിക്കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും ബജറ്റിനു ശേഷം സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബജറ്റില്‍ പൂര്‍ണ വിവരം ലഭിക്കാത്തതുകൊണ്ട് നിലവില്‍ ഗ്രാമിന് 250 രൂപയാണ് കുറച്ചിരിക്കുന്നത്. വൈകിട്ട് റേറ്റ് കമ്മിറ്റി വീണ്ടും ചേര്‍ന്ന് വില പരിശോധന നടത്തുമെന്ന് എ.കെ.ജി.എസ്.എം സംസ്ഥാന ട്രഷര്‍ എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.
ബജറ്റ് പ്രഖ്യാപനത്തിൽ ഇറക്കുമതി നികുതി 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാകുമ്പോള്‍ വിലയില്‍ ഏകദേശം 4,223 രൂപയുടെ കുറവു വരേണ്ടതാണ്. അതുപ്രകാരം ഇന്നത്തെ വില 49,737 രൂപയാകുമെന്നാണ് ധനം ഓണ്‍ലൈന്റെ കണക്ക്. വരും ദിവസങ്ങളില്‍ ഈ കുറവ് പ്രകടമായേക്കാം.
ആരാണ് കേരളത്തിൽ സ്വര്‍ണവില നിശ്ചയിക്കുന്നത്?
സ്വര്‍ണം ഒരു ഉത്പന്നം മാത്രമായതിനാല്‍ സര്‍ക്കാരിന് വില നിശ്ചയിക്കാനാവില്ല. ഭീമ ജുവലറി ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനാണ് (AKGSMA) കാലങ്ങളായി കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്. മറ്റ് സംഘടനകളും സ്വര്‍ണാഭരണ വിതരണക്കാരും ഈ വില പിന്തുടരുകയുമാണ് ചെയ്യുന്നത്.
എന്താണ് സ്വര്‍ണവിലയുടെ മാനദണ്ഡം?
ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്. രാവിലെ ഏതാണ്ട് 9.30ഓടെ ഓരോ ദിവസത്തെയും വില പ്രഖ്യാപിക്കും. എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് കേരളത്തിലെ വില പ്രധാനമായും നിശ്ചയിക്കുന്നത്.
ഈ വിലയാണ് കേരളത്തിലെ ഒട്ടുമിക്ക സ്വര്‍ണ വ്യാപാരികളും പിന്തുടരുന്നത്.