

പുതുയുഗകേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെ മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിച്ച 2026-27ലെ പുതുക്കിയ സംസ്ഥാന ബജറ്റ് വിസ്മയങ്ങൾ ഒന്നും നൽകിയില്ല. ധനകാര്യ വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തന്നെയാണ് നേരത്തേ വിസ്മയങ്ങൾ വാഗ്ദാനം ചെയ്തത്. അതു നൽകാത്തതിന് അദ്ദേഹം ഒരു വിശദീകരണവും നൽകിയില്ല.
സർക്കാർ ജീവനക്കാർക്കായിരുന്നു മുഖ്യമന്ത്രിയുടെ വിസ്മയവാഗ്ദാനം. ശമ്പള പരിഷ്കരണം, ഡിഎ കുടിശിക തുടങ്ങി പലതും പ്രതീക്ഷിച്ചിരുന്നു. ഫലം? എല്ലാവർക്കും നിരാശ.
തുടക്കം മുതൽ ഒടുക്കം വരെ സതീശൻ്റെ കന്നിബജറ്റ് പ്രസംഗത്തിൽ അതിൻ്റെ ഉത്തരം ഉണ്ട്. വരുമാനം വേണ്ടത്ര ഇല്ല. അതിനാൽ ഇന്ദിരാ ഗാരൻറികൾ അടക്കം ഒന്നും ഈ ബജറ്റിൽ നടപ്പാക്കുന്നില്ല. ഗണ്യമായ പണച്ചെലവുള്ള പ്രഖ്യാപനങ്ങൾ ഒന്നും ഇല്ല എന്നതാകാം മുഖ്യമന്ത്രി ഉദ്ദേശിച്ച വിസ്മയം എന്നു സംശയിക്കണം.
'സദ്ഭരണവും സഹാനുഭൂതിയും' എന്ന പ്രമേയത്തിലൂന്നിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത് എന്നാണു സതീശൻ പറഞ്ഞത്. അടിസ്ഥാന സൗകര്യ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുകയെന്ന നയം യാഥാര്‍ഥ്യമാക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. പക്ഷേ, അതു നടപ്പാക്കാൻ വേണ്ടത്ര പണമില്ല.
കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രതീക്ഷിച്ച കേന്ദ്ര വിഹിതത്തില്‍ 20,500 കോടി രൂപയുടെ കുറവുണ്ടായി.16-ാം ധനകാര്യ കമ്മീഷൻ്റെ അവാർഡ് പ്രകാരമാണു കുറവ് വന്നത്. ഈ കുറവ് മൂലം പദ്ധതിച്ചെലവ് 5000 കോടി രൂപ കണ്ടു കുറയ്ക്കേണ്ടി വന്നു.
വരാനിരിക്കുന്ന ശമ്പള പരിഷ്‌കരണം സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ദ്ധിപ്പിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. പക്ഷേ ശമ്പള പരിഷ്കാരം എപ്പോൾ എന്നു പറഞ്ഞിട്ടില്ല. ലീവ് സറണ്ടറിലും പെൻഷൻ പദ്ധതിയിലും പഠനങ്ങൾക്കു ശേഷം തീരുമാനം എന്നാണ് പറയുന്നത്. ഡിഎ /ഡിആർ കുടിശികയില്ലാതെ നൽകുമെന്നും പറഞ്ഞു.
കിഫ്ബി പുനഃസംഘടന, അധിക വിഭവസമാഹരണം, നികുതി ചോര്‍ച്ച തടയല്‍, കുടിശ്ശിക പിരിച്ചെടുക്കല്‍, ചെലവ് ചുരുക്കല്‍ എന്നിവയ്ക്ക് ബജറ്റില്‍ മുന്‍ഗണന നല്‍കുന്നു. എങ്കിലും കനത്ത നികുതികൾ ഇല്ല.
വിലകുറച്ചു കാണിച്ച ആധാരങ്ങളുടെ കേസുകൾ ഒറ്റത്തവണ തീർപ്പാക്കൽ, പ്രളയസെസിൻ്റെയും ജിഎസ്ടിയുടെയും പഴയ കേസുകൾ ആംനസ്റ്റി സ്‌കീം വഴി തീർപ്പാക്കൽ എന്നിവയ്ക്കു പുറമേ മദ്യനികുതിയിൽ അഴിച്ചുപണി നടത്തിയും വരുമാനം കൂട്ടും. മദ്യത്തിൻ്റെ വീര്യം അനുസരിച്ചാകും നികുതി. പരമാവധി നികുതി 150 ശതമാനമാക്കും.
സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതി പകുതിയാക്കിയത് ബസുടമകൾക്കു വലിയ ആശ്വാസമാകും. ഒപ്പം പ്രിയദർശിനി സൗജന്യ യാത്രയോടു സ്വകാര്യ ബസ് മേഖലയുടെ എതിർപ്പ് കുറയും.
ടൂറിസ്റ്റ് ബസുകൾക്കും ട്രെയ്ലർ ലോറികൾക്കും നികുതി കുറച്ചപ്പോൾ വില കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കുകയും വില കൂടിയവയ്ക്ക് നികുതി കൂട്ടുകയും ചെയ്തു.
വിദേശത്തേക്ക് തൊഴില്‍തേടി പോകുന്ന യുവാക്കളെ സംസ്ഥാനത്ത് തന്നെ നിലനിര്‍ത്താനും അവരുടെ കഴിവുകള്‍ ഇവിടെ പ്രയോജനപ്പെടുത്താനുമുള്ള വിപുലമായ പദ്ധതികള്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്ന് കേരളത്തിന്റെ മാരിടൈം സമ്പദ്വ്യവസ്ഥയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. കേരളത്തിന്റെ തീരദേശം, തുറമുഖങ്ങള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് 'മിഷന്‍ സമുദ്ര' എന്ന ബൃഹദ് പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റോഡ്, സമുദ്രം, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയെ കോര്‍ത്തിണക്കിയുള്ള വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി.
കേരളത്തെ ഒരു 'പോര്‍ട്ട് സിറ്റി'യാക്കി മാറ്റുമെന്നും, വിഴിഞ്ഞത്ത് കപ്പല്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് തീരദേശവാസികള്‍ക്ക് വലിയ ഗുണം ചെയ്യും. കൂടാതെ കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ വികസിപ്പിക്കുകയും കേരള മാരിടൈം പോളിസി രൂപീകരിക്കുകയും ചെയ്യും. മാരിടൈം മ്യൂസിയത്തിനായി 50 കോടി രൂപയും ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ ഗ്ലോബൽ ഫർണിച്ചർ ഹബ് തുടങ്ങും.
റബർ താങ്ങുവില 50 രൂപ വർധിപ്പിച്ച് 250 രൂപയാക്കിയത് റബർ 6 മേഖലയ്ക്ക് ആശ്വാസമാകും. ഇപ്പോൾ റബർ വില 276 രൂപയാണ്.
യു.ഡി.എഫ്. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളായിരുന്ന ക്ഷേമപെന്‍ഷന്‍ 2000 രൂപയില്‍ നിന്ന് 3000 രൂപയാക്കി ഉയര്‍ത്തൽ, കോളേജില്‍ വിദ്യാർഥിനികൾക്കു പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ്, യുവസംരംഭകർക്കു പലിശരഹിത വായ്പ എന്നിവ ബജറ്റിൽ പ്രഖ്യാപിച്ചില്ല.
കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പദ്ധതി (ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ്) പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കൽ പഠിക്കാൻ 10 കോടി വകയിരുത്തിയതേ ഉള്ളൂ.
മലപ്പുറം ജില്ലാ വിഭജനം അടക്കം പുതിയ ജില്ല, താലൂക്ക് ആവശ്യങ്ങൾ പഠിക്കാൻ കമ്മീഷനെ വയ്ക്കും എന്ന പ്രഖ്യാപനം പല വിവാദങ്ങൾക്കും കുറേ കാലത്തേക്കു പരിഹാരമാകും.
Read DhanamOnline in English
Subscribe to Dhanam Magazine