വില കുറഞ്ഞ മൊബൈല്‍ ഫോണുകള്‍ക്ക് കടകളില്‍ ക്ഷാമം, വിലയും ഇരട്ടി; 'ചിപ്പ് ലോക്കില്‍' ബജറ്റ്‌ സ്മാര്‍ട്ട്ഫോണ്‍ വിപണി

പുതിയ ഫോണ്‍ വാങ്ങുന്നത് നീട്ടിവെച്ച് ഉപയോക്താക്കള്‍, സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ക്കും റിപ്പയറിംഗിനും അന്വേഷണം കൂടി
A wide, realistic split-scene inside a mobile phone retail and repair shop. On the left, an elderly Indian couple stands at a smartphone display counter, carefully comparing phones while a salesperson explains options.
image created with chatgpt
Published on

സാധാരണക്കാരായ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളെയും റീറ്റെയ്ല്‍ വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി മൊബൈല്‍ ഫോണ്‍ വിപണിയില്‍ വന്‍ വിലക്കയറ്റവും സ്റ്റോക്ക് ക്ഷാമവും. വിപണിയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ബജറ്റ് ഫോണുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പുറമെ ലഭ്യമായ മോഡലുകള്‍ക്കാകട്ടെ വില കുത്തനെ ഉയരുന്നത് ഉപഭോക്താക്കളുടെ ബജറ്റ് താളംതെറ്റിക്കുന്നു.

നേരത്തെ 10,000 രൂപയ്ക്ക് ലഭ്യമായിരുന്ന അതേ ഫീച്ചറുകളുള്ള (4 GB RAM) സാധാരണ ഫോണുകള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ 15,000 മുതല്‍ 20,000 രൂപ വരെ നല്‍കേണ്ട അവസ്ഥയാണെന്ന് കൊച്ചിയിലെ മൊബൈല്‍ ഷോപ്പ് ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതായത് വിവിധ മോഡലുകള്‍ക്ക് 50 ശതമാനത്തിലധികമാണ് വില വര്‍ധിച്ചത്. രാജ്യാന്തര തലത്തിലുള്ള യുദ്ധങ്ങളും പ്രതിസന്ധികളും ആരംഭിച്ചതിന് ശേഷമാണ് വിപണിയില്‍ ഈയൊരു ബുദ്ധിമുട്ട് പ്രകടമായി തുടങ്ങിയതെന്ന് വ്യാപാരികള്‍ പറയുന്നു. ഈ പ്രതിസന്ധി തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു മാസത്തിലധികമായി.

എന്താണ് വിപണിയിലെ ഈ പെട്ടെന്നുള്ള മാറ്റത്തിന് കാരണം?

ആഗോളതലത്തിലുണ്ടായ ചിപ്‌സെറ്റ് (Chipset) ക്ഷാമവും അന്താരാഷ്ട്ര പ്രതിസന്ധികളുമാണ് വിപണിയെ പെട്ടെന്ന് പിടിച്ചുലച്ചത്. നിര്‍മ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ വന്‍ വളര്‍ച്ചയോടെ, ചിപ്പ് നിര്‍മ്മാതാക്കള്‍ വന്‍തോതില്‍ എഐ ഡാറ്റാ സെന്ററുകളിലേക്ക് ചിപ്പുകള്‍ എത്തിക്കാന്‍ മത്സരിക്കുകയാണ്. ഇതോടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ആവശ്യമായ ഘടകങ്ങളുടെ ലഭ്യത കുത്തനെ കുറഞ്ഞു.

കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്പ്‌മെന്റില്‍ ഈ വര്‍ഷം 14 ശതമാനത്തിന്റെ ഇടിവാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 12,500 രൂപയ്ക്ക് താഴെയുള്ള പല ബജറ്റ് ഫോണുകളും വിപണിയില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായേക്കാമെന്നാണ് അനലിസ്റ്റുകളുടെ മുന്നറിയിപ്പ്.

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി കമ്പനികള്‍

വിപണിയില്‍ വന്‍ ഡിമാന്‍ഡുള്ള പല ജനപ്രിയ പഴയ മോഡലുകളും കമ്പനികള്‍ ഇപ്പോള്‍ പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്. പകരം അതേ പഴയ ഫീച്ചറുകള്‍ തന്നെ നിലനിര്‍ത്തി, 'പുതിയ വേരിയന്റുകള്‍' (New Variants) എന്ന പേരില്‍ 5,000 രൂപ മുതല്‍ 8,000 രൂപ വരെ അധികം ഈടാക്കിയാണ് കമ്പനികള്‍ ഇപ്പോള്‍ ഫോണുകള്‍ വിപണിയിലിറക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരുന്നത് ഇതുകൊണ്ടാണെന്ന് തൃശൂരില്‍ മൊബൈല്‍ വില്‍പ്പനയും സര്‍വീസും നടത്തുന്ന അനീഷ് പറയുന്നു.

സാധാരണക്കാരായ ആളുകള്‍ ആശ്രയിക്കുന്ന റീറ്റെയ്ല്‍ ഷോപ്പുകളില്‍ ഇപ്പോള്‍ വില്‍പ്പനയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കടകളില്‍ ഫോണുകള്‍ തീരുന്ന സാഹചര്യത്തില്‍ വിതരണക്കാരെ സമീപിച്ചാല്‍ 'പല മോഡലുകളും സ്റ്റോക്കില്ല' എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ചേര്‍ത്തലയിലെ ഒരു മൊബൈല്‍ ഷോപ്പ് ഉടമ പറയുന്നു. പുതിയ സ്റ്റോക്ക് എപ്പോള്‍ വരുമെന്ന കാര്യത്തിലും ഒട്ടും കൃത്യതയില്ല. സാധാരണയായി വേഗത്തില്‍ വിറ്റഴിയുന്ന മോഡലുകള്‍ക്ക് പോലും വലിയ താമസമാണ് നേരിടുന്നത്.

വിപണിയില്‍ 10,000 - 20,000 രൂപ സെഗ്മെന്റില്‍ മാത്രമാണ് നേരിയ ചലനമെങ്കിലും ഉള്ളത്. യുവാക്കള്‍ ലക്ഷ്യമിടുന്ന ഹൈ-എന്‍ഡ് ഗെയിമിങ് ഫോണുകള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ വളരെ കുറവാണ്. പ്രവാസികളായ മക്കളുമായി വീഡിയോ കോള്‍ ചെയ്യാനും മറ്റുമായി ഫോണ്‍ വാങ്ങാനെത്തുന്ന പ്രായമായ മാതാപിതാക്കളെയാണ് ഈ വിലക്കയറ്റം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

വിപണിയില്‍ പുതു ട്രെന്‍ഡ്‌

വില കുതിച്ചുയര്‍ന്നതോടെ പുതിയ ഫോണുകള്‍ വാങ്ങാന്‍ ആളുകള്‍ മടിക്കുന്നതായി വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. വില കുറയുന്നതുവരെ പുതിയ ഫോണ്‍ വാങ്ങുന്നത് നീട്ടിവെയ്ക്കാനാണ് ഭൂരിഭാഗം പേരും താല്പര്യപ്പെടുന്നത്. ഇത് കേരളത്തില്‍ പുതിയ രണ്ട് പ്രവണതകള്‍ക്ക് വഴിമാറിയിട്ടുണ്ടെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അതായത്, കുറഞ്ഞ വിലയില്‍ താല്കാലിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ക്കായുള്ള അന്വേഷണം വന്‍തോതില്‍ വര്‍ധിച്ചു.

ഒപ്പം പുതിയത് വാങ്ങുന്നതിന് പകരം കൈവശമുള്ള പഴയ ഫോണുകള്‍ ചെറിയ തുക മുടക്കി റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ ആളുകള്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നുണ്ട്.

Global AI chip demand triggers a 50% price hike and severe stock shortage for budget smartphones in Kerala.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com