പുറത്താക്കിയവര്‍ക്ക് ആനുകൂല്യം നല്‍കുന്നില്ല, ബൈജൂസ് വീണ്ടും വാക്ക് തെറ്റിച്ചു

ജൂണില്‍ 1,000 പേരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു
പുറത്താക്കിയവര്‍ക്ക് ആനുകൂല്യം നല്‍കുന്നില്ല, ബൈജൂസ് വീണ്ടും വാക്ക് തെറ്റിച്ചു
Published on

പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും (Full and Final/FNF) നവംബര്‍ 17നകം നല്‍കാമെന്ന വാഗ്ദാനം പാലിക്കാതെ പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസ്. ഇത് രണ്ടാം തവണയാണ് ബൈജൂസ് വാക്ക് തെറ്റിക്കുന്നത്.

ചെലവുകള്‍ വെട്ടിക്കുറച്ച് പ്രവര്‍ത്തനലാഭത്തിലേക്ക് തിരിച്ചുകയറാനുള്ള നടപടികളുടെ ഭാഗമായി 2022 മുതല്‍ നിരവധി തവണയാണ് ബൈജൂസ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇക്കഴിഞ്ഞ ജൂണില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 1,000ത്തോളം പേരെ പിരിച്ചുവിട്ടു. പിന്നീട് ഓഗസ്റ്റില്‍ പ്രവര്‍ത്തന വിലയരുത്തലിന്റെ ഭാഗമായി മറ്റൊരു 400 പേരെക്കൂടി ഒഴിവാക്കി.

മേയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ പിരിച്ചുവിട്ടവര്‍ക്ക് ശമ്പളവും മുഴുവന്‍ ആനുകൂല്യങ്ങളും സെപ്റ്റംബര്‍ 15ന് നല്‍കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ വാക്ക് പാലിക്കാനാവാതെ വന്നതോടെ നവംബര്‍ 17നകം മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുമെന്ന്‌ കാണിച്ച് ബൈജൂസ് വിരമിച്ച ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ 14ന് വീണ്ടും ഇ-മെയിലുകള്‍ അയക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ തീയതിയും പാലിക്കാന്‍ ബൈജൂസിന് സാധിച്ചില്ല.

പ്രതിഷേധവുമായി ജീവനക്കാര്‍

ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്നാരോപിച്ച് ബൈജൂസിന്റെ ചില മുന്‍ ജീവനക്കാര്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രതിഷേധ കുറിപ്പിട്ടിട്ടുണ്ട്. ഇനിയും വൈകിയാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ജീവനക്കാര്‍ പറയുന്നു.

എന്നാല്‍ ഓരോ ആഴ്ചയിലുമെന്ന രീതിയില്‍ പേമെന്റ് നല്‍കി വരുന്നതായും ഒക്ടോബര്‍ വരെയുള്ളത് തീര്‍ത്തതായുമാണ് ബൈജൂസിന്റെ വക്താക്കള്‍ പറയുന്നത്.

2022 ഒക്ടോബറില്‍ 50,000 ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തില്‍ നിലവില്‍ 31,000-33,000 പേര്‍ മാത്രമാണുള്ളത്. കോവിഡ് കാലത്തും മറ്റും അധിക ജീവനക്കാരെ നിയമിച്ചതാണ് ബൈജൂസിന് ബാധ്യതയായത്. ഇത് ക്രമേണ കുറയ്ക്കാനാണ് നീക്കം.

കടം വീട്ടാനുമായില്ല

ഏറെക്കാലമായി സാമ്പത്തിക പ്രതിസന്ധിയിലുള്ള ബൈജൂസ് അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 120 കോടി ഡോളര്‍ (ഏകദേശം 10,000 കോടി രൂപ) വായ്പാ ഇനത്തില്‍ തിരിച്ചടയ്ക്കാനുണ്ട്. ഉപസ്ഥാപനങ്ങളെ വിറ്റഴിച്ച് 6 മാസത്തിനകം ഇത് തിരിച്ചടയ്ക്കാമെന്ന് ബൈജൂസ് വാഗ്ദാനം ചെയ്തിരുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ ബൈജൂസിന്റെ അമേരിക്കന്‍ ഉപകമ്പനിയുടെ നിയന്ത്രണമേറ്റെടുക്കാന്‍ വായ്പാദാതാക്കള്‍ക്ക് അവകാശമുണ്ടെന്ന് അമേരിക്കന്‍ കോടതി വിധി പ്രസ്താവിച്ചത് ബൈജൂസിന് തിരിച്ചടിയാകുകയും ചെയ്തു.

ഇതിനിടെ ബൈജൂസിന്റെ ഉപസ്ഥാപനമായ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസില്‍ (AESL) മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.രഞ്ജന്‍ പൈയും കുടുംബവും ചേര്‍ന്ന് 1,400 കോടി രൂപ നിക്ഷേപിച്ചത് ബൈജൂസിന് വലിയ ആശ്വാസമായി. ഈ തുക ഉപയോഗിച്ച് അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ഡേവിഡ്‌സണ്‍ കെംപ്‌നര്‍ ക്യാപ്പിറ്റല്‍ മാനേജ്‌മെന്റിന്റെ കടം വീട്ടാനും ബൈജൂസിന് സാധിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com