ബൈജൂസ് വില്‍പ്പന തന്ത്രങ്ങള്‍ മാറ്റുന്നു; പ്രൊഡക്ടുകളുടെ വില കുറയും, സെയില്‍സ് ടീമിന് പുതിയ റോള്‍

പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ വില്‍പ്പന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടുള്ള ഇഷ്ടം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ ബൈജൂസിന്റെ പ്രൊഡക്ടുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് മുതല്‍ പഠന പാക്കേജുകളുടെ വില വെട്ടിക്കുറക്കുന്നത് വരെയുള്ള പുതിയ പദ്ധതികളാണ് കമ്പനിയുടെ സ്ഥാപകനായ ബൈജു രവീന്ദ്രന്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്നത്.

കമ്പനിയുടെ സെയില്‍സ് സ്ട്രാറ്റജിയിലെ ഈ പ്രധാന മാറ്റം ബൈജു രവീന്ദ്രന്‍ അവതരിപ്പിച്ചത് 1500-ലേറെ വരുന്ന സെയില്‍സ് അസോസിയേറ്റുകളുടെയും മാനേജര്‍മാരുടെയും മീറ്റിംഗിലാണ്. ദീര്‍ഘകാല നേട്ടങ്ങളും വളര്‍ച്ചയും ലക്ഷ്യമിടുന്ന ഈ ബിസിനസ് മോഡല്‍ സെയില്‍സ് ടീമിനെ കൂടുതല്‍ ശാക്തീകരിക്കുന്നതിനോടൊപ്പം മികച്ച വിദ്യാഭ്യാസം കൂടുതല്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക് എത്തിക്കാനും ഉദ്ദേശിച്ചുള്ളതാണ്.
ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ നിരക്കുകള്‍ കുറച്ചു
വിദ്യാഭ്യാസം കൂടുതല്‍ ജനകീയമാക്കുന്നതിനാണ് പഠന പദ്ധതികളുടെ വില കുറയ്ക്കുന്നത്. ബൈജൂസ് ലേണിംഗ് ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഒരുവര്‍ഷത്തേക്ക് നികുതി ഉള്‍പ്പെടെ 12,000 രൂപയാണ് ഫീസ്. ബൈജൂസ് ക്ലാസുകളുടെയും ബൈജൂസ് ട്യൂഷന്‍ സെന്ററുകളുടെയും സേവനം യഥാക്രമം 24,000, 36,000 രൂപയ്ക്ക് ഒരു വര്‍ഷത്തേയ്ക്ക് ലഭ്യമാകും.
പുഷ്-ബേസ്ഡ് സെയില്‍സ് മോഡല്‍ എന്നതില്‍ നിന്ന് പുള്‍-ബേസ്ഡ് വില്‍പ്പനയിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനി കമ്പനിയുടെ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരമോ പിന്നിലാകുമെന്ന ഭയമോ സൃഷ്ടിക്കുന്നതിന് പകരം പഠനത്തോടുള്ള ഇഷ്ടം വര്‍ദ്ധിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങളാണ് ബൈജൂസ് നടപ്പിലാക്കുന്നത്.
മാനേജര്‍മാരല്ല, കൊച്ചുകള്‍
മാനേജര്‍മാര്‍ ഇനി കോച്ചുകളുടെ റോളിലേക്ക് മാറും, സെയില്‍സ് ടീമിന് കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ അവരെ പിന്തുണയ്ക്കാനും കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സഹായിക്കും. റിസള്‍ട്ടില്‍ മാത്രം ശ്രദ്ധിക്കുന്ന, അസോസിയേറ്റുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യമുള്ള രീതി ഇതോടെ നിലവില്‍ വരും.
ഓരോ ബിസിനസ് കോളിനും വേണ്ടി ചിലവഴിക്കുന്ന മണിക്കൂറുകള്‍ക്ക് ഇനി കണക്ക് കാണിക്കേണ്ടതില്ല. ''ഒരു ദിവസം അരമണിക്കൂര്‍ കൊണ്ട് ബിസിനസ് നടത്താന്‍ കഴിയുമെങ്കില്‍ അതുമതി. വീക്കെന്‍ഡില്‍ മാത്രം ജോലി ചെയ്യണോ? അതും സാധ്യമാണ്,'' ബൈജു രവീന്ദ്രന്‍ പറഞ്ഞു.
ശമ്പളത്തിനും പുതിയ മോഡല്‍
ഓരോ അസോസിയേറ്റും പൂര്‍ത്തിയാക്കുന്ന സെയില്‍സിന്റെ നൂറു ശതമാനം തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ അവരുടെ അക്കൗണ്ടിലെത്തും, മാനേജര്‍മാര്‍ക്ക് ഇതിന്റെ ഇരുപതു ശതമാനവും കമ്പനി നല്‍കും. ''മാസം 40,000 രൂപയാണ് ശരാശരി ശമ്പളം, ഒന്നോ രണ്ടോ സെയില്‍ ക്ലോസ് ചെയ്താല്‍ തന്നെ മുഴുവന്‍ ശമ്പളം ലഭിക്കുമെന്ന് മാത്രമല്ല, ഇതുവരെയുള്ള കുടിശ്ശികയും തീരും. ഈ മോഡലിലൂടെ ശമ്പളത്തുകയുടെ പല ഇരട്ടി നേടാന്‍ കഴിയുമെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു.
ശമ്പളക്കുടിശ്ശിക തീര്‍ന്നശേഷം അസോസിയേറ്റുകള്‍ക്ക് സെയിലിന്റെ 50 ശതമാനവും മാനേജര്‍മാര്‍ക്ക് 10 ശതമാനവും ലഭിക്കും. നാലാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന ഈ സംവിധാനം സ്ഥിരമാകാനുള്ള സാധ്യതയുണ്ടെന്നും ബൈജു പറഞ്ഞു. ഈ പുതിയ നയത്തിന് അത്യപൂര്‍വമായ പ്രതികരണമാണ് ആദ്യത്തെ ആഴ്ച തന്നെ ലഭിച്ചത്, 50 ലക്ഷം രൂപയുടെ വാര്‍ഷിക ശമ്പളത്തിന് തുല്യമായ തുക ടീമിലെ ചിലര്‍ ഇപ്പോഴേ നേടിയെന്നും ബൈജു പറഞ്ഞു.

മാനേജര്‍മാര്‍ മെന്ററാകും

ഈ പുതിയ തൊഴില്‍ നയത്തില്‍ മാനേജര്‍മാര്‍ക്ക് മെന്ററുടെ റോളാണ്, ടാസ്‌ക് മാസ്റ്ററുടേതല്ല. മാനേജര്‍മാരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായാല്‍ അത് നേരിട്ട് ബൈജുവിന് റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. സെയില്‍സ് ടീമിലുള്ളവരുടെ ചിന്താഗതിയില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ ഈ പുതിയ തീരുമാനങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സെയില്‍സ് മോഡലിന്റെ ദീര്‍ഘകാല സാധ്യതകള്‍ വിവരിച്ച ബൈജു രവീന്ദ്രന്‍, ഓരോ അസോസിയേറ്റിനോടും സുഹൃത്തുക്കളെയും മറ്റും വില്‍പ്പനയില്‍ ഉള്‍പ്പെടുത്തി അവരുടെ ടീം കൂടുതല്‍ വിപുലമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ സെയില്‍സ് ടീമില്‍ 50,000 പേരുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
ബൈജൂസ് 3.0
കമ്പനിയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ആശയങ്ങള്‍ നേരിട്ട് ചര്‍ച്ച ചെയ്യാനും സി.ഇ.ഒ ബൈജു രവീന്ദ്രന്‍ ടീമംഗങ്ങളോട് പറഞ്ഞു. ''ആഗോളതലത്തില്‍ വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുണ്ടാക്കി 2015ല്‍ ആരംഭിച്ച ബൈജൂസില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല 2024ലെ ബൈജൂസ്. ഇപ്പോള്‍ നടക്കുന്ന ബൈജൂസ് 3.0 യിലൂടെ കമ്പനി അതിന്റെ നേതൃസ്ഥാനം തുടരുക മാത്രമല്ല ഇനിയുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യും,'' ബൈജു രവീന്ദ്രന്‍ പറഞ്ഞു.

Related Articles
Next Story
Videos
Share it