

കേരളം ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാര്‍ ഗ്രൂപ്പില്‍ വലിയ കോര്‍പ്പറേറ്റ് പുനസംഘടനയ്ക്ക് വഴിയൊരുങ്ങുന്നു. ഗ്രൂപ്പിന് കീഴിലുള്ള 51 കമ്പനികളെ അതിന്റെ ഫ്‌ലാഗ്ഷിപ്പ് ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ലിമിറ്റഡിലേക്ക് (Malabar Gold and Diamonds Limited) ലയിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (CCI) ഔദ്യോഗികമായി അംഗീകാരം നല്‍കി.
ഗ്രൂപ്പിന്റെ ബിസിനസ് ഘടന ലളിതമാക്കാനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഈ വന്‍ ലയനം. ലയനത്തിന് അനുമതി നല്‍കിയതായി സി.സി.ഐ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയെങ്കിലും ഇതിന്റെ വിശദമായ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മലബാര്‍ ഗ്രൂപ്പിന് കീഴില്‍ വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന 51 കമ്പനികളാണ് ഇനി ഒരൊറ്റ വലിയ കോര്‍പ്പറേറ്റ് എന്റിറ്റിയുടെ ഭാഗമാകുന്നത്. ലയിപ്പിക്കപ്പെടുന്ന ഈ 51 കമ്പനികളില്‍ ഭൂരിഭാഗവും ജുവലറി ബിസിനസുമായി നേരിട്ട് ബന്ധമുള്ളവയാണ്. സ്വര്‍ണം, വജ്രം, വെള്ളി, പ്ലാറ്റിനം, വിലപിടിപ്പുള്ള മറ്റ് രത്‌നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, വിപണനം, റീറ്റെയ്ല്‍-ഹോള്‍സെയില്‍ വില്പന, ഇറക്കുമതി, കയറ്റുമതി തുടങ്ങിയ മേഖലകളിലാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
ഇതുകൂടാതെ ഫ്രാഞ്ചൈസികള്‍, ഡീലര്‍മാര്‍ എന്നിവര്‍ വഴി ജുവലറി അനുബന്ധ ലൈഫ്‌സ്‌റ്റൈല്‍ ഉത്പന്നങ്ങളുടെ വിതരണവും കമ്പനി നടത്തുന്നുണ്ട്. പുതിയ ലയനത്തോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം കൂടുതല്‍ കേന്ദ്രീകൃതവും സുതാര്യവുമാകും.
കേരളത്തില്‍ നിന്ന് ആരംഭിച്ച് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായി മാറിയ മലബാര്‍ ഗോള്‍ഡിന്റെ കോര്‍പ്പറേറ്റ് മൂല്യം ഉയര്‍ത്താന്‍ ഈ ലയനം സഹായിക്കും. വിപണിയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ രാജ്യത്തുടനീളം 20 പുതിയ ഷോറൂമുകള്‍ കൂടി തുറക്കാനായി 1,580 കോടി രൂപയുടെ നിക്ഷേപ പദ്ധതിയും മലബാര്‍ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെട്രോ നഗരങ്ങള്‍ക്ക് പുറമെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കുന്ന തന്ത്രപരമായ നീക്കങ്ങളിലാണ് ഗ്രൂപ്പ് ഇപ്പോള്‍. ഗ്രൂപ്പിന് കീഴില്‍ ഇനിയും ധാരാളം കമ്പനികളുണ്ട്. ഇതും ലയിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നാണ് സൂചന.
Read DhanamOnline in English
Subscribe to Dhanam Magazine