Begin typing your search above and press return to search.
നിര്‍മാണ മേഖലയ്ക്ക് സിമന്റിന്റെ 'പ്രഹരം'; ഡിമാന്റ് കുറഞ്ഞപ്പോള്‍ വില കൂട്ടി കമ്പനികള്‍
വിപണിയില്‍ സിമന്റ് വില്പന കുറഞ്ഞിരിക്കുന്ന സമയത്തും വിലകൂട്ടി കമ്പനികള്‍. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ 10 മുതല്‍ 50 രൂപ വരെയാണ് ചാക്കിന് കൂട്ടിയിരിക്കുന്നത്. വീട് നിര്‍മാണം അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ സിമന്റ് വില വര്‍ധന ബാധിക്കും. ഡിസംബറിനു ശേഷം സിമന്റ് വിപണിയില്‍ കാര്യമായി ഡിമാന്റ് ഉയര്‍ന്നിരുന്നില്ല.
രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയതോടെ ഡിമാന്റ് ഇനിയും കാര്യമായി ഉയരില്ലെന്നാണ് വിദഗ്ധര്‍ നല്കുന്ന സൂചന. സര്‍ക്കാര്‍ തലത്തില്‍ പുതിയ പദ്ധതികളൊന്നും തിരഞ്ഞടുപ്പ് സമയത്ത് ആരംഭിക്കില്ലെന്നതാണ് കാരണം. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 430 രൂപ വരെ സിമന്റിന് വില വന്നിരുന്നു. ഇപ്പോള്‍ 330-370 റേഞ്ചിലാണ് വില്പന.
കഴിഞ്ഞ അഞ്ചു മാസത്തിനിടയ്ക്ക് സിമന്റ് വിലയില്‍ കാര്യമായ വില വര്‍ധന ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല വലിയ കുറവും അനുഭവപ്പെട്ടിരുന്നു. വില്പന കുറഞ്ഞത് കമ്പനികളുടെ വരുമാനത്തെയും കാര്യമായി ബാധിച്ചിരുന്നു. ഇപ്പോഴത്തെ വിലവര്‍ധന കമ്പനികള്‍ക്ക് വരുമാനത്തില്‍ ചെറിയ തോതില്‍ ആശ്വാസം നല്കും. നിര്‍മാണ മേഖലയില്‍ ജൂണ്‍ വരെയുള്ള സമയത്ത് വലിയ തോതില്‍ പുരോഗതി ഉണ്ടാകില്ലെന്നാണ് പൊതു വിലയിരുത്തല്‍.
കേരളത്തില്‍ വര്‍ധനവ് 50 രൂപ വരെ
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വിലവര്‍ധന വലിയ തോതില്‍ ബാധിക്കില്ല. 10-25 രൂപയില്‍ കൂടുതല്‍ ചാക്കിന് കൂടാനിടയില്ല. എന്നാല്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 30 മുതല്‍ 50 രൂപ വരെ 50 കിലോയുടെ ചാക്കിന് കൂടും. മധ്യേന്ത്യയില്‍ 15 രൂപയ്ക്ക് അപ്പുറം വിലവര്‍ധന ഉണ്ടാകില്ല. മറ്റ് ഭാഗങ്ങളില്‍ ഇത് 20-25 രൂപ നിരക്കിലാകും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിലക്കയറ്റം 30 രൂപ വരെയാകും.
കേരളത്തില്‍ ചെറുകിട നിര്‍മാണങ്ങള്‍ കൂടുതലായി നടക്കുന്നത് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തിലെ നിര്‍മാണ മേഖല ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണ്. സാധനങ്ങളുടെ വിലയിലും ഇതിന്റെ ഭാഗമായി ഇടിവുണ്ടായിരുന്നു. ലക്ഷങ്ങളുടെ കച്ചവടം നടന്നിരുന്ന കടകളില്‍ പോലും ഇപ്പോള്‍ വില്പന നാമമാത്രമായി.
കല്ല്, മെറ്റല്‍ എന്നിവയ്ക്ക് മാത്രമാണ് വില കുറയാതിരിക്കുന്നത്. ക്വാറികളില്‍ ഉത്പാദനം കുറഞ്ഞതാണ് ഇതിനു കാരണം. വാര്‍ക്ക കമ്പികള്‍ ഉള്‍പ്പെടെ മറ്റ് അനുബന്ധ ഉല്പന്നങ്ങള്‍ക്കും വലിയ തോതില്‍ വില കുറഞ്ഞു നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ വിവിധ ഭവന നിര്‍മാണ പദ്ധതികള്‍ ഏറെക്കുറെ നിലച്ച മട്ടാണ്. ഇതിനൊപ്പം തിരഞ്ഞെടുപ്പ് കൂടി വന്നതോടെ നിര്‍മാണ മേഖലയ്ക്ക് ഇരുട്ടടിയായി.
Next Story