സെപ്റ്റംബറില്‍ ചാക്കൊന്നിന് 7 രൂപ കൂടി, അടുത്ത മാസം ₹5-20 വര്‍ധനയ്ക്ക് സാധ്യത; നിര്‍മാണ മേഖലയ്ക്ക് ഇരുട്ടടിയായി സിമന്റ് വില

തമിഴ്‌നാട്ടില്‍ നിന്നുള്ള കല്ലിന്റെയും മെറ്റലിന്റെയും വരവ് കുറഞ്ഞതോടെ നിര്‍മാണ മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്
Cement Company
Image by Canva
Published on: 

രാജ്യത്ത് സിമന്റ് വില അടുത്ത മാസം ചാക്കൊന്നിന് 5 മുതല്‍ 20 രൂപ വരെ വര്‍ധിച്ചേക്കും. എണ്ണവില ക്രമാതീതമായി ഉയര്‍ന്നതും പാക്കേജിംഗ് ചാര്‍ജ് വര്‍ധിച്ചതുമാണ് വില വര്‍ധിപ്പിക്കാന്‍ സിമന്റ് കമ്പനികളെ നിര്‍ബന്ധിതരാകുന്നത്. സെപ്റ്റംബറില്‍ രാജ്യത്തിന്റെ പലഭാഗത്തും ചാക്കൊന്നിന് അഞ്ചുരൂപയ്ക്കു മുകളില്‍ വര്‍ധിച്ചിരുന്നു.

മഴക്കാലം പിന്നിട്ടതോടെ രാജ്യത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാകുമെന്ന പ്രതീക്ഷയാണ് സിമന്റ് കമ്പനികള്‍. വില വര്‍ധന നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയാകും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കാര്യമായ മാറ്റമില്ലാതിരുന്ന സിമന്റ് വില സെപ്റ്റംബറില്‍ ഉയര്‍ന്നിരുന്നു.

അതേസമയം, കമ്പനികള്‍ ഡീലര്‍മാരില്‍നിന്ന് ഈടാക്കുന്ന ഉയര്‍ന്ന വില പലയിടത്തും ഉപഭോക്താക്കളിലേക്ക് പൂര്‍ണമായി കൈമാറിയിട്ടില്ല. പാദാവസാന വില്‍പന ലക്ഷ്യം കൈവരിക്കാന്‍ ചില ഡീലര്‍മാര്‍ പഴയ വിലയില്‍ തന്നെ സിമന്റ് വിറ്റതാണ് കാരണമെന്ന് ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിര്‍മാണ മേഖലയ്ക്ക് ക്ഷീണം

സെപ്റ്റംബറില്‍ ദക്ഷിണേന്ത്യയിലാണ് വില ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. ചാക്കൊന്നിന് 11 രൂപ വീതം. പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഒന്‍പത് രൂപ വര്‍ധിച്ചു. മധ്യ, കിഴക്കന്‍, വടക്കന്‍ മേഖലകളില്‍ ചാക്കിന് അഞ്ചു രൂപ വീതമാണ് വര്‍ധന.

കേരളത്തില്‍ നിര്‍മാണ മേഖല കുറച്ചു നാളുകളായി ഉണര്‍വിലല്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് കുറഞ്ഞതാണ് നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായത്. മണ്‍സൂണ്‍ മഴയ്ക്കുശേഷം സിമന്റ് ഉപഭോഗം വര്‍ധിക്കുന്ന സമയത്തു തന്നെ വില വര്‍ധിക്കുന്നത് തിരിച്ചടിയാകും.

തമിഴ്‌നാട്ടില്‍ നിന്നുള്ള കല്ലിന്റെയും മെറ്റലിന്റെയും വരവ് കുറഞ്ഞതോടെ നിര്‍മാണ മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിനൊപ്പം സിമന്റ് വില കൂടി വര്‍ധിക്കുന്നത് ചെലവ് ഉയരാന്‍ കാരണമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com