കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് കേന്ദ്ര പാരിസ്ഥിതിക അനുമതി

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് കേന്ദ്ര പാരിസ്ഥിതിക അനുമതി
Published on

കൊച്ചിയിലെ പ്രധാന ദ്വീപുകള്‍ക്ക് ചുറ്റുമുള്ള മനോഹര ദ്വീപുകളിലേക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുന്ന 819 കോടി രൂപയുടെ വാട്ടര്‍ മെട്രോ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ പരിസ്ഥിതി അനുമതി ലഭിച്ചു.കെഎംആര്‍എല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചാണ് പാരിസ്ഥിതിക, തീരപരിപാലന നിയമ പ്രകാരമുള്ള അനുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയത്.

വലിയ തോതിലുള്ള തൊഴില്‍ സാധ്യത തുറന്നു തരുന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ആരംഭിക്കാന്‍ വഴിതെളിക്കുന്നതാണ് കേന്ദ്ര പാരിസ്ഥിതിക അനുമതി.വാട്ടര്‍ മെട്രോയുടെ ഭാഗമായ നിര്‍മാണങ്ങള്‍ ജലാശയങ്ങളിലെ നീരൊഴുക്കിനെ ബാധിക്കരുതെന്ന് ഉത്തരവിലുണ്ട്. ദുരന്തനിവാരണത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രത്യേക പദ്ധതി വേണമെന്നും ഗതാഗത മാനേജ്മെന്റിനുള്ള വിശദ രൂപരേഖ തയ്യാറാക്കണമെന്നും അനുമതി ഉത്തരവില്‍ നിര്‍ദേശമുണ്ട്. സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി നേരത്തെ അനുമതി നല്‍കിയിരുന്നു.

78.2  കിലോമീറ്റര്‍ വരുന്ന 15 ജലപാതകളില്‍ 38 സ്റ്റേഷനുകള്‍ ഉള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ പത്തോളം ചെറുദ്വീപുകള്‍ കൂടി ഉള്‍ക്കൊള്ളുന്ന കൊച്ചിയുടെ ഉപനഗരപ്രദേശമാകെ പരസ്പരം ബന്ധിപ്പിക്കപ്പെടും. കേന്ദ്ര, കേരള സര്‍ക്കാറിന്റെ സംയുക്ത സംരംഭമായ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആണ് നിര്‍ദ്ദിഷ്ട പദ്ധതിയുടെ നടപ്പാക്കല്‍ ഏജന്‍സി. ബോട്ടുകള്‍ നിര്‍മിക്കുന്നത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡും. ഊര്‍ജ സംരക്ഷണത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്ന പരിസ്ഥിതി സൗഹൃദ ബോട്ടുകളാണ് വാട്ടര്‍ മെട്രോ സര്‍വീസിന് വിഭാവനം ചെയ്തിരിക്കുന്നത്.

വളരുന്ന കൊച്ചിയുടെ ഗതാഗത സംവിധാനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദവും ജനസൗഹാര്‍ദവും ആധുനികവുമാക്കുന്നതിന്റെ ഭാഗമായുള്ള ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗമാകും വാട്ടര്‍ മെട്രോ. സൈക്കിള്‍ മുതല്‍ വിമാനം വരെ കൊച്ചിയുടെ പൊതുഗതാഗതത്തില്‍ കണ്ണി ചേര്‍ക്കപ്പെടുന്ന  വിപുലമായ പദ്ധതിയാണിത്. ലോകത്ത് തന്നെ ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തില്‍ ജലമാര്‍ഗവും ഉള്‍പ്പെടുന്ന ചുരുക്കം നഗരങ്ങളുടെ പട്ടികയിലാണ് ഇതോടെ കൊച്ചിയും ഇടം പിടിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com