യുകെ കമ്പനിയില്‍ നിന്ന് ₹10 കോടിയുടെ വെഞ്ച്വര്‍ കാപിറ്റല്‍ സ്വന്തമാക്കി സിഇടി വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പ്

കെഎസ് യുഎമ്മിന്റെ ഐഇഡിസി പ്രോഗ്രാമിന് കീഴിലാണ് 'ലാവോസ്' സ്റ്റാര്‍ട്ടപ് സ്ഥാപിച്ചത്
Lavos startup
ലാവോസ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഉസ്മാന്‍ എ ആശാന്‍, സിഒഒ ശ്രീലാല്‍ കെ എന്നിവര്‍ യുകെയിലെ ഇഗ്‌നിവിയ ഗ്രൂപ്പ് പ്രതിനിധി നിജേഷ് പുത്തലത്തില്‍ നിന്ന് വെഞ്ച്വര്‍ കാപിറ്റല്‍ കരാര്‍ സ്വീകരിക്കുന്നു
Published on

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റേഴ്‌സ് (ഐ.ഇ.ഡി.സി) പ്രോഗ്രാമിന് കീഴില്‍ സ്ഥാപിതമായ സി.ഇ.ടി (കോളേജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം) വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പിന് ശ്രദ്ധേയമായ നേട്ടം. യുകെ ആസ്ഥാനമായുള്ള ഇഗ്‌നിവിയ ഗ്രൂപ്പില്‍ നിന്ന് 10 കോടി രൂപയുടെ വെഞ്ച്വര്‍ കാപിറ്റല്‍ ലാവോസ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സി.ഇ.ടി സ്റ്റാര്‍ട്ടപ് സ്വന്തമാക്കി.

റിയല്‍-വേള്‍ഡ് അസറ്റ് ടോക്കണൈസേഷനിലും റിയല്‍ എസ്റ്റേറ്റിലെ ഫ്രാക്ഷണല്‍ ഓണര്‍ഷിപ്പിലുമാണ് സ്റ്റാര്‍ട്ടപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയെ സ്റ്റാര്‍ട്ടപ് പ്രയോജനപ്പെടുത്തുന്നു. ആര്‍ക്കിടെക്ചറല്‍ വിദ്യാര്‍ത്ഥിയായ ഉസ്മാന്‍ എ ആശാന്‍ സ്റ്റാര്‍ട്ടപ്പിന്റെ സി.ഇ.ഒയും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദധാരിയായ ശ്രീലാല്‍ കെ സി.ഒ.ഒയുമാണ്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശ്രീലാല്‍ സ്റ്റാര്‍ട്ടപ് സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സി.ഇ.ടിയിലെയും തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെയും 15 ബി ആര്‍ക്ക് വിദ്യാര്‍ഥികളുടെ മികച്ച സംഘമാണ് ഇവര്‍ക്കുള്ളത്.

റിയല്‍ എസ്റ്റേറ്റില്‍ ചെറു നിക്ഷേപങ്ങള്‍ക്കും അവസരം

ആര്‍ക്കിടെക്റ്റുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, ക്ലയന്റുകള്‍ എന്നിവര്‍ക്കിടയില്‍ കാര്യക്ഷമമായ ഏകോപനം ഉറപ്പാക്കി വാസ്തുവിദ്യാ, നിര്‍മ്മാണ പദ്ധതികള്‍ക്കായി ലാവോസ് പ്രോജക്ട് മാനേജ്‌മെന്റ് സൊല്യൂഷനുകള്‍ നല്‍കുന്നു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ ഫ്രാക്ഷണല്‍ ഉടമസ്ഥാവകാശവും സാധ്യമാക്കുന്നു. 

ജി-20 സസ്റ്റത്തോണ്‍, ഡെവ്‌കോണ്‍ 7 തുടങ്ങിയ പ്രമുഖ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുള്ള ലാവോസ് സുസ്ഥിര കമ്മ്യൂണിറ്റി പ്രോജക്റ്റുകള്‍ക്കുള്ള അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. 80 കോടിയുടെ കൊച്ചിന്‍ ട്രേഡ് സെന്റര്‍ പ്രൊജക്ട് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. 25ലധികം ദേശീയ അന്തര്‍ദേശീയ ഹാക്കത്തണുകളില്‍ സാങ്കേതികവും ഡിസൈന്‍ മികവും പ്രദര്‍ശിപ്പിച്ചുകൊണ്ട് വിജയിക്കാന്‍ ലാവോസിനായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com