

സംസ്ഥാനത്തെ വിപണിയിൽ സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം മൂന്ന് തവണ വിപണി വിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷം ഇന്ന് (2026 മാർച്ച് 20) വ്യാപാരം പുനരാരംഭിച്ചപ്പോൾ സ്വർണത്തിന്റെ നിരക്കുകളിൽ വർധന കുറിച്ചു. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 60 രൂപ കൂടി പുതുക്കിയ വിപണി വില 13,835 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 480 രൂപ വർധിച്ച് വില 1,10,680 രൂപയിലേക്ക് എത്തിച്ചേർന്നു.
സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ വർധിച്ച് ഇന്ന് രാവിലത്തെ വിപണി വില 11,425 രൂപയായും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മൂന്ന് തവണയായി ആകെ 5,240 രൂപയുടെ ഇടിവുണ്ടായതോടെ വ്യാഴാഴ്ച വൈകീട്ട് 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ വില 1,10,200 രൂപയിലേക്ക് താഴ്ന്നിരുന്നു. ഈ മാസം സ്വർണത്തിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വിലനിലവാരമായിരുന്നു ഇത്.
കേരള വിപണിയിൽ വെള്ളിയുടെ വിലയിൽ ഇന്ന് ഇടിവ് നേരിട്ടു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 5 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ പുതുക്കിയ വിപണി വില 255 രൂപയായി. ആനുപാതികമായി 10 ഗ്രാം വെള്ളിക്ക് 2,550 രൂപയും 100 ഗ്രാം വെള്ളിയുടെ വില 25,500 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ വില 2,55,000 രൂപയായും രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ദിവസം നേരിട്ട കനത്ത തകർച്ചയാണ് ആഭ്യന്തര വിപണിയിൽ ഇന്ന് പ്രതിഫലിച്ചത്.
വെള്ളിയാഴ്ച രാവിലെ സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് 1,14,054 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരാമെന്നതും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine