സ്വർണ വിലയിൽ ഇന്ന് വൻ മുന്നേറ്റം; ഗ്രാമിന്റെ വില ആദ്യമായി 15,000 മറികടന്നു; പവന് ₹2,360 കൂടി

ജനുവരിയിൽ ഇതുവരെയായി മാത്രം ഒരു പവന്റെ വിപണി വിലയിൽ 22,080 രൂപയുടെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
kerala jewellery
gold investmrnt
Published on

സംസ്ഥാനത്തെ ആഭരണ വിപണിയിലെ സ്വർണവിലയിൽ ഇന്നും (2026 ജനുവരി 28) റെക്കോഡ് മുന്നേറ്റം. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു ​ഗ്രാം സ്വർണത്തിന്റെ വിലയിൽ ഇന്ന് 295 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന്റെ വില 15,140 രൂപയിലേക്ക് കുതിച്ചുയർന്നു. ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ ഒരു ​ഗ്രാം സ്വർണത്തിന്റെ വില 15,000 രൂപ നിലവാരം മറികടക്കുന്നത്.

ആനുപാതികമായി 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ (8 ​ഗ്രാം) സ്വർണത്തിന്റെ നിരക്കിൽ ഇന്ന് 2,360 രൂപയുടെ വർധന കുറിച്ചു. ഇതോടെ ഒരു പവന്റെ വിപണി വില 1,21,120 രൂപയിലേക്കും എത്തിച്ചേർന്നു. ഇതും സർവകാല റെക്കോഡ് ഉയർന്ന നിലവാരമാണ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 1,18,760 രൂപയിരുന്നു. ജനുവരി ഒന്നിന് രേഖപ്പെടുത്തിയ 99,040 രൂപയാണ് ഈ മാസം ഒരു പവന്റെ വിലയിൽ കുറിച്ച താഴ്ന്ന നിലവാരം. അതായത് ജനുവരിയിൽ ഇതുവരെയായി മാത്രം ഒരു പവന്റെ വിപണി വിലയിൽ 22,080 രൂപയുടെ വർധനയുണ്ടെന്ന് സാരം.

18K, 14K, 9K - സ്വർണ നിരക്കുകൾ

ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് പരിശു​ദ്ധിയുള്ള സ്വർണത്തിനും ഇന്ന് വില വർധിച്ചിട്ടുണ്ട്. ഇതിൽ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 240 രൂപ കൂടി 12,435 രൂപയും ഇതിന്റെ ഒരു പവൻ സ്വർണത്തിന് 1,920 രൂപ വർധിച്ച് 99,480 രൂപയുമായാണ് ബുധനാഴ്ചത്തെ വ്യാപാരത്തിനായി നിശ്ചയിച്ചിരിക്കുന്നത്.

സമാനമായി 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 190 രൂപ വർധിച്ച് 9,685 രൂപയും ഇതിന്റെ ഒരു പവന് 1,520 രൂപ ഉയർന്ന് 77,480 രൂപ നിലവാരത്തിലുമാണ് ഇന്നത്തെ വ്യാപാരത്തിനായി കുറിച്ചിരിക്കുന്നത്. അതുപോലെ 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 120 രൂപ കൂടി 6,245 രൂപയിലും ഇതിന്റെ ഒരു പവന് 960 രൂപ വർധിച്ച് 49,960 രൂപയും വീതമാണ് ഇന്നത്തെ വിപണി വിലയായി രേഖപ്പെടുത്തിയിരിക്കുന്നത്.

വെള്ളി നിരക്ക്

സംസ്ഥാനത്തെ വിപണിയിൽ വെളളിക്കും ഇന്ന് വില വർധന. 10 ​ഗ്രാമിന് 10 രൂപ വർധിച്ച് വെള്ളിയുടെ ഇന്നത്തെ വിപണി വില 380 രൂപയിലേക്ക് ഉയർന്നു. ആനുപാതികമായി 100 ​ഗ്രാം വെള്ളിയുടെ നിരക്ക് 3,800 രൂപയുമാണ്. കഴിഞ്ഞ ദിവസം 10 ​ഗ്രാം വെള്ളിയുടെ വില 370 രൂപ നിലവാരത്തിലായിരുന്നു രേഖപ്പെടുത്തിയത്. ആ​ഗോള വിപണിയിലെ വില വർധനവിന്റെ ചുവടുപറ്റിയാണ് ആഭ്യന്തര വിപണിയിലും വില ഉയരുന്നത്.

സ്വർണാഭരണം വാങ്ങുന്നതിന് എത്രയാകും?

22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 1,21,120 രൂപയിലേക്ക് എത്തിയതോടെ ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കിൽ പണിക്കൂലി, സ്വര്‍ണ വിലയിലും പണിക്കൂലിയിലും ഈടാക്കുന്ന മൂന്ന് ശതമാനം വീതം ജിഎസ്ടി നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം ജിഎസ്ടി നികുതി എന്നിവയെല്ലാം ചേര്‍ത്ത് 1,31,166 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവൻ സ്വർണാഭരണം ബുധനാഴ്ച കടയില്‍ നിന്നും വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകുമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com