കൊച്ചിയിലെ എയ്‌സ്മണിയെ ചെന്നൈ കമ്പനി ആര്‍.സി.എം.എസ് സ്വന്തമാക്കുന്നു

കേരളം ആസ്ഥാനമായ ധനകാര്യ സാങ്കേതിക (ഫിന്‍ടെക്) കമ്പനിയായ എയ്‌സ് വെയര്‍ ഫിന്‍ടെക് സര്‍വീസസ് ലിമിറ്റഡിന്റെ (എയ്‌സ്മണി) ഭൂരിപക്ഷ ഓഹരികള്‍ ചെന്നൈ കമ്പനിയായ റേഡിയന്റ് കാഷ്‌ മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡ് (ആര്‍.സി.എം.എസ്) സ്വന്തമാക്കുന്നു. ധാരണ പ്രകാരം എയ്‌സ്മണിയുടെ 57 ശതമാനം ഓഹരികള്‍ ആര്‍.സി.എം.എസ് സ്വന്തമാക്കും. 11.2 കോടിയുടേതാണ് ഇടപാടെന്നാണ് സൂചന

റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകള്‍, കോ-ഓപറേറ്റീവ് ബാങ്കുകള്‍, ഗ്രാമീണ മേഖലകളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ്‌ സേവനങ്ങളാണ് എയ്‌സ്മണി നല്‍കുന്നത്. എയ്‌സ്മണിയുടെ വൈദഗ്ധ്യവും ഡിജിറ്റല്‍ ശേഷിയും പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ ബാങ്കിംഗ്‌ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ് ആര്‍.സി.എം.എസ്. ചെറുപട്ടണങ്ങളിലെ ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധന പ്രയോജനപ്പെടുത്തി, കാഷ് സേവനങ്ങളും ഡിജിറ്റല്‍ ബാങ്കിംഗ്‌ സേവനങ്ങളും സംയോജിപ്പിച്ച് നൂതന ഫിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ആര്‍.സി.എം.എസ് ലക്ഷ്യം.

സ്ഥാപകര്‍ തുടരും

ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ ബാങ്കിംഗ്‌ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജിമ്മിന്‍ ജെയിംസ് കുരിച്ചിയില്‍, നിമിഷ ജെ. വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് 2020ല്‍ കൊച്ചിയില്‍ തുടക്കമിട്ട ഫിന്‍ടെക്ക് സംരംഭമാണ്‌ കൊച്ചി ആസ്ഥാനമായ എയ്‌സ്മണി. ഏറ്റെടുക്കലിനു ശേഷവും ഇരുവരും കമ്പനിയുടെ പ്രധാന ന്യൂനപക്ഷ ഓഹരി ഉടമകളായി തുടരും.

സേവനങ്ങള്‍ വിപുലീകരിക്കും

ആര്‍.സി.എം.എസിന്റെ ഭാവി വളര്‍ച്ചാ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ പങ്കാളിയാണ് എയ്‌സ്മണി എന്ന് മാനേജിംഗ്
ഡയറക്ടര്‍ കേണല്‍ ഡേവിഡ് ദേവസഹായം പറഞ്ഞു. ഡിജിറ്റല്‍ ബാങ്കിംഗ്‌ സേവനങ്ങള്‍ ഇനിയും ഉപയോഗപ്പെടുത്താത്ത ഒരു ലക്ഷത്തോളം ഗ്രാമീണ സഹകരണ സംഘങ്ങള്‍ ഇന്ത്യയിലുടനീളമുണ്ട്. സമീപ കാലത്തായി 40 കോടിയോളം പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ തുറന്നിട്ടുണ്ടെങ്കിലും വലിയൊരു ശതമാനവും ഇപ്പോഴും ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് മാറിയിട്ടില്ല. രാജ്യത്തുടനീളം ഗ്രാമീണ മേഖലകളിലുള്ള ആര്‍.സി.എം.എസ് ശൃംഖല വഴി എയ്‌സ്മണിയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ ഇവരിലെത്തിക്കുകയും വളര്‍ച്ചയുടെ പുതിയ വാതായനങ്ങള്‍ തുറക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എയ്‌സ്മണിയുടെ മൈക്രോ എ.ടി.എം, റീറ്റെയ്ല്‍ ഡിജിറ്റല്‍ പേമെന്റ് സേവനങ്ങള്‍, കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും സൊസൈറ്റികളുടേയും റീറ്റെയ്ല്‍ കാഷ് മാനേജ്‌മെന്റ്, വാലറ്റ് സര്‍വീസ് എന്നിവ കൂടുതല്‍ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കൂട്ടുകെട്ടിലൂടെ കരുത്തുറ്റ വളര്‍ച്ചയും ലാഭക്ഷമതയുമാണ് പ്രതീക്ഷിക്കുന്നതെന്ന്‌ എയ്സ്മണി സ്ഥാപകന്‍ ജിമ്മിന്‍ ജെയിംസ് കുരിച്ചിയില്‍ പറഞ്ഞു.

Related Articles

Next Story

Videos

Share it